Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

റോഡ് സുരക്ഷാ വാരാചരണം:  വിവിധ  പരിപാടികള്‍ നടത്തും
ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ദേശീയ റോഡ് ഗതാഗത ആസൂത്രണ ഗവേഷണ  കേന്ദ്ര ( നാറ്റ്പാക്)ത്തിന്റെ നേതൃത്വത്തില്‍  ജനുവരി 15,16 തീയ്യതികളില്‍ വിവിധ പരിപാടികള്‍ നടക്കും. 15 ന് രാവിലെ 9 മണിക്ക് ജില്ലയിലെ സ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തുന്ന റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസും പ്രശ്‌നോത്തരിയും മാടായി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ ടി വി രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
'റോഡ് എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം' എന്ന വിഷയത്തില്‍ ഡ്രൈവര്‍മാര്‍ക്കായി നടത്തുന്ന ഏകദിന സെമിനാര്‍ 16ന്  രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്യും. പരിപാടിയോടനുബന്ധിച്ച് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, പൊലീസ്, ദേശീയ റോഡ് ഗതാഗത ആസൂത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നടക്കും.

 

സാമൂഹ്യ സാന്ത്വന പരിചരണ ദിനാചരണവും
കുടുംബസംഗമവും ഇന്ന്

സംസ്ഥാന  ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള സാമൂഹ്യ സാന്ത്വന പരിചരണ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും കുടുംബസംഗമവും ജനുവരി 15 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ മാട്ടൂല്‍ സെന്‍ട്രല്‍ ബീച്ച് ചെഷെയര്‍ വില്ലേജില്‍ നടക്കും. പരിപാടി ടി വി  രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി വി പ്രീത അധ്യക്ഷയാകും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ് തുടങ്ങിയവര്‍ പങ്കെടുക്കും.

 

മത്സരപരീക്ഷാ പരിശീലനം; ഉദ്ഘാടനം ഇന്ന്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ജില്ലാ സൈനിക ക്ഷേമ കാര്യാലയത്തിന്റെ സഹകരണത്തോടെ ജില്ലയിലെ വിമുക്ത ഭടന്‍മാര്‍ക്കും വിധവകള്‍ക്കും ആശ്രിതര്‍ക്കുമായി സൗജന്യ മത്സര പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു.  പരിപാടിയുടെ ഉദ്ഘാടനം ജനുവരി 15 ബുധനാഴ്ച രാവിലെ 10 മണിക്ക് ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് നിര്‍വഹിക്കും.  ജില്ലാ സൈനിക ക്ഷേമ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിച്ച മുഴുവന്‍ ഉദ്യോഗാര്‍ഥികളും ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

 

ജില്ലാ ആസൂത്രണ സമിതി യോഗം ഇന്ന്
തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2019-20 വാര്‍ഷിക പദ്ധതി ഭേദഗതികള്‍ പരിഗണിക്കുന്നതിനായി ജില്ലാ ആസൂത്രണ സമിതി യോഗം ജനുവരി 15 ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

 

പട്ടികജാതി-ഗോത്ര വര്‍ഗ കമ്മീഷന്‍ അദാലത്ത്
     സംസ്ഥാന പട്ടികജാതി - ഗോത്ര വര്‍ഗ കമ്മീഷന്‍ അദാലത്ത് ജനുവരി 16 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചെയര്‍മാന്‍ ബി എസ് മാവോജി, അംഗം എസ് അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കും.  അദാലത്തില്‍ ബന്ധപ്പെട്ട പൊലീസ് ഓഫീസര്‍മാര്‍, റവന്യൂ വകുപ്പ്, പട്ടികജാതി/പട്ടികവര്‍ഗ വികസന വകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പഞ്ചായത്ത് വകുപ്പ്, ആരോഗ്യ വകുപ്പ്, ഭക്ഷ്യ പൊതു വിതരണ വകുപ്പ്, സഹകരണ വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംബന്ധിക്കും.  ഫോണ്‍: 0471 2314544, 0497 2700596.

 

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം
     1999 ജനുവരി ഒന്നു മുതല്‍ 2019 നവംബര്‍ 20 വരെയുള്ള കാലയളവില്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാത്ത വിമുക്ത ഭടന്‍മാര്‍ക്ക് ജനുവരി 31 വരെ സീനിയോറിറ്റി നഷ്ടപ്പെടാതെ പുതുക്കുന്നതിന് അവസരം.  ജനുവരി 31 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും രജിസ്‌ട്രേഷന്‍ പുതുക്കാമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

 

പ്രവേശനം ആരംഭിച്ചു
     കെല്‍ട്രോണിന്റെ കോഴിക്കോട് നോളജ് സെന്ററില്‍ ഐ ടി ഇന്റേണ്‍ഷിപ്പ് ഇന്‍ ലിനക്‌സ്, ആപെക്, മൈസ്‌ക്വള്‍ ആന്റ് പി എച്ച് പി കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.  ബി ഇ/ബി ടെക്ക് പൂര്‍ത്തിയായവര്‍ക്കും ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 8089245760.

 

ലേലം 21 ന്
    ചെറുതാഴം-കുറ്റൂര്‍-പെരിങ്ങോം റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി മുറിക്കേണ്ടിവരുന്ന വിവിധ മരങ്ങളുടെ ലേലം ജനുവരി 21 ന് രാവിലെ 11 മണിക്ക് പയ്യന്നൂര്‍ പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ നടക്കും.  ഫോണ്‍: 04985 209954.

വാഹന ലേലം
    കണ്ണൂര്‍ എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളിലുള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ മോട്ടോര്‍ സൈക്കിള്‍, ഓട്ടോറിക്ഷ, കാര്‍,  സ്‌കൂട്ടര്‍, ജീറ്റോ ഗുഡ്‌സ് ക്യാരിയര്‍, ടവേര, ടാറ്റാ മാജിക് ഐറിസ് എന്നീ വാഹനങ്ങള്‍  ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പൊടിക്കുണ്ടിലുള്ള  എക്‌സൈസ്  സര്‍ക്കിള്‍ ഓഫീസില്‍ ജനുവരി 25 ന് പകല്‍ 11 മണിക്ക് ലേലം ചെയ്യും. ഫോണ്‍: 0497 2706698.

പട്ടയ കേസ് മാറ്റി
     കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണലില്‍ ജനുവരി 15, 16, 17 തീയതികളില്‍ നടത്താനിരുന്ന പട്ടയകേസുകളുടെ വിചാരണ യഥാക്രമം ഫെബ്രുവരി 13, 14, 15 തീയതികളിലേക്ക് മാറ്റിയതായി കൂത്തുപറമ്പ് എല്‍ ആര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.  ഫോണ്‍: 0490 2365095.
 

പാഴ്ക്കടലാസ് ലേലം ഇന്ന്
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ പാഴ്ക്കടലാസ് ജനുവരി 15 ബുധനാഴ്ച രാവിലെ 11 മണിക്ക് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍: 0497 2700231.

കശുവണ്ടി ലേലം
    ജില്ലയിലെ മോറാഴ വില്ലേജില്‍ 122/1എ, 122/1എ2, 122/1ബി1, കല്ല്യാശ്ശേരി വില്ലേജില്‍ 385/1എ, 385/1ഡി, 385/1ബി എന്നീ സര്‍വെ നമ്പര്‍ പ്രകാരമുള്ളതും മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയന്‍ അധീനതയിലുള്ളതുമായ 87 ഏക്കര്‍ 83 സെന്റ് സ്ഥലത്തുള്ള കശുമാവുകളില്‍ നിന്ന് 2020 ജനുവരി മുതല്‍ ജൂണ്‍ 30 വരെ കശുവണ്ടി ശേഖരിക്കുന്നതിനുള്ള അവകാശം ജനുവരി 23 ന് 11 മണിക്ക് കെ എ പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് ലേലം ചെയ്യും.  ഫോണ്‍: 0497 2781316.

 

ലേലം ചെയ്യും
    കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത പയ്യന്നൂര്‍ താലൂക്ക് വയക്കര അംശം നരമ്പു ദേശത്ത്  0.0350 ഹെക്ര്‍ ഭൂമി ജനുവരി 30 ന് രാവിലെ 11 മണിക്ക് വയക്കര വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  ഫോണ്‍: 04985 204460.

 

പൊലീസ് പരാതി അതോറിറ്റി സിറ്റിങ്ങ് മാറ്റി
    ജനുവരി 17 ന് കലക്ടറേറ്റില്‍ നടത്താനിരുന്ന ജില്ലാ പൊലീസ് പരാതി അതോറിറ്റി സിറ്റിങ്ങ് ഫെബ്രുവരി ആറിലേക്ക് മാറ്റിയതായി സെക്രട്ടറി അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു
    കലകളില്‍ ശോഭിക്കുന്ന നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കുള്ള 2019-20 വര്‍ഷത്തെ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.  2019-20 വര്‍ഷത്തില്‍ കഥകളി, ഓട്ടന്‍തുള്ളല്‍, ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, നാടോടി നൃത്തം എന്നീ ഇനങ്ങളില്‍ മാത്രം സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിക്കുകയും ജില്ലാതലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടുകയും കുടുംബ വാര്‍ഷിക വരുമാനം 75,000 രൂപയില്‍ താഴെയുള്ളവരുമായ 10-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് അപേക്ഷിക്കാം.  അപേക്ഷ ജനുവരി 22 നകം നിശ്ചിത ഫോറത്തില്‍ കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ എത്തിക്കണം.  വരുമാന സര്‍ട്ടിഫിക്കറ്റ്, ജില്ലാതലത്തിലേക്ക് മത്സരിക്കാന്‍ യോഗ്യത നേടിയ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് അപേക്ഷയുടെ കൂടെ സമര്‍പ്പിക്കേണ്ടതാണ്.  മാതൃകാ ഫോറം www.ddekannur.in ല്‍ ലഭ്യമാണ്.  ഫോണ്‍: 0497 2705149.

 

 

date