Skip to main content

ദേവസ്വം റിക്രൂട്ട്‌മെന്റ്‌ബോര്‍ഡ് നിയമനങ്ങള്‍ സുതാര്യം: ബോര്‍ഡ് ചെയര്‍മാന്‍

ദേവസ്വം റിക്രൂട്ട്‌മെന്റ്  ബോര്‍ഡ് നടത്തിയ നിയമനങ്ങള്‍ സുതാര്യവും നിയമാനൂസൃതവുമാണെന്ന്  ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.എം രാജഗോപാലന്‍ നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതു വരെ ശാന്തി, ആനശേവുകം  എന്നീ രണ്ട് തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റുകളാണ്  കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പ്രസിദ്ധീകരിച്ചത്. ശാന്തി തസ്തികയിലേക്ക് 140 പേരെയും ആനശേവുകം തസ്തികയിലേക്ക് 14 പേരെയും നിയമനത്തിനായി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തിലാദ്യമായാണ് സാമുദായിക സംവരണം പാലിച്ച് നിയമനം നടത്തുന്നതെന്നും അദ്ദേഹം  സൂചിപ്പിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അസിസ്റ്റന്റ് എന്‍ജിനിയര്‍ (സിവില്‍), ഓവര്‍സിയര്‍ ഗ്രേഡ് 3(സിവില്‍), എന്നീ തസ്തികകളിലേക്ക് 2017 ഫെബ്രുവരിയില്‍  വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.  അസിസ്റ്റന്റ് എന്‍ജിനിയര്‍ തസ്തികയിലേക്ക് 5000 ല്‍ പരവും ഓവര്‍സിയര്‍ തസ്തികയിലേക്ക് 7000 ല്‍ പരവും അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഈ തസ്തികകളുടെ ഒ.എം.ആര്‍ പരീക്ഷ യഥാക്രമം 2018 ഫെബ്രുവരി 25, മാര്‍ച്ച് നാല്   തീയതികളില്‍ തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളില്‍  നടത്തും. ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ 3.15 വരെയാണ് പരീക്ഷാ സമയം. പരീക്ഷാ തീയതിക്ക് 15 ദിവസം മുന്‍പ് മുതല്‍ അഡ്മിഷന്‍ ടിക്കറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡൗണ്‍ ലോഡ് ചെയ്ത് എടുക്കാം. ഇത് സംബന്ധിച്ച എസ്.എം.എസ്  ഉദ്യോഗാര്‍ത്ഥികള്‍ക്ക് യഥാസമയം മൊബൈലില്‍ ലഭിക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു. 

തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും സുതാര്യമായാണ് നടത്തുന്നത്.  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടത്തുന്ന പരീക്ഷയുടെ സിലബസ് നേരത്തെ തന്നെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.  ആവശ്യമായ രഹസ്യ സ്വഭാവം നിലനിര്‍ത്തി  സിലബസ് അധിഷ്ഠിതമായ ചോദ്യപേപ്പര്‍ മൂന്നില്‍ കൂടുതല്‍ വിഷയ വിദഗ്ധരെക്കൊണ്ട് തയ്യാറാക്കിയ ശേഷം അതിലൊന്ന് നറുക്കിട്ട് തെരഞ്ഞെടുത്ത് അച്ചടിക്കും.  പരീക്ഷ കഴിഞ്ഞാലുടന്‍ ഉത്തരസൂചിക പ്രസിദ്ധപ്പെടുത്തി ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ച ശേഷം  വിദഗ്ധ സമിതിയുടെ അഭിപ്രായ പ്രകാരം അന്തിമ ഉത്തര സൂചിക പ്രസിദ്ധികരിക്കും.  ഇതു പ്രകാരമായിരിക്കും മൂല്യ നിര്‍ണയം നടത്തി ഇന്റര്‍വ്യൂവിനുളള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്.  റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ അല്ലെങ്കില്‍ മെമ്പര്‍ അധ്യക്ഷനും വിഷയ വിദഗ്ധനും ദേവസ്വം ബോര്‍ഡ് പ്രതിനിധിയും ഉള്‍ക്കൊളളുന്ന ബോര്‍ഡായിരിക്കും ഇന്റര്‍വ്യൂ നടത്തുന്നത്.  ഇന്റര്‍വ്യൂവിന് പരമാവധി മാര്‍ക്ക് 10 ആയി നിജപ്പെടുത്തിയിട്ടുണ്ട്.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ ശാന്തി തസ്തികയിലേക്ക് അടക്കം എട്ട് ക്ഷേത്ര തസ്തികകളിലേക്കും മലബാര്‍ ദേവസ്വം ബോര്‍ഡിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗ്രേഡ് -3 തസ്തികയിലേക്കും, അടുത്ത ആഴ്ചതന്നെ വിജ്ഞാപനം പുറപ്പെടുവിക്കും.  മറ്റു ദേവസ്വം ബോര്‍ഡുകളിലെ എല്‍.ഡി ക്ലാര്‍ക്ക്/സബ് ഗ്രൂപ്പ് ഓഫീസര്‍ എല്‍.ഡി.ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ്, കഴകം, തളി, സെക്യൂരിറ്റി ഗാര്‍ഡ്, വാച്ചര്‍ തുടങ്ങിയ തസ്തികകളിലേയ്ക്കുളള ഒഴിവുകള്‍ അതത് ബോര്‍ഡുകള്‍ അറിയിക്കുന്ന മുറയ്ക്ക് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.  ബോര്‍ഡ് അംഗങ്ങളായ ജി.എസ്.ഷൈലാമണി, പി.സി. രവീന്ദ്രനാഥന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 

പി.എന്‍.എക്‌സ്.358/18

date