ലൈഫ്മിഷൻ : അന്തിക്കാട് ബ്ലോക്കിൽ 436 വീടുകൾ പൂർത്തിയാക്കി
ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ അന്തിക്കാട് ബ്ലോക്ക് കുടുംബ സംഗമം മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അഞ്ച് ഗ്രാമ പഞ്ചയത്തുകളിലായി ലൈഫ് മിഷൻ ഒന്ന് രണ്ട് ഘട്ടങ്ങളിൽ 436 കുടുംബങ്ങളുടെ ഭവന നിർമ്മാണമാണ് പൂർത്തികരിച്ചത്.
അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിൽപ്പെട്ട അന്തിക്കാട്, അരിമ്പൂർ, ചാഴൂർ, മണലൂർ, താന്ന്യം ഗ്രാമ പഞ്ചായത്തുകളിലെ ഭവന നിർമ്മാണം പൂർത്തീകരിച്ച ഗുണഭോക്താക്കളും കുടുംബ സംഗമത്തിലും അദാലത്തിലും പങ്കെടുത്തു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും ലഭ്യമാക്കുന്നതിനായി 18 വകുപ്പുകളാണ് അദാലത്തിൽ പങ്കെടുത്തത്. മാങ്ങൻ വീട്ടിൽ ലീനയുടെ പേരിലുണ്ടായിരുന്ന റേഷൻ കാർഡിലെ അക്ഷരതെറ്റ് തിരുത്തി ഗീതാ ഗോപി എംഎൽഎ ഇതോടനുബന്ധിച്ചുളള അദാലത്ത് ഉദ്ഘാടനം ചെയ്തു. പെരിങ്ങോട്ടുകര ഹയർ സെക്കന്ററി സ്കൂളിൽ നടന്ന കുടുംബസംഗമത്തിൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ശ്രീദേവി അധ്യക്ഷയായി.
ജില്ലാ പഞ്ചായത്ത് മെമ്പർമാരായ സിജി മോഹൻദാസ്, ഷീല വിജയകുമാർ എന്നിവർ നിർവ്വഹണ ഉദ്യോഗസ്ഥരെ ആദരിച്ചു.
അരിമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹൻ ദാസ്, അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. ശ്രീവത്സൻ, ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി കനകരാജ്, മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ശശി, അന്തിക്കാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.കെ.പരമേശ്വരൻ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments