മന്ത്രി പി. തിലോത്തമന് പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി --- വലിയൊരു കുടുംബമായി അവര്‍ ഒത്തുചേര്‍ന്നു; വിജയത്തിന്റെ പടവുകള്‍ താണ്ടി ലൈഫ് മിഷന്
വീടെന്ന എന്ന മോഹം സഫലമായവര്‍ വലിയൊരു കുടുംബം പോലെ ഒത്തുചേര്‍ന്നു. അവരുടെ സാന്നിധ്യത്തില്‍ ലൈഫ് മിഷന് പുതിയൊരു നാഴികക്കല്ലുകൂടി പിന്നിട്ടു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടന്ന മിഷന് ജില്ലാതല സംഗമത്തില്‍ കോട്ടയം ജില്ലയിലെ 6024 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന് നിര്‍വഹിച്ചു.
ജനക്ഷേമത്തിനുവേണ്ടിയുള്ള ചരിത്ര മുന്നേറ്റമാണ് സമ്പൂര്‍ണ്ണ പാര്‍പ്പിട മിഷനായ ലൈഫിലൂടെ സാധ്യമായതെന്ന് യോഗം ഉദ്ഘാടനം ചെയ്ത മന്ത്രി പറഞ്ഞു. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് രണ്ടു ലക്ഷം വീടുകളെന്ന അഭിമാന നേട്ടത്തിലെത്തുന്നത്.
കിടപ്പാടമില്ലാത്തവരെ വീടിന്റെ സുരക്ഷിതത്വത്തിലേക്ക് കൈപിടിച്ചു നടത്താന്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും പൊതു സമൂഹവും ക്രിയാത്മകമായ ഇടപെടലാണ് നടത്തിയത്. ആദ്യ രണ്ടു ഘട്ടങ്ങളിലെ ശേഷിക്കുന്ന വീടുകളുടെ പൂര്‍ത്തീകരണത്തിനും പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ വീടും സ്ഥലവുമില്ലാത്തവര്‍ക്ക് വീടൊരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും ഇതേ ആര്‍ജ്ജവം നിലനിര്‍ത്താനാകണം.
മൂന്നാം ഘട്ടത്തിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. കോട്ടയം ജില്ലയില്‍ നാലു കേന്ദ്രങ്ങളിലാണ് ഫ്ളാറ്റുകള്‍ നിര്‍മിക്കുന്നത്. ഇത് വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകണം-മന്ത്രി നിര്‍ദേശിച്ചു.
ലൈഫ് മിഷനില്‍ വീടു ലഭിച്ചവര്‍ക്ക് തുടര്‍സേവനങ്ങളും സൗകര്യങ്ങളും ലഭ്യമാക്കാന്‍ നടപടിയുണ്ടാകണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ നിര്‍ദേശിച്ചു.
ജില്ലാ കളക്ടര്‍ പി.കെ.സുധീര്‍ ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, വൈസ് പ്രസിഡന്റ് ജെസിമോള്‍ മനോജ്, കോട്ടയം നഗരസഭ ചെയര്‍പേഴ്സണ്‍ ഡോ.പി.ആര്. സോന, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സഖറിയാസ് കുതിരവേലി, ജില്ലാ പഞ്ചായത്തംഗം അഡ്വ.സണ്ണി പാമ്പാടി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി മേരി ജോ എന്നിവര്‍ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് മാത്തച്ചന് താമരശ്ശേരി, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലിസമ്മ ബേബി, ജയേഷ് മോഹന്‍, മേരി സെബാസ്റ്റ്യന്‍, ശോഭ സലിമോന്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.എസ്. ഷിനോ, എ.ഡി.സി ജനറല്‍ ജി.അനീസ്, ലൈഫ് മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.എന്‍. സുഭാഷ്, വിവിധ ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ലൈഫ് മിഷന് നിര്‍വഹണത്തില്‍ മികവു പുലര്‍ത്തിയ തദ്ദേശഭരണ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും ചടങ്ങില്‍ അനുമോദിച്ചു.
- Log in to post comments