Skip to main content

കുഷ്ഠരോഗ നിര്‍മാര്‍ജ്ജനം: ബോധവല്കരണം ഇന്നു മുതല്‍ 

 

  കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പക്ഷാചരണത്തോടനുബന്ധിച്ച് ഇന്ന് (ജനുവരി 30) മുതല്‍ ഫെബ്രുവരി 12 വരെ ജില്ലയില്‍ വിപുലമായ ബോധവല്‍കരണം നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ ഡോ.ജേക്കബ് വര്‍ഗ്ഗീസ് അറിയിച്ചു. ഇന്ന് (ജനുവരി 30) കോട്ടയം കെ.പി.എസ് മേനോന്‍ ഹാളില്‍ ചേരുന്ന ജില്ലാതല പൊതുസമ്മേളനം രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്യും.  ജില്ലാ കളക്ടര്‍ ഡോ.ബി. എസ്. തിരുമേനി അദ്ധ്യക്ഷത വഹിക്കും. രാവിലെ 10ന് കളക്ടറേറ്റില്‍ നിന്നാരംഭിക്കുന്ന ബഹുജനറാലി ജില്ലാ പോലീസ് മേധാവി                  വി.എം. മുഹമ്മദ് റഫീഖ് ഫ്ളാഗ് ഓഫ് ചെയ്യും. റാലിയില്‍ നൂറുകണക്കിന് യുവജനങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. റാലിയോടനുബന്ധിച്ച് ബോധവല്‍ക്കരണ കലാരൂപങ്ങളുമുണ്ടാകും. ഇന്ന് ജില്ലയില്‍ അഞ്ച് പഞ്ചായത്തുകളില്‍ ബോധവല്‍കരണ കലാജാഥ നടത്തും. മുനിസിപ്പാലിറ്റികളിലും ബ്ലോക്ക്തലങ്ങളിലും സെമിനാറുകള്‍, പൊതുസമ്മേളനങ്ങള്‍ എന്നിവയും ഇതിനോടനുബന്ധിച്ച് നടത്തും. ആരോഗ്യവകുപ്പും കുടുംബശ്രീമിഷനും സംയുക്തമായാണ് 15,000 അയല്‍ക്കൂട്ടങ്ങളിലൂടെ കുഷ്ഠരോഗ ലക്ഷണങ്ങള്‍ സംബന്ധിച്ച ബോധവല്‍കരണം ശക്തമാക്കുന്നത്. രോഗലക്ഷണങ്ങള്‍ സ്വയം കണ്ടെത്താന്‍ എല്ലാ കുടുംബശ്രീ അംഗങ്ങളെയും പ്രാപ്തരാക്കുക വഴി കുടുംബത്തിലെ എല്ലാവരുടെയും കുഷ്ഠരോഗമെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങള്‍ കണ്ടെത്തി ആരോഗ്യ കേന്ദ്രങ്ങളില്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയരാക്കുന്ന പരിപാടിയാണ് നടപ്പിലാക്കുന്നത്.  

ഫെബ്രുവരി മൂന്ന്, നാല് തീയതികളില്‍ 15,000 കുടുംബശ്രീ അയല്‍കൂട്ടങ്ങളില്‍ ബോധവല്‍കരണം നടത്തും. കുഷ്ഠരോഗ ലക്ഷണങ്ങള്‍ കുടുംബാംഗങ്ങളില്‍ കണ്ടെത്താനും തിരിച്ചറിയാനുമുതകുന്ന ലഘുലേഖ ഉപയോഗിച്ചായിരിക്കും ബോധവല്‍കരണം. ഇതിലൂടെ കുടംബാംഗങ്ങളെല്ലാവരെയും സ്വന്തം വീട്ടില്‍തന്നെ പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കുകയാണ് ആദ്യപടി. സംശയമുള്ള ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അവരെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ച് വിദഗ്ദ്ധ പരിശോധന നടത്തി രോഗമുള്ളവരെ കണ്ടെത്തി എല്ലാവര്‍ക്കും ചികിത്സ ലഭ്യമാക്കു കയാണ് പരിപാടി. രോഗവ്യാപനം കുറഞ്ഞതോടെ രോഗലക്ഷണങ്ങളെക്കുറിച്ചും രോഗം പകരുന്ന രീതിയെക്കുറിച്ചും ജനങ്ങളില്‍ പ്രാഥമിക അവബോധം കുറഞ്ഞതാണ് രോഗ നിര്‍മാര്‍ജ്ജനത്തില്‍ നേരിടുന്ന പ്രധാന വെല്ലുവിളി.  ഇത് അതിജീവിക്കുകയാണ് വ്യാപക ബോധവല്‍ക്കരണത്തിലൂടെ ലക്ഷ്യമിടുന്നത്.

ഞരമ്പുകളെ ബാധിച്ച് വേദന അറിയാതെ അവയവങ്ങള്‍ അറ്റുപോകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് കുഷ്ഠരോഗം. മൈക്രോബാക്ടീരിയം ലെപ്ര എന്ന ബാക്ടീരിയയാണ് രോഗകാരി. പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്.  ചികിത്സ സൗജന്യവുമാണ്. കോട്ടയം ജില്ലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി പ്രതിവര്‍ഷം ശരാശരി 15 പേരെ വീതം പുതിയതായി കുഷ്ഠരോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 15വയസിന് താഴെയുള്ള രണ്ട് കുട്ടികളിലും രോഗം കണ്ടെത്തിയിട്ടുണ്ട്.

രോഗം ബാധിച്ചവര്‍ക്ക് ആറ്  മാസം മുതല്‍ 12 മാസംവരെയുള്ള സൗജന്യ ചികിത്സയിലൂടെ രോഗം പൂര്‍ണ്ണമായും സൗഖ്യമാക്കാനാകും. മാത്രമല്ല ആദ്യ ഡോസ് മരുന്ന് കഴിക്കുന്നതോടെ തന്നെ രോഗിയില്‍ നിന്നുള്ള രോഗപ്പകര്‍ച്ച പൂര്‍ണ്ണമായും തടയാനും കഴിയുന്നു. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പകരുന്ന രോഗമായതിനാല്‍ രോഗം ഉള്ളവരെ കണ്ടെത്തി ചികിത്സലഭ്യമാക്കി രോഗപകര്‍ച്ച     തടയുക മാത്രമാണ് രോഗ നിര്‍മ്മാര്‍ജ്ജനത്തിലേയ്ക്കുള്ള ഏകവഴി.   

date