Skip to main content
പട്ടാമ്പി എസ് എന്‍ ജി എസ് കോളേജില്‍ നടക്കുന്ന കവിത കാര്‍ണിവല്‍ ഉദ്ഘാടനം പ്രശസ്ത കവി കെ ജി ശങ്കരപ്പിള്ള നിര്‍വഹിക്കുന്നു.

ദക്ഷിണേന്ത്യന്‍ കവിതകള്‍ പ്രമേയമാക്കി പട്ടാമ്പിയില്‍ കവിത കാര്‍ണിവലിന് തിരിതെളിഞ്ഞു

ദക്ഷിണേന്ത്യന്‍ കവിതകളിലെ രാഷ്ട്രീയവും ജീവിതവും പ്രമേയമാക്കി പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളേജില്‍ മലയാള വിഭാഗം സംഘടിപ്പിക്കുന്ന കവിത കാര്‍ണിവല്‍ അഞ്ചാം പതിപ്പിന്റെ ഉദ്ഘാടനം പ്രശസ്ത കവി കെ ജി ശങ്കരപ്പിള്ള നിര്‍വഹിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെയും  കേരള സാഹിത്യ അക്കാദമിയുടെയും സഹകരണത്തോടെ മൂന്നു ദിവസങ്ങളിലായാണ് കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്. സമകാലീന സാഹചര്യങ്ങള്‍ക്ക് സമാന്തരമായി അടയാളപ്പെടുത്താന്‍ കഴിയുന്നതിനാലാണ് ദക്ഷിണേന്ത്യന്‍ കവിതകളെ കാര്‍ണിവലില്‍ മുഖ്യപ്രമേയമായി തിരഞ്ഞെടുത്തതെന്ന് സംഘാടകര്‍ അറിയിച്ചു.

കന്നട, തെലുങ്ക്, തുളു,  മലയാളം, തമിഴ്, ബ്യാരി തുടങ്ങിയ ഭാഷകളിലെ കവിതയില്‍ രണ്ടായിരത്തിനു ശേഷം സംഭവിച്ച ചലനങ്ങളെ സൂക്ഷ്മമായ വിശകലനത്തിന് വിധേയമാക്കുന്നതാണ് ഇത്തവണത്തെ കവിത കാര്‍ണിവലിന്റെ പ്രത്യേകത. ദക്ഷിണേന്ത്യന്‍ കവിതയുടെ പുതിയ സഞ്ചാരപഥങ്ങള്‍ കണ്ടെത്താനുള്ള ആദ്യ ശ്രമം കൂടിയാണ് ഇത്. ആറ് ഭാഷകളില്‍ നിന്നായി 25 ദക്ഷിണേന്ത്യന്‍ യുവകവികള്‍ കാര്‍ണിവലില്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ ഇരുന്നൂറോളം കവികളും കലാകാരന്മാരും പ്രഭാഷകരും കാവ്യ ഉത്സവത്തില്‍ പങ്കാളികളാകും. ദക്ഷിണേന്ത്യന്‍ കവിത വിവര്‍ത്തന ശില്‍പശാലകളും ഉണ്ടായിരിക്കും. ആധുനികാനന്തരതയില്‍ നിന്നും ഡിജി മോഡേണ്‍ അവസ്ഥയിലേക്കുള്ള മാറ്റം, നവമാധ്യമ കവിതയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് സെമിനാറുകള്‍ നടക്കും.

കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ കെ പി മോഹനന്‍ അധ്യക്ഷനായി. തമിഴ് കവി ചേരന്‍ മുഖ്യാതിഥിയായി. കെ സി നാരായണന്‍ നടത്തിയ ആറ്റൂര്‍ സ്മൃതി പ്രഭാഷണം, മുഖ്യാതിഥിയായ കവി ചേരനുമായുള്ള കവി സംവാദവും 'സമകാലിക തുളു കവിത' എന്ന വിഷയത്തില്‍ രാജേഷ് വെജ്ജകാലയുടെ പ്രഭാഷണം, 'മലയാളകവിതയിലെ സൂഫി പാരമ്പര്യം' എന്ന വിഷയത്തില്‍ ഇ എം ഹാഷിം, ഷാനവാസ്, സി ഹംസ എന്നിവരുടെ സൂഫി സംവാദം, 'ഇരുപത്തിയൊന്നാം നൂറ്റാണ്ട് കവിത' എന്ന വിഷയത്തില്‍ സംവാദവും സംഘടിപ്പിച്ചു.

കാര്‍ണിവലിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ ക്യാമ്പ്, കവികളുമായുള്ള കൂടിക്കാഴ്ചകള്‍, കവിത അവതരണങ്ങള്‍, ഇന്‍സ്റ്റലേഷനുകള്‍, ചിത്രപ്രദര്‍ശനം, കേരളീയ സൂഫി കാവ്യ പാരമ്പര്യത്തിലുള്ള സംഗീത രാത്രി, മറ്റു കലാരൂപങ്ങളുടെ അവതരണങ്ങള്‍, പുസ്തകചന്ത, നാടകം തുടങ്ങി പരിപാടികള്‍ ഉണ്ടായിരിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ ഡോ എം ജോതിരാജ്, ഡോ എം ആര്‍ അജിത് കുമാര്‍, വകുപ്പ് അധ്യക്ഷന്‍ ഡോ എച്ച് കെ സന്തോഷ്. പി പി രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

date