Skip to main content

പദ്ധതി നിര്‍വ്വഹണം: കാലതാമസം ഒഴിവാക്കണം - ജില്ലാ വികസന സമിതി

 

    വികസന - ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ അനാവശ്യ കാലതാമസം ഒഴിവാക്കണമെന്ന് ജില്ലാ വികസന സമിതിയില്‍ എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു.  വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ കാരണം പദ്ധതികള്‍ സമയ ബന്ധിതമായി  പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ലെന്നും എം.എല്‍.എമാര്‍ പറഞ്ഞു.  റോഡ് പണി ആരംഭിക്കുന്നതിന്റെ മുമ്പ് കുടിവെള്ള പൈപ്പ്‌ലൈന്‍, ഭൂഗര്‍ഭ വൈദ്യുതി കേബിള്‍ സ്ഥാപിക്കുക, റോഡിലുള്ള വൈദ്യുതി കാലുകള്‍ മാറ്റി സ്ഥാപിക്കുക എന്നിവ ചെയ്താല്‍ പിന്നീട് പണി പൂര്‍ത്തിയായ റോഡുകള്‍ പൊളിക്കുകയോ റോഡ് പണി നിര്‍ത്തിവെക്കുകയോ ചെയ്യേണ്ട സാഹചര്യമുണ്ടാവില്ലെന്നും എം.എല്‍.എമാര്‍ പറഞ്ഞു.  സര്‍ക്കാര്‍ ആശുപത്രികള്‍ മറ്റു പൊതുജന സേവന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് നിസ്സാര സാങ്കേതികത്വത്തിന്റെ പേരില്‍ അനുമതി നല്‍കാതിരിക്കുക, വൈദ്യുതി കണക്ഷനും കെട്ടിട നമ്പറും നല്‍കാതിരിക്കുക തുടങ്ങിയ രീതികള്‍ അവസാനിപ്പിക്കണം.  ഇത്തരം പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തി ഉടന്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.

    റേഷന്‍ കാര്‍ഡിന് ഫോട്ടോ എടുക്കുന്ന സമയത്ത് നാട്ടിലില്ലാത്തവര്‍ക്ക് വീണ്ടും അവസരം നല്‍കണമെന്ന് സി. മമ്മുട്ടി എം.എല്‍.എ ആവശ്യപ്പെട്ടു. 

    ജില്ലയിലെ ഇരട്ട വീടുകള്‍ ഒറ്റ വീടാക്കുന്നതിനുള്ള നിയമ-സാങ്കേതിക തടസ്സങ്ങള്‍ നീക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ വി. അബ്ദുറഹമാന്‍ എം.എല്‍.എ നിര്‍ദ്ദേശം നല്‍കി.  ഒരു വര്‍ഷമായിട്ടും താനുര്‍ തൂക്കുപാലം നിര്‍മ്മാണം ആരംഭിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഇതിന്റെ ഫയല്‍ നീക്കം ത്വരിതഗതിയിലാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. 

 

    ജി.എച്ച്.എസ്. വാഴക്കാട്, ജി.എച്ച്.എസ്. ചുള്ളിക്കാട് സ്‌കൂളുകളുടെ നവീകരണത്തിനുള്ള ഭരണ സാങ്കേതികാനുമതികള്‍ ഉടന്‍ നല്‍കണമെന്നും കൊണ്ടോട്ടി പഴയങ്ങാടി റോഡ് വീതി കൂട്ടുന്നതിനുള്ള സ്ഥലമെടുക്കല്‍ വേഗത്തിലാക്കണമെന്നും ടി.വി. ഇബ്രാഹീം എം.എല്‍.എ ആവശ്യപ്പെട്ടു.  കൊണ്ടോട്ടി ആയുര്‍വ്വേദ ആശുപത്രിക്ക് അനുയോജ്യമായ മൂന്ന് സ്ഥലങ്ങളുടെ പ്രൊപ്പോസല്‍ ആരോഗ്യ വകുപ്പ് ഡയറക്‌ട്രേറ്റില്‍ നല്‍കിയതായും എം.എല്‍.എ പറഞ്ഞു.  വാഴക്കാട് സി.ഡി.എസ് തെരഞ്ഞെടുപ്പില്‍ നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ച റിട്ടേണിങ് ഓഫീസര്‍ക്കെതിരെ നടപടി വേണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. 

    മുള്ളമ്പാറ - കോണിക്കല്ല് റോഡ് പ്രവര്‍ത്തി പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും പി.ഡബ്ലിയു കെട്ടിട വിഭാഗത്തില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും പി. ഉബൈദുള്ള എം.എല്‍.എ ആവശ്യപ്പെട്ടു. 

         സ്‌കൂള്‍ നവീകരണത്തിന് ഒരു സ്‌കൂളിന് അഞ്ച് കോടി രൂപ വീതം 16 സ്‌കൂളുകള്‍ക്ക് കിഫിബിയില്‍ നിന്ന് അനുവദിക്കുന്ന തുകയ്ക്ക് പുറമെ കണ്ടെത്തേണ്ട അധിക തുക കൈകാര്യം ചെയ്യുന്ന അക്കൗണ്ട് സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് പി.കെ. ബഷീര്‍ എം.എല്‍.എ ആവശ്യപ്പെട്ടു.  റോഡ് സൈഡിലെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ പറഞ്ഞു. 

മലപ്പുറം പബ്ലിക് ഹെല്‍ത്ത് ലാബിലേക്കാവശ്യമായ ഉപകരണങ്ങള്‍ എത്തിയിട്ടുണ്ടെന്നും ഫെബ്രുവരി 15നകം അവശേഷിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും ഡി.എം.ഒ ഡോ. കെ. സക്കീന യോഗത്തില്‍ അറിയിച്ചു. 

    ജില്ലയില്‍ സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരിത്തിലേക്കുയര്‍ത്തുന്നത് സംബന്ധിച്ച് ജനപ്രതിനിധികളുടെ യോഗം വിളിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. 

ജില്ലാതല ഉദ്യോഗസ്ഥര്‍ നിര്‍ബന്ധം :

    ജില്ലാ വികസന സമിതിയില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ തന്നെ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ വികസന സമതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അമിത് മീണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  ഡി.ഡി.സിയില്‍ പങ്കെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ജന ജനപ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിയാത്ത സാഹചര്യത്തിലാണിത്.  ജില്ലയിലെ വികസന കാര്യങ്ങള്‍, പദ്ധതികള്‍ നടപ്പാക്കുന്നതിലെ തടസ്സങ്ങള്‍, പരിഹാര മാര്‍ഗ്ഗങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ടതാണ് ജില്ലാ വികസന സമതി.  ഇതില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക്  പകരം കീഴ് ജീവനക്കാരെ അയക്കുന്നതും ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുക്കാത്തതും ഗൗരവമായി കാണുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. 

ഒഴികഴിവ് പറയാന്‍ പാടില്ല:

    ഡി.ഡി.സിക്ക് എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇനി നോക്കിയിട്ട് പറയാം,  പരിശോധിച്ച് പറയാം എന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടി പറഞ്ഞ് രക്ഷപ്പെടാനാവില്ല.  ഫയല്‍ വ്യക്തമായി പഠിച്ച് ജനപ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കണം.  പദ്ധതി നിര്‍വ്വഹണത്തിലെ നിലവിലെ ഘട്ടം, പദ്ധതി നടപ്പിലാക്കാനാവില്ലെങ്കില്‍ അതിന്റെ കാരണങ്ങള്‍, സാങ്കേതിക തടസ്സങ്ങളുണ്ടെങ്കില്‍ അത് സംബന്ധിച്ച വിശദ വിവരങ്ങള്‍, പരിഹാര മാര്‍ഗ്ഗങ്ങള്‍ എന്നിവ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഡി.ഡി.സിയില്‍ അറിയിക്കണം.  മറ്റു വകുപ്പുകളെ പഴിചാരി രക്ഷപ്പെടാനാവില്ല.

    ജില്ലാ കലക്ടര്‍ അമിത് മീണ അധ്യക്ഷനായി.  എം.എല്‍.എ മാരായ പി. ഉബൈദുള്ള, ആബിദ് ഹുസൈന്‍ തങ്ങള്‍, ടി.വി. ഇബ്രാഹീം, സി. മമ്മുട്ടി, വി. അബ്ദുറഹിമാന്‍, പി.കെ. ബഷീര്‍,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, പ്ലാനിങ് ഓഫീസര്‍ പി. പ്രദീപ്കുമാര്‍, പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ പ്രതിനിധി സലീം കുരുവമ്പലം,  ,സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ പ്രതിനിധി  പി. വിജയന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ സി. അബ്ദുല്‍ റഷീദ്, വി. രാമചന്ദ്രന്‍, ജെ.ഒ. അരുണ്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date