സമ്മതിദായകരുടെ ദേശീയ ദിനം ആചരിച്ചു
സമ്മതിദായകരുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാതല ആഘോഷങ്ങൾ തൃശൂർ കെ കരുണാകരൻ സ്മാരക ടൗൺഹാളിൽ പ്രശസ്ത സിനിമാതാരവും ചാക്യാർകൂത്ത് കലാകാരനുമായ വിനീത് വാസുദേവൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനും യോഗ്യതയുള്ള മുഴുവൻ പൗരന്മാരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്ക് പ്രമുഖ്യം നൽകുന്നതിനുമായി ജനുവരി 25 സമ്മതിദായകരുടെ ദേശീയ ദിനമായി ആഘോഷിക്കുവാൻ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ കളക്ടർ എസ് ഷാനവാസ് അധ്യക്ഷനായി. 'തെരഞ്ഞെടുപ്പ് സാക്ഷരതയുടെ പ്രാധാന്യം' എന്ന വിഷയത്തിൽ തൃശൂർ അഡിഷ്ണൽ ജില്ലാ മജിസട്രേറ്റ് ആൻഡ് ജനറൽ ഡെപ്യൂട്ടി കളക്ടർ റെജി പി ജോസഫ് ക്ലാസ്സെടുത്തു. തുടർന്ന് ജീവനക്കാർക്കും ബൂത്ത് ലെവൽ ഉദ്യോഗസ്ഥർക്കും നടത്തിയ ചിത്രരചനാ, കവിത രചന, ഉപന്യാസ മത്സരം എന്നിവയിലെ വിജയികൾക്കും, ഹൈസ്കൂൾ, ഹയർ സെക്കന്ററി, കോളേജ് വിദ്യാർഥികൾക്കായി നടത്തിയ പ്രശ്നോത്തരി, കത്തെഴുതൽ മത്സരം എന്നിവയിലെ വിജയികൾക്കും സമ്മാനദാനം നടത്തി. വോട്ട് രേഖപ്പെടുത്തിയതിന്റെ പ്രാധാന്യം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ കത്തെഴുതൽ മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനക്കാരായ കുട്ടികൾ സംസ്ഥാന തല മത്സരത്തിനുളള യോഗ്യത നേടി. മറ്റം സെന്റ് ഫ്രാൻസിസ് ഗേൾസ് ഹൈസ്കൂളിലെ ആര്യാദേവി പി എൻ, ഇരിഞ്ഞാലക്കുട നടവരമ്പ് ജി എം എച്ച് എസ് എസിലെ കൃഷ്ണപ്രിയ ടി സി എന്നീ വിദ്യാർത്ഥിനികളാണ് യോഗ്യത നേടിയത്. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എൻ കെ കൃപ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബി സേതുരാജ്, തൃശൂർ തഹസിൽദാർ കെ മധുസൂദനൻ, ഫിനാൻസ് ഓഫീസർ അനിൽകുമാർ പി ജി തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments