അടിസ്ഥാന വിഭാഗങ്ങള്‍ക്ക് ഇത്രയേറെ തൊഴിലവസരങ്ങള്‍ ലഭിച്ച കാലം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല: മന്ത്രി എ കെ ബാലന്
കേരളത്തിലെ പട്ടികജാതി-പട്ടികവര്‍ഗ മേഖലയില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ട കാലമാണിതെന്ന് പട്ടിക ജാതി പട്ടിക വര്‍ഗ ക്ഷേമ, സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്. പട്ടികജാതി വികസന വകുപ്പ് കണ്ണപുരം ഗ്രാമ പഞ്ചായത്തിലെ പുഞ്ചവയല്‍ കോളനിയില്‍ നടപ്പാക്കിയ അംബേദ്കര്‍ ഗ്രാമവികസന പദ്ധതി കോളനി നിവാസികള്‍ക്കു സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തില്‍ പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന ഹോസ്റ്റലുകള്‍ മികച്ച നിലവാരത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് മികച്ച വിദ്യാഭ്യാസം, പോഷകമൂല്യമുള്ള ഭക്ഷണം, നൈപുണ്യ പരിശീലനം തുടങ്ങിയ സൗകര്യങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇഷ്ടപ്പെട്ട തൊഴിലിനനുസരിച്ച് വിദഗ്ധ പരിശീലനം നേടാനുള്ള സൗകര്യം മറ്റെവിടെയും ഇല്ല. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ഒരു വിഭാഗത്തെ വിദേശ രാജ്യങ്ങളിലടക്കം എത്തിക്കാനും ജോലി നല്‍കാനും സര്‍ക്കാരിനു സാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് വീടുകളില്‍ പഠന സൗകര്യം ലഭ്യമാകാത്തതിനാല്‍ 8600 ഓളം പട്ടികജാതി വിദ്യാര്‍ഥികള്‍ക്കു പഠനമുറികള്‍ നിര്‍മ്മിച്ചു നല്കി. ആദിവാസി മേഖലകളില്‍ 500 ഓളം കമ്മ്യൂണിറ്റി പഠന മുറികളും നല്കി. കലാകായിക രംഗത്ത് ഈ വിഭാഗങ്ങളില്‍ നിന്ന് മികച്ച പ്രതിഭകള്‍ ഉയര്‍ന്നു വരുന്നുണ്ടെന്നും അവരെയും സര്‍ക്കാര്‍ മികച്ച രീതിയില്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.
അംബേദ്കര്‍ ഗ്രാമം വികസന പരിപാടിയില്‍ ജില്ലയില്‍ ആദ്യം ഉദ്ഘാടനം ചെയ്യുന്ന പ്രവൃത്തിയാണ് പുഞ്ചവയല്‍ കോളനിയിലേത്.
എണ്‍പത്തി അഞ്ചോളം പട്ടികജാതി കുടുംബാംഗങ്ങള്‍ താമസിക്കുന്ന പുഞ്ചവയല്‍ കോളനിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു കോടി രൂപയാണ് അനുവദിച്ചത്. സാംസ്കാരിക കേന്ദ്രം, വനിത തൊഴില്‍ പരിശീലന കേന്ദ്രം, വിജ്ഞാന് വാടി വിപുലീകരണം, പുഞ്ചവയല്‍ ശ്മശാനത്തിലേക്കുള്ള നടപ്പാത, കോണ്‍ക്രീറ്റ് പാലം എന്നിവയാണ് അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ നടപ്പാക്കിയത്.
ഉദ്ഘാടന ചടങ്ങില്‍ ടി വി രാജേഷ് എം എല്‍ എ അദ്ധ്യക്ഷനായി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, കണ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ വി രാമകൃഷ്ണന്, ജില്ല പഞ്ചായത്തംഗം പി പി ഷാജര്‍, കണ്ണപുരം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷൈന, ജില്ല പട്ടികജാതി വികസന ഓഫീസര്‍ കെ കെ ഷാജു, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ നിര്‍മ്മിതികേന്ദ്രം എക്സിക്യുട്ടീവ് സെക്രട്ടറി സജിത് കെ നമ്പ്യാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
- Log in to post comments