നഗരകേന്ദ്രീകൃത മാലിന്യ സംസ്കരണത്തിന് ലോക ബാങ്കിന്റെ 2100 കോടി രൂപ - മന്ത്രി എ.സി മൊയ്തീന്‍
നഗര പ്രദേശത്തെ മാലിന്യ സംസ്കരണത്തിനു ലോക ബാങ്കിന്റെ 2100 കോടി രൂപ ലഭ്യമായതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍. കോഴിക്കോട് മെഡിക്കല്‍ കോളേജിൽ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നാടിന്റെ വികസന പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മാലിന്യ പ്രശ്നം. സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം 200 കോടിയിൽപരം നിർമ്മാണപ്രവർത്തനങ്ങളാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ടെണ്ടർ നടപടി പൂർത്തിയാക്കി നടപ്പിലാക്കി വരുന്നത്. മാസ്റ്റർ പ്ലാനിന്റെ ഭാഗമായി ആശുപത്രി നൽകിയ 600 കോടി രൂപയുടെ പ്രൊപ്പോസൽ കിഫ്ബി പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ വളർന്നുവരുന്ന നഗരങ്ങളിൽ ഒന്നാണ് കോഴിക്കോട്. കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ മികച്ച സേവനം നൽകുന്ന ആശുപത്രികളിൽ ഒന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ്. നിപ്പയുടെ സമയത്ത് ലോകത്തിനു തന്നെ മാതൃക സൃഷ്ടിക്കുന്ന പ്രവർത്തനമാണ് ആരോഗ്യരംഗത്ത് ജില്ല കാഴ്ചവെച്ചത്. ഖര മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കേന്ദ്രീകൃത പ്ലാന്റ്, മാലിന്യത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി കോഴിക്കോട് ഞെളിയൻ പറമ്പിൽ സ്ഥാപിക്കുകയാണ്. ഏറ്റവും ആധുനികമായ ടെക്നോളജി ഉപയോഗിച്ച് പരിസരവാസികൾക്ക് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാത്ത വിധം മാലിന്യ സംസ്കരണത്തെ കുറിച്ച് പഠിക്കാൻ കഴിയുന്ന ഒരു കേന്ദ്രമായിട്ടാണ് ഞെളിയൻപറമ്പ് വേസ്റ്റ് ടു എനർജി സ്ഥാപിക്കുന്നത്. കേരളത്തിൽ എട്ട് സ്ഥലങ്ങളിൽ ഇത്തരത്തിൽ കേന്ദ്രീകൃത പ്ലാന്റുകൾ സ്ഥാപിക്കണമെന്നാണ് സർക്കാർ തീരുമാനമെന്നും മന്ത്രി അറിയിച്ചു.
വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിന് സർക്കാർ വലിയ മുൻതൂക്കം നൽകുന്നുണ്ട്. എന്നാൽ
മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് ജനങ്ങളിൽ നിന്നും അനുകൂല സമീപനം ഉണ്ടാവുന്നില്ല. ഏറ്റവും ശാസ്ത്രീയമായ രീതിയിൽ മാലിന്യം സംസ്കരിക്കാനുള്ള പദ്ധതിയാണ് മെഡിക്കൽകോളേജിൽ തയ്യാറാക്കിയത്. ഈ സർക്കാരിന്റെ ഭരണകാലത്തു തന്നെ എട്ട് മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കുമെന്നും ഇതിനാവശ്യമായ സൂക്ഷ്മനിരീക്ഷണം സർക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ നടന്ന ചടങ്ങിൽ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എ എ. പ്രദീപ്കുമാര്‍ വിശിഷ്ടാതിഥിയായി.
കോഴിക്കോട് മുനിസിപ്പല്‍ കോര്‍പറേഷന്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മിക്കുന്നത്. ഇതിനായി 14 കോടി രൂപയാണ് നീക്കി വെച്ചിട്ടുള്ളത്. റാം ബയോളജിക്കൽസ് എന്ന സ്ഥാപനമാണ് ഡിപിആർ തയ്യാറാക്കിയിട്ടുള്ളത്.
കോഴിക്കോട് കോര്‍പ്പറേഷന്‍ സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ വി.ഡി ജലജാമണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ സ്ഥിരം സമിതി അംഗങ്ങളായ പി.സി. രാജന്‍, കെ. വി. ബാബുരാജ്, എം.സി. അനില്‍കുമാര്‍, ടി.വി. ലളിതപ്രഭ, എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വി. ആര്‍ രാജേന്ദ്രന്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ. ഷെറീന വിജയന്‍, കൗണ്‍സിലര്‍മാരായ അഡ്വ. പി. എം. സുരേഷ്ബാബു, പി. കിഷന്‍ചന്ദ്, എന്‍, പി. പത്മനാഭന്‍, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ, ആര്‍.എസ്. ഗോപകുമാര്‍, മെഡിക്കല്‍കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സുനിൽ, സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ കുര്യാക്കോസ്, ചെസ്റ്റ് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ രാജഗോപാൽ, നഴ്സിങ് കോളേജ് പ്രിൻസിപ്പൽ കെ.എ പൊന്നമ്മ തുടങ്ങിയവര്‍ സംസാരിച്ചു. കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് സ്വാഗതവും അഡീഷണല്‍ സെക്രട്ടറി പി.കെ സജീവ് നന്ദിയും പറഞ്ഞു.
മലയോര ഹൈവേ;
തലയാട് -കോടഞ്ചേരി റീച്ചില്‍ 48.75 കോടിയുടെ ഭരണാനുമതി
കൊടുവള്ളി മണ്ഡലത്തിൽ ഹൈവേ കടന്നു പോകുന്ന തലയാട് -കോടഞ്ചേരി റീച്ചില്‍ തലയാട് പടിക്കല്‍ വയലില്‍ നിന്നും ആരംഭിച്ച് ദേശീയ പാത പെരുമ്പള്ളിയില്‍ എത്തിച്ചേരുന്ന 9.99 കിലോമീറ്റര്‍ ദൂരത്തിലുള്ള മലയോര ഹൈവേ പ്രവൃത്തിക്ക് 48.75 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കാരാട്ട് റസാഖ് എം.എല്‍.എ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി നിലവിലുള്ള റോഡ് 12 മീറ്റര്‍ വീതിയില്‍ ആധുനിക രീതിയിലുള്ള ബിഎംബിസി ടാറിംഗും മികച്ച രീതിയിലുള്ള ഡ്രൈനേജ് സംവിധാനവും ഫുട്പാത്തുകള്‍ ടൈല്‍ വിരിച്ച് കൈവരിസ്ഥാപിക്കലും, പുതിയ കൾവര്‍ട്ടുകളും സ്ഥാപിക്കും. നിലവിലുള്ള റോഡ് വീതി കൂട്ടുന്നതിനു വേണ്ടി സ്ഥലം വിട്ടുതരുന്നവരുടെ ചുറ്റുമതിലുകള്‍ പൊളിച്ച് സംരക്ഷണഭിത്തി പുനര്‍നിര്‍മിക്കുന്നതിനുള്ള ഫണ്ടുകളും നല്‍കും. വീതി കൂട്ടുന്നതിനാവശ്യമായ സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതിന് അളന്ന് മാര്‍ക്ക് ചെയ്യുന്ന നടപടികള്‍ നേരത്തെ പൂര്‍ത്തിയാക്കിയതാണ്. സ്ഥലസൗകര്യത്തിനനുസരിച്ച് ബസ് ബേകളും ബസ് ഷെല്‍ട്ടറുകളും സ്ഥാപിക്കും. റോഡ് സുരക്ഷ ക്രമീകരണത്തിന്റെ ഭാഗമായി സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, തെരുവ് വിളക്കുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമാക്കും. കി ഫ്ബി മുഖേനയാണ് ഫണ്ട് യാഥാര്‍ത്ഥ്യമായത്. സാങ്കേതിക അനുമതി ലഭിക്കുന്ന മുറക്ക് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രവൃത്തി ആരംഭിക്കുമെന്നും എം.എല്‍.എ അറിയിച്ചു.
കാപ്പാട് ബീച്ച് ഫെസ്റ്റിന് തുടക്കമായി
ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തിന്റെ ദുരിതാശ്വാസനിധിയിലേക്ക് ധനശേഖരണാർഥം സംഘടിപ്പിക്കുന്ന കാപ്പാട് ബീച്ച് ഫെസ്റ്റിന് തുടക്കമായി. കെ ദാസൻ എംഎൽഎ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻ കോട്ട് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം നേഹ സക്സേന മുഖ്യാതിഥിയായി.
ഘോഷയാത്രയോടു കൂടിയാണ് പരിപാടി ആരംഭിച്ചത്. അലങ്കാര പക്ഷികളുടെ പ്രദർശനം, ഫ്ലവർഷോ, മുൻകാല കാറുകളുടെ പ്രദർശനം, അമ്യൂസ്‌മെന്റ് പാർക്ക്, വ്യാപാരമേള, ഒട്ടകസവാരി, ഭക്ഷ്യമേള, പുരാവസ്തുക്കളുടെ പ്രദർശനം, മെഡിക്കൽ എക്സ്‌പോ എന്നിവ ഫെസ്റ്റിന്റെ ഭാഗമായുണ്ട്. ഫെബ്രുവരി ഒമ്പതിന് മേള സമാപിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കൊയിലാണ്ടി നഗരസഭ ചെയർമാൻ അഡ്വ കെ സത്യൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കൂമുള്ളി കരുണാകരൻ, സി രാധ, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ വരേക്കൽ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ എൻ ഉണ്ണി സ്വാഗതവും സ്വാഗതസംഘം വൈസ് ചെയർമാൻ സത്യനാഥൻ മാടഞ്ചേരി നന്ദിയും പറഞ്ഞു.
- Log in to post comments