Skip to main content
തദ്ദേശ ഭരണസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍പട്ടിക പുതുക്കുന്നത് സംബന്ധിച്ച് വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ്: കരട് വോട്ടര്‍ പട്ടിക 20 ന് പ്രസിദ്ധീകരിക്കും 2015 ലെ പട്ടികയില്‍ പെടാത്തവര്‍ പുതിയ അപേക്ഷ നല്‍കണം

തദ്ദേശസ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ കരട് വോട്ടര്‍ പട്ടിക ഈ മാസം 20 ന് പ്രസിദ്ധീകരിക്കും. 2015 ലെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയാകും കരട് പട്ടിക പ്രസിദ്ധീകരിക്കുക. ജനുവരി 1 ന് 18 വയസ്സ് പൂര്‍ത്തിയായവരും പേര്് ചേര്‍ക്കാന്‍ അപേക്ഷനല്‍കണം. കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ഫെബ്രുവരി 14 വരെ സമര്‍പ്പിക്കാം. ഇത് സംബന്ധിച്ച ഹിയറിങ്ങും അപ്‌ഡേഷനും ഫെബ്രുവരി 25 നകം പൂര്‍ത്തിയാക്കി 28 ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. 2015 ശേഷം ഉപതെരഞ്ഞെടുപ്പ് നടന്ന ഇടങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് ഉപയോഗിച്ച പട്ടിക കരട് പട്ടികയായി പ്രസിദ്ധീകരിക്കും. 2015 ലെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടാത്തവരെല്ലാം പുതുതായി പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കണം. www.lsgelection.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പ്രവാസി വോട്ടര്‍മാര്‍ പാസ് പോര്‍ട്ടിലെ മേല്‍വിലാസത്തില്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കേണ്ടതാണ്.
2015 ലെ പട്ടിക പ്രകാരം ആയതിനാല്‍ കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടവരും വീണ്ടും അപേക്ഷ നല്‍കേണ്ടിവരുമെന്ന് യോഗത്തില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഇവരുടെ ഹിയറിങ്ങ് വീണ്ടും നടത്തണമോ എന്ന കാര്യം കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം പിന്നീട് അറിയിക്കുമെന്നും കലക്ടര്‍ പറഞ്ഞു. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ശേഷവും കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താമെന്നും അദ്ദേഹം വ്യക്തമാക്കി. 2015 ലെ പട്ടിക ഉപയോഗിച്ച് കരട് തയ്യാറാക്കുമ്പോള്‍ വാര്‍ഡുകളില്‍ ഉള്‍പ്പടെ കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ക്കേണ്ടതും ഒഴിവാക്കപ്പെടേണ്ടതുമായ വോട്ടര്‍മാരുടെ എണ്ണം കൂടുതലാകാനാണ് സാധ്യത എന്നും ജെയിംസ് മാത്യു എംഎല്‍എ പറഞ്ഞു. ചുരുങ്ങിയ സമയപരിധിക്കുള്ളില്‍ പട്ടിക പുതുക്കല്‍ എത്രത്തോളം പ്രാവര്‍ത്തികമാകുമെന്നതിനാല്‍ ലോകസഭ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച പട്ടിക ഉപയോഗിക്കുന്നതാകും ഉചിതമെന്നും എം എല്‍ എ യോഗത്തെ അറിയിച്ചു. 2015 ലെ പട്ടിക ഉപയോഗിക്കുന്ന സാഹചര്യത്തില്‍ 2019ലെ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ഹിയറിങ്ങ് ഒഴിവാക്കാന്‍ നടപടിയുണ്ടാവണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. നിര്‍ദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്താമെന്ന് കലക്ടര്‍ അറിയിച്ചു.
ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി കെ ബാബു, ഡിഡിപി ടി ജെ അരുണ്‍ എന്നിവരും യോഗത്തില്‍ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ  ജെയിംസ് മാത്യു എംഎല്‍എ (സിപിഐഎം), രജിത്ത് നാറാത്ത് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്), അഡ്വ അബ്ദുള്‍ കരീം ചേലേരി (ഐയുഎംഎല്‍),സി പി സന്തോഷ് കുമാര്‍ (സിപിഐ), ജോണ്‍സണ്‍ പി തോമസ് (ആര്‍ എസ് പി),സി വി ഗോപിനാഥ് (സി എം പി), കെ കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍ (ബി എസ് പി), മുഹമ്മദ് ഇംത്യാസ് (വെല്‍ഫെയര്‍ പാര്‍ട്ടി), പി കെ മൂസ, മുഹമ്മദ് അസ്ലം (ഐ എന്‍ എല്‍), പി കെ വേലായുധന്‍ (ബി ജെ പി), സി ബഷീര്‍,പി ടി വി ഷംസീര്‍ (എസ് ഡി പി ഐ),എം പ്രഭാകരന്‍ (എന്‍ സി പി) എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.

date