Skip to main content

കുന്നംകുളത്ത് കമ്യൂണിറ്റി സ്‌കിൽ പാർക്ക്; ഫെബ്രുവരിയിൽ പ്രവർത്തനം തുടങ്ങും

ഉന്നത വിദ്യാഭ്യാസ വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ (അസാപ്) സംസ്ഥാനത്തെ പത്താമത്തെ കമ്യൂണിറ്റി സ്‌കിൽ പാർക്ക് ഫെബ്രുവരിയിൽ കുന്നംകുളത്ത് ആരംഭിക്കും. വിദ്യാഭ്യാസത്തിനൊപ്പം തൊഴിൽ നൈപുണ്യത്തിനും അവസരമൊരുക്കുന്ന കമ്യൂണിറ്റി സ്‌കിൽ പാർക്കാണ് തൃശൂർ ജില്ലയിലെ കുന്നംകുളത്ത് ആരംഭിക്കുന്നത്.
എ ഡി ബി യുടെ സാമ്പത്തിക സഹായത്തോടെ കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്‌കൂൾ ഗ്രൗണ്ടിലെ 1.5 ഏക്കറിലാണ് നിർദിഷ്ട കമ്യൂണിറ്റി സ്‌കിൽ പാർക്ക് വരുന്നത്. ഇതിന്റെ നിർമ്മാണം ആരംഭിക്കുന്നതിന് മുന്നോടിയായി കുന്നംകുളത്തെ പട്ടാമ്പി റോഡിലെ ലാവിഷ് ആർക്കേഡ് കെട്ടിടത്തിൽ താൽക്കാലികമായാണ് സ്‌കിൽ പാർക്ക് ഫെബ്രുവരി മുതൽ പ്രവർത്തിക്കുക.
ഏഴ് തരം കോഴ്സുകളാണ് ഇവിടെ ആരംഭിക്കുന്നത്. ഡിപ്ലോമ ഇൻ പേഷ്യന്റ് കെയർ, ഇൻഡസ്ട്രിയൽ ഇലക്ട്രീഷ്യൻ, അലുമിനിയം ക്ലേഡിങ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് ട്രെയിനർ, മൾട്ടി ലാംഗ്വേജ് പഠനത്തിന്റെ ഭാഗമായി അറബി ഭാഷാ പഠനം, ഹീറ്റിങ് വെന്റിലേഷൻ ആന്റ് എയർ കണ്ടീഷൻ, മെക്കാനിക്കൽ ഇലക്ട്രിക്കൽ പ്ലംബിങ് എന്നിങ്ങനെയാണ് കോഴ്സ്. പഠനത്തിന് പ്രായ പരിധിയില്ലാത്തതിനാൽ പത്താം ക്ലാസ് യോഗ്യതയുള്ള ആർക്കും ചേരാം. കോഴ്സുകൾക്ക് ഫീസുണ്ട്. രണ്ടു ദിവസം മുതൽ ഒരു വർഷം വരെയുള്ള സർട്ടിഫിക്കറ്റ് കോഴ്‌സുകളാണ് നടത്തുന്നത്. പഠനശേഷം സ്വകാര്യ സ്ഥാപനങ്ങളിൽ പരിശീലനം നൽകാനും അവസരമൊരുക്കും.
കമ്യൂണിറ്റി സ്‌കിൽ പാർക്ക് ഉദ്ഘാടനത്തോടനുബന്ധിച്ച് സ്‌കിൽ മിത്ര എന്ന പേരിൽ എക്സ്പോ സംഘടിപ്പിച്ച് വിവിധ കോഴ്സുകളെ പരിചയപ്പെടുത്തും. എക്സ്പോയിൽ നിന്ന് വിവിധ കോഴ്സുകളിലേക്ക് പ്രവേശനം നേടുകയും ചെയ്യാം.
ഹെവി മെഷിനറി, ഐടി, ലാബ് ഫെസിലിറ്റി, ആക്ടിവിറ്റീസ് എന്നിങ്ങനെ നാലുതരം വിഭാഗങ്ങളാണ് സ്‌കിൽ പാർക്കിലുണ്ടാവുക. ഏതാണ്ട് 25,000 ചതുരശ്ര അടി മുതൽ 35,000 ചതുരശ്ര അടി വരെ ഇതിന് വിസ്തീർണമുണ്ടാകും. പൂർണമായും ഹരിതചട്ടം പാലിച്ച് നടത്തുന്ന സ്‌കിൽ പാർക്ക് ഭിന്നശേഷി സൗഹൃദമാണ്. വീൽ ചെയറുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളും ഇവിടെ സജ്ജമാക്കും.
ജില്ലാ കളക്ടർ, പ്രാദേശിക ജനപ്രതിനിധി, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ, വ്യാവസായിക വിദഗ്ധൻ, തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ സ്ഥാപന മേധാവി, അസാപ് മേധാവികൾ തുടങ്ങി ഏഴുപേർ അടങ്ങുന്ന ഗവേണിങ് കമ്മറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

date