ഗൃഹനാഥ ഉള്‍പ്പെടെ 14 വനിതകള്‍, 53 ദിവസം; ലൈഫ് വീട് ഒരുങ്ങി
വനിതകളുടെ മികവിന്‍റെ പ്രതീകമായി ഒരു ലൈഫ് വീട്. വാഴൂര്‍ ഗ്രാമപഞ്ചായത്തിലെ ചാമംപതാല്‍, പനമൂട്, പാറച്ചെരുവില്‍ സുരേന്ദ്രന്‍റെ കുടുംബത്തിനുവേണ്ടിയാണ് ലൈഫ് മിഷനില്‍ സ്ത്രീകള്‍ ചേര്‍ന്ന് വീടൊരുക്കിയത്.
ഗൃഹനാഥയായ ലളിതമ്മയും വാഴൂര്‍ ബ്ലോക്കിന്‍റെ കെട്ടിട നിര്‍മാണ പരിശീലന പദ്ധതിയുടെ ഭാഗമായി പുളിയ്ക്കല്‍ കവല, നെടുമാവ്, പനമൂട്, കറുകച്ചാല്‍ പ്രദേശങ്ങളിലെ കുടുംബശ്രീകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 13 വനിതകളും ചേര്‍ന്നായിരുന്നു നിര്‍മാണം.
വാനം എടുത്തതു മുതല്‍ ഭിത്തി നിര്‍മ്മാണം, മേല്‍ക്കൂര, കോണ്‍ക്രീറ്റിംഗ്, പ്ലാസ്റ്ററിംഗ്, പെയിന്‍റിംഗ് ജോലികള്‍ വരെ ഇവരാണ് ചെയ്തത്. 53 ദിവസം കൊണ്ട് 420 ചതുരശ്ര അടിയിലുള്ള വീട് പണി പൂര്‍ത്തിയാക്കി. കഴിഞ്ഞ 20 വര്‍ഷമായി വാടക വീടുകളില്‍ കഴിഞ്ഞിരുന്ന ലളിതമ്മയുടെ കുടുംബം സുരക്ഷിതമായ പുതിയ വീട്ടില്‍ താമസം തുടങ്ങുകയും ചെയ്തു.
വീടു പണി സ്ത്രീകളെ ഏല്‍പ്പിക്കുന്നതിന് ആദ്യം ശങ്കിച്ചെങ്കിലും നിര്‍മ്മാണത്തിന്‍റെ ആദ്യ ഘട്ടത്തില്‍തന്നെ അവരുടെ മികവു വ്യക്തമായെന്ന് സുരേന്ദ്രന്‍ പറയുന്നു. തൊഴിലാളികളുടെ കൂലിച്ചെലവ് വഹിച്ചതും ലൈഫ് മിഷനാണ്. ആദ്യത്തെ വീട് വിജയകരമായി പൂര്‍ത്തിയാക്കിയതിന്‍റെ ആഹ്ലാദത്തിലാണ് ലളിതമ്മയും കൂട്ടുകാരികളും.
ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ആലപ്പുഴയിലെ എക്സാത്ത് ഏജന്‍സി വഴിയാണ് കെട്ടിടനിര്‍മ്മാണത്തില്‍ വനിതകള്‍ക്ക് പരിശീലനം നല്‍കിയത്.
- Log in to post comments