ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടാണ് ജനാധിപത്യത്തില്‍ നേരിടേണ്ടത് -സ്പീക്കര്‍ ജനാധിപത്യ കലാലയം സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു
ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടാണ് ജനാധിപത്യത്തില്‍ നേരിടേണ്ടതെന്നും പൗരസമൂഹം ശക്തിപ്പെടുന്നത് ജനാധിപത്യത്തിലൂടെയാണെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കേരള നിയമസഭയുടെ സെന്റര്‍ ഫോര്‍ പാര്‍ലമെന്ററി സ്റ്റഡീസ് ആന്‍ഡ് ട്രെയിനിങ്ങിന്റെയും നിയമസഭാ മ്യൂസിയം വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ പൊന്നാനി എം.ഇ.എസ് കോളജില്‍ നടന്ന 'ജനാധിപത്യ കലാലയം' പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ തെറ്റായ തീരുമാനങ്ങള്‍ വരുമ്പോള്‍ ക്യാംപസുകളില്‍ നിന്നുയരുന്ന കൊടുങ്കാറ്റ് ശക്തിപ്പെടുത്തണമെങ്കില്‍ ജനാധിപത്യത്തെക്കുറിച്ച് അറിയണം. ക്യാംപസുകളില്‍ ഉന്നതമായ ജനാധിപത്യ മൂല്യബോധമുണ്ടാകണം. ജനാധിപത്യത്തിന്റെ മൂല്യബോധം ഉയര്‍ത്തി പിടിച്ച് രാജ്യത്തിന്റെ വൈവിധ്യത്തെയും വൈരുധ്യത്തെയും ഏകോപിപ്പിക്കാനും മുന്നോട്ടു കൊണ്ടുപോകാനും വിദ്യാര്‍ഥി സമൂഹത്തിന് കഴിയണമെന്നും സ്പീക്കര്‍ പറഞ്ഞു. ക്യാംപസുകളില്‍ ജനാധിപത്യത്തെ കണ്ടറിയാനും അനുഭവിച്ചറിയലുമാണ് 'ജനാധിപത്യ കലാലയം' എന്ന പരിപാടിയുടെ ലക്ഷ്യമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ പൊന്നാനി നിയോജക മണ്ഡലത്തിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന 'മാതൃക നിയമസഭയും ഡിബേറ്റും' സംഘടിപ്പിച്ചു. നിയമസഭാ സെക്രട്ടറി എസ്.വി ഉണ്ണികൃഷ്ണന്‍ നായര്‍ 'ഭരണഘടനാ പരിചയം' എന്ന വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ക്ലാസെടുത്തു. ചടങ്ങില്‍ രാജ്യത്തെ ഏറ്റവും മികച്ച സ്പീക്കറായി തെരഞ്ഞെടുത്ത സ്പീക്കര്‍.പി.ശ്രീരാമകൃഷ്ണനെ എം.ഇ.എസ് കോളജ് ചെയര്‍മാന്‍ നജീബ് ആദരിച്ചു. പരിപാടിയോടനുബന്ധിച്ച് ഇന്നും നാളെയും (ജനുവരി 23, 24) നിയമസഭാ മ്യൂസിയം വിഭാഗത്തിന്റെ ചരിത്രപ്രദര്‍ശനവും നടക്കുന്നത്.
സംസ്ഥാനത്തെ എല്ലാ അസംബ്ലി നിയോജക മണ്ഡലകളിലും സ്പീക്കറുടെ നിര്‍ദേശ പ്രകാരം സംഘടിപ്പിക്കുന്ന 'ജനാധിപത്യ കലാലയം' പരിപാടിക്ക് തുടക്കം കുറിച്ചത് പൊന്നാനി നിയോജകമണ്ഡലത്തിലാണ്. നിയമ നിര്‍മ്മാണ സഭയുടെ പ്രവര്‍ത്തനം, ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത, ഭരണഘടനാ അവബോധം തുടങ്ങിയ വിഷയങ്ങളില്‍ കലാലയ വിദ്യാര്‍ഥികള്‍ക്കുള്ള അറിവ് വര്‍ധിപ്പിക്കുന്നതിനും പക്വതയും പ്രതിബദ്ധതയും മൂല്യബോധവുമുള്ള ഒരു യുവതലമുറയെ വാര്‍ത്തെടുക്കുന്നതിനും അവരെ ജനാധിപത്യ പ്രക്രിയയില്‍ സജീവ പങ്കാളികളാക്കുന്നതും ലക്ഷ്യമിട്ടാണ് ജനാധിപത്യ കലാലയം പരിപാടി സംഘടിപ്പിക്കുന്നത്.
ചടങ്ങില്‍ പൊന്നാനി നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ആറ്റുണ്ണി തങ്ങള്‍ എന്നിവരെ കൂടാതെ വിവിധ ജനപ്രതിനിധികള്‍, നിയമസഭാ സെക്രട്ടറി എസ്.വി ഉണ്ണികൃഷ്ണന്‍ നായര്‍, നിയമസഭാ സെക്രട്ടറിയേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ സഖറിയ പി.സാമുവല്‍, മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്മിത ജയരാജ്, എം ഇ എസ് കോളേജ് പ്രിന്‍സിപ്പല്‍ എം.എന്‍ മുഹമ്മദ് കോയ എന്നിവരും പങ്കെടുത്തു.
- Log in to post comments