Skip to main content
കല്യാശ്ശേരി മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗം

കല്യാശ്ശേരി മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: ടി.വി രാജേഷ് എംഎല്‍എ പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗം ചേര്‍ന്നു

കല്യാശ്ശേരി മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്  ടി വി രാജേഷ് എംഎല്‍എ നിര്‍ദ്ദേശം നല്‍കി. എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗത്തിലാണ് തീരുമാനം. കിഫ്ബി റോഡുകള്‍ 10 മീറ്റര്‍ വീതിയില്‍ തന്നെ പ്രവൃത്തി നടത്തണം. 10 മീറ്റര്‍ വീതിയില്ലാത്ത സ്ഥലത്ത് സ്ഥലം ഉടമകളെ നേരില്‍ കണ്ട് സ്ഥലം ലഭ്യമാക്കണം. കുടിവെള്ള പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുന്നതില്‍ വാട്ടര്‍ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും എംഎല്‍എ നിര്‍ദ്ദേശം നല്‍കി.
കണ്ണപുരം - ഒഴക്രോം വരെ ഒന്നാം ഘട്ട പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കണം. 57.79 കോടി രൂപ ഉപയോഗിച്ച് പ്രവൃത്തി നടക്കുന്ന കുപ്പം - ചുടല- പാണപ്പുഴ റോഡിലെ പാണപ്പുഴ മുതല്‍ ഏര്യം വരെയുള്ള കള്‍വര്‍ട്ടുകളുടെ പ്രവൃത്തി ഉടന്‍ ആരംഭിക്കും. പ്രവൃത്തി നടക്കുമ്പോള്‍ വാട്ടര്‍ അതോററ്റി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം ഉണ്ടാകണമെന്ന് യോഗം നിര്‍ദ്ദേശം നല്‍കി.  മെയ് മാസത്തിനകം ടാറിംഗ് പൂര്‍ത്തിയാക്കണം. പഴയങ്ങാടി പാലം ( 2 കോടി)  ബലപ്പെടുത്തുന്ന പ്രവൃത്തി രണ്ട് മാസത്തിനകം പൂര്‍ത്തികരിക്കും. പഴയങ്ങാടി പുതിയ പാലത്തിന്റെയും (35 കോടി), മൂലക്കീല്‍ കടവ് പാലത്തിന്റെയും (25 കോടി) വിശദമായ എസ്റ്റിമേറ്റ് കിഫ്ബിയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചതായി ബ്രിഡ്ജസ് വിഭാഗം അസി. എഞ്ചിനിയര്‍ അറിയിച്ചു.
കെഎസ്ടിപി റോഡില്‍ രാമപുരത്തെ വഴിയോര വിശ്രമകേന്ദ്രത്തിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. തീരദേശ ഹൈവേയില്‍ ഉള്‍പ്പെടുത്തിയ ഓലക്കീല്‍ കടവ് പാലത്തിന്റെ ഇന്‍വെസ്റ്റിക്കേഷന്‍ പൂര്‍ത്തിയായി. കടന്നപ്പള്ളി ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ (1.14 കോടി), കുഞ്ഞിമംഗലം ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ (1.21 കോടി), മാടായി ഗേള്‍സ്ഹയര്‍ സെക്കന്ററി സ്‌കൂള്‍ ( 2.12 കോടി),  നെരുവമ്പ്രം ടെക്‌നിക്കല്‍ സ്‌കൂള്‍ വര്‍ക്ക്‌ഷോപ്പ് (2.60 ലക്ഷം),  കല്യാശേരി ഗവ  ഹയര്‍ സെക്കന്ററി സ്‌കൂള്‍ (3 കോടി), ചെറുകുന്ന് ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ (1 കോടി) കെട്ടിടങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്ന്  കെട്ടിടവിഭാഗം എഎക്‌സ്ഇ യോഗത്തെ അറിയിച്ചു.
പരിയാരം ഗവ ആയൂര്‍വേദ കോളേജ് അമ്മയും കുഞ്ഞും ആശുപത്രി (16 കോടി) കെട്ടിട നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. എച്ച് എന്‍ എല്‍ മുഖേനയുള്ള ഗൈനകോളജി ഓപ്പറേഷന്‍ തിയേറ്റര്‍ ഉള്‍പ്പടെ പ്രവൃത്തിയും 2 കോടി രൂപയുടെ ലേഡിസ് ഹോസ്റ്റല്‍ നിര്‍മ്മാണവും പുരോഗമിക്കുന്നു. മണ്ഡലത്തില്‍ കിഫ്ബി, ബഡ്ജറ്റ്, പ്ലാന്‍, നോണ്‍ പ്ലാന്‍ തുടങ്ങിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 168 കോടി രൂപയുടെ റോഡ് പ്രവൃത്തിയും, 147 കോടി രൂപയുടെ പാലങ്ങളുടെ പ്രവൃത്തിയും , 73.87 കോടി രുപയുടെ കെട്ടിടങ്ങളുടെ പ്രവൃത്തിയും ഉള്‍പ്പടെ 400 കോടി രൂപയുടെ പ്രവൃത്തികള്‍ നടന്നുവരികയാണെന്ന് യോഗം വിലയിരുത്തി. ാേഗത്തില്‍ പഞ്ചായത്തു പ്രസിഡന്റുമാരായ പി.പ്രഭാവതി (ചെറുതാഴം) കെ.വി.രാമകൃഷ്ണന്‍ (കണ്ണപുരം) അസന്‍കുഞ്ഞി മാസ്റ്റര്‍ (ചെറുകുന്ന്) ഇ പി ഓമന (കല്യാശേരി) വൈസ് പ്രസിഡന്റ് എം പവിത്രന്‍ (മാടായി), കെഎസ്ടിപി എക്‌സി. എഞ്ചിനീയര്‍ മനീഷ വിഎസ്, പൊതുമരാമത്ത്  അസി. എക്‌സി. എഞ്ചിനിയര്‍മാരായ സുനില്‍ കൊയിലേരിന്‍, ദേവേശന്‍, കെ ശശി, വാട്ടര്‍ അതോററ്റി അസി. എക്‌സി. എഞ്ചിനീര്‍മാരായ രത്‌നകുമാര്‍, സുരജ നായര്‍,  യു എസ് ഷൈല, പൊതുമരാമത്ത്  പാലം വിഭാഗം എഇ   രാഗം കെ,   കെ പത്മനാഭന്‍, ടി ടി ബാലകൃഷ്ണന്‍, പി പി പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു.

date