Skip to main content

വിജ്ഞാനവും വികസനവുമായി സംയോജിപ്പിച്ച് വണ്‍ എം.പി  വണ്‍ ഐഡിയ: ജോസ് കെ മാണി എം.പി

 

 

വികസനത്തെ വിജ്ഞാനവും വിദ്യാഭ്യാസപരവുമായി ബന്ധിപ്പിക്കുക എന്നതാണ് വണ്‍ എം പി വണ്‍ ഐഡിയ എന്ന പരിപാടിയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ജോസ് കെ മാണി എം. പി. വണ്‍ എം.പി വണ്‍ ഐഡിയ പരിപാടിയുടെ ഭാഗമായി എം.ടി സെമിനാരി സ്‌കൂളില്‍ ജില്ലയിലെ സ്‌കൂള്‍ കോ-ഓര്‍ഡിനേറ്റര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും ഈ പരിപാടിയില്‍ ക്രിയാത്മകമായ പങ്ക് വഹിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയുടെ ലോഗോ പ്രകാശനം എംജി യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് നിര്‍വഹിച്ചു. കോളേജിയറ്റ് എഡ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മാത്യു ജോര്‍ജ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി മാത്യു എന്നിവര്‍ സംസാരിച്ചു. 

മികച്ച ആശയവും അതിന്റെ ആവിഷ്‌കാരം വ്യക്തമാക്കുന്ന വിശദമായ പ്രോജക്ടും പ്രോട്ടോടൈപ്പുമാണ് വണ്‍ എം.പി വണ്‍ ഐഡിയയില്‍ നല്‍കേണ്ടത്. വിദ്യാഭ്യാസം, ആരോഗ്യം, നൈപുണ്യം, കൃഷി, ജലസംരക്ഷണം, ശുചിത്വം, ഭവന നിര്‍മ്മാണം, അടിസ്ഥാന സൗകര്യ വികസനം, ഊര്‍ജ്ജം, പരിസ്ഥിതി, സാമൂഹ്യ സേവനം എന്നീ മേഖലകളില്‍ നടപ്പാക്കാന്‍ കഴിയുന്ന പ്രായോഗികവും നവീനവുമായ ആശയങ്ങളാണ് അയയ്‌ക്കേണ്ടത്. കോട്ടയം പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലെ വ്യക്തികള്‍, സംഘടനകള്‍, വിദ്യാലയങ്ങള്‍, ക്ലബുകള്‍, സംരംഭകര്‍, വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങി ആര്‍ക്കും ഒറ്റയ്‌ക്കോ കൂട്ടായോ പങ്കെടുക്കാം. പ്രായപരിധി ഇല്ല. ഫെബ്രുവരി 10 മുതല്‍ 25 വരെയാണ് ആശയങ്ങള്‍ സമര്‍പ്പിക്കേണ്ടത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള വിദഗ്ദ്ധ സമിതി എന്‍ട്രികളുടെ പ്രാഥമിക പരിശോധന നടത്തും. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന 10 എന്‍ട്രികളില്‍ നിന്ന് സംസ്ഥാനത്തെ പ്രഗത്ഭരുടെ പാനല്‍ വിജയികളെ തെരഞ്ഞെടുക്കും. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 2.5 ലക്ഷം രൂപയും 1.5 ലക്ഷം രൂപയും ഒരു ലക്ഷം രൂപയും വീതം ലഭിക്കും. തുടര്‍ന്നുള്ള അഞ്ച് സ്ഥാനക്കാര്‍ക്ക് പ്രശംസാ പത്രവും നല്‍കും. ജില്ലാ ഭരണകൂടത്തിന്റെയും ആസൂത്രണ വകുപ്പിന്റെയും സഹകരണത്തോടെ നടത്തുന്ന മത്സരങ്ങളുടെ വിശദാംശങ്ങള്‍ ംംം.ീിലാുീിലശറലമ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9544736992, 9074033561                                                   

                                                      (കെ.ഐ.ഒ.പി.ആര്‍-219/18)  

 

date