വീട് ഇല്ലാത്തവരുടെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ ലൈഫ് മിഷനിലൂടെ സാധിക്കുന്നു: ആന്റോ ആന്റണി എം.പി
വീടില്ലാത്തവരുടെ കെട്ടുറപ്പുള്ള ഭവനം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങളിലൂടെ കഴിയുന്നതായി ആന്റോ ആന്റണി എം.പി പറഞ്ഞു. പത്തനംതിട്ട നഗരസഭയിലെ ലൈഫ്-പി.എം.എ.വൈ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും റോയല്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈഫ് മിഷന്‍ പദ്ധതിപ്രകാരം പത്തനംതിട്ട നഗരസഭയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 222-ാമത് ഭവനത്തിന്റെ താക്കോല്‍ദാനം 22-ാം വാര്‍ഡിലെ താജുദീന് നല്‍കി ആന്റോ ആന്റണി എം.പി നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ റോസ്‌ലിന്‍ സന്തോഷ് അധ്യക്ഷത വഹിച്ചു. വീണാ ജോര്‍ജ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന മിഷനുകളില്‍ ഏറ്റവും ദുഷ്‌ക്കരമായ മിഷനായ ലൈഫ് മിഷന്‍ വീടില്ലാത്ത എല്ലാവര്‍ക്കും ഭവനം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ വേണ്ട കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയാണെന്നു വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. ജില്ലയില്‍ തന്നെ 5000 ഭവനങ്ങള്‍ ലൈഫ് മിഷനിലൂടെ പൂര്‍ത്തീകരിക്കുകയാണ്. ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമത്തില്‍ വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സേവനം ഏറെ പ്രയോജനം ചെയ്യുന്നവയാണ്. സംസ്ഥാന സര്‍ക്കാര്‍ വിവിധ മിഷനുകളിലൂടെ പൊതുസമൂഹത്തില്‍ ഗുണകരമായ മാറ്റം ഉണ്ടാക്കാനുള്ള തീവ്ര പരിശ്രമത്തിലാണെന്നും വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. കുടുംബ സംഗമത്തില്‍ പങ്കെടുത്തവര്‍ക്കായി 20 സര്‍ക്കാര്‍ വകുപ്പുകളുടെ സേവനം അദാലത്തിലൂടെ ലഭ്യമാക്കി. റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും ആധാര്‍ അനുബന്ധ സേവനങ്ങളും സ്വീകരിക്കാന്‍ ഗുണഭോക്താക്കളായ നിരവധി പേരെത്തി. ആരോഗ്യ, കൃഷി, വ്യവസായം ഉള്‍പ്പെടെയുള്ള വകുപ്പുകളുടെ സേവനം ഗുണഭോക്താക്കള്‍ക്കായി ഒരുക്കിയിരുന്നു. കൃഷി വകുപ്പ് സൗജന്യ പച്ചക്കറി തൈ വിതരണം, ശുചിത്വ മിഷന്‍ തുണി സഞ്ചി, ശുചിത്വ കലണ്ടര്‍ വിതരണം എന്നിവ കുടുംബ സംഗമത്തില്‍ പങ്കെടുത്തവര്‍ക്കായി വിതരണം നടത്തി. ശുചിത്വ മിഷന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ പ്ലാസ്റ്റിക്കിനെതിരായ ബോധവല്‍ക്കരണ തെരുവുനാടകം അരങ്ങേറി. മികച്ച അംഗീകാര്‍ റിസോഴ്‌സ് പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ട നീതു വസന്തനെ നഗരസഭ വൈസ് ചെയര്‍മാന്‍ എ.സഗീര്‍ മൊമെന്റൊ നല്‍കി ആദരിച്ചു.
ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജാസിംകുട്ടി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റജീന ഷെരീഫ്, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍, വിദ്യാഭ്യാസ കലാകായിക സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശോഭാ കെ.മാത്യു, കൗണ്‍സിലര്‍മാരായ പി.കെ ജേക്കബ്, ആര്‍.ഹരീഷ്, ഷൈനി, സജിനി മോഹന്‍, വി.ആര്‍ ജോണ്‍സണ്‍, അന്‍സര്‍ മുഹമ്മദ്, വി.മുരളീധരന്‍, അംബിക വേണു, പി.വി അശോക് കുമാര്‍, ടി.ആര്‍ ശുഭ, സുശീല പുഷ്പന്‍ ,കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വിധു തുടങ്ങിയവര്‍ പ്രസംഗിച്ചു.
- Log in to post comments