വാഴൂരിന് ഉത്സവമായി ലൈഫ് കുടുംബസംഗമം
സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയില്‍ വീടു ലഭിച്ചവരുടെ ആഹ്ലാദം നാടിന്റെ ആഘോഷമായി മാറി. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന് കുടുംബ സംഗമമാണ് ജനപങ്കാളിത്തവും വൈവിധ്യമാര്‍ന്ന പരിപാടികളും കൊണ്ട് ശ്രദ്ധേയമായത്.
വാഴൂര്‍ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന് പരിപാടി ഉദ്ഘാടനം ചെയ്തു.
ഏറെ പ്രതിസന്ധികള്‍ക്കു നടുവിലും ഒരുപാടു പേരുടെ സ്വപ്ന സാക്ഷാത്കാരമായ ലൈഫ് മിഷന് പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ലൈഫ് മിഷന് മുഖേന വീടു ലഭിച്ച 350 കുടുംബങ്ങളാണ് കുടുംബസംഗമത്തിലും അദാലത്തിലും പങ്കെടുത്തത്. അദാലത്തില്‍ 18 വകുപ്പുകളുടെ സേവനം ലഭ്യമാക്കി.
നാടന്പാട്ടുമേളയും കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ കാര്‍ഷികോത്പന്ന പ്രദര്‍ശനവും
ശുചിത്വ മിഷന്റെ സഹകരണത്തോടെ പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് വിദ്യാര്‍ഥികള്‍ പാഴ് വസ്തുക്കള്‍ക്കൊണ്ടു നിര്‍മിച്ച അലങ്കാര സാമഗ്രികളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു.
വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബാലഗോപാലന് നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ.എന്‍. ജയരാജ് എം.എല്‍.എ ആശംസയര്‍പ്പിച്ചു.
പദ്ധതിയില്‍ ഉള്‍പ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് നിര്‍മിച്ചു നല്കിയ
ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരം വാഴൂര്‍ നേടി. ജില്ലാ കളക്ടര്‍ പി.കെ.സുധീര്‍ ബാബു പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. പുഷ്കലാദേവിയ്ക്ക് പുരസ്കാരം സമ്മാനിച്ചു.
ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അജിത് മുതിരമല, ജില്ലാ പഞ്ചായത്ത് അംഗം ശശികലാ നായര്‍, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്മിണിയമ്മ പുഴയനാട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജയാ ശ്രീധര്‍, ബി.ബിജുകുമാര്‍, ബീനാ നൗഷാദ്, ബി. പ്രദീപ്, റോസമ്മ കോയിപ്പുറം, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.എസ് ഷിനോ, ലൈഫ് മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.എന്‍. സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാര്, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments