Skip to main content

പ്രതിരോധ കുത്തിവെയ്പിനു നേരെ മുഖം തിരിക്കരുത്

 

 

ആലുവ: പ്രതിരോധ കുത്തിവെയ്പുകള്‍ക്കു നേരെ മുഖം തിരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ക്കായി ശുപാര്‍ശ ചെയ്യുമെന്ന് കീഴ്മാട് പഞ്ചായത്ത് ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍  അഭിലാഷ് അശോകന്‍ പറഞ്ഞു. ആലുവ ജില്ലാ ആശുപത്രിയില്‍ ആരോഗ്യവകുപ്പിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും നേതൃത്വത്തില്‍ പ്രതിരോധ മരുന്നുകള്‍ പരിസര ശുചീകരണം എന്ന വിഷയത്തില്‍  സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  പ്രതിരോധകുത്തിവെയ്പിനെതിരെ കുപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും നടപടികള്‍ ആവശ്യമാണ്. പകര്‍ച്ചവ്യാധികളും മറ്റു സാംക്രമിക രോഗങ്ങളും പടരുന്ന സാഹചര്യത്തില്‍ ബോധവത്ക്കരണം വഴി പ്രതിരോധകുത്തിവെയ്പുകളുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കണം. മുതിര്‍ന്നവരെക്കാള്‍ കുട്ടികളാണ് പാരിസ്ഥിതിക പ്രശ്‌നങ്ങളെ പറ്റി ബോധവാന്മാരാകുന്നത്.  ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതിലും കുട്ടികളാണ് മുന്‍പന്തിയില്‍. അതിനാല്‍ കുട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബോധവത്കരണ പരിപാടികളിലൂടെ പുതുതലമുറയിലേക്ക് സന്ദേശമെത്തിക്കാനാവും.

വാക്‌സിനുകള്‍   കുട്ടികളില്‍ ഓട്ടിസം ഉണ്ടാക്കും എന്നത്  തെറ്റായ ധാരണയാണ്. ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കു ശേഷം നടപ്പാക്കിയവയാണ് പ്രതിരോധ കുത്തിവെയ്പുകള്‍. കുത്തിവെയ്പിനെതിരെ ചില വിദ്യാലയങ്ങള്‍ സ്വീകരിക്കുന്ന നിലപാടും എതിര്‍ക്കപ്പെടണം. മാതാപിതാക്കളുടെ സംശയ നിവാരണത്തില്‍ അദ്ധ്യാപകരുടെ പങ്ക് നിര്‍ണായകമാണ്. മാതൃകയാകേണ്ട അധ്യാപകര്‍ തന്നെ പ്രതിരോധ കുത്തിവെപ്പിനോട് മുഖം തിരിക്കുന്നത് അപലപനീയമാണ്. ഇത്തരത്തിലുള്ള സ്‌കൂളുകളില്‍ കൂടുതല്‍ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ പ്രസന്നകുമാരി പറഞ്ഞു. 

ആലുവ നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റിയിലെയും എയ്ഡഡ്, ഗവണ്‍മെന്റ് സ്‌കൂളുകളിലെ നോഡല്‍ ടീച്ചര്‍മാരും പഞ്ചായത്തുകളില്‍ നിന്നുള്ള ആശാ പ്രവര്‍ത്തകരും സിഡിഎസ് പ്രതിനിധികളും ഐ സി ഡി എസ് സൂപ്പര്‍വൈസര്‍മാരും  വിദ്യാഭ്യാസം ആരോഗ്യം സ്ഥിരംസമിതി ചെയര്‍മാന്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ബോധവത്ക്കരണ പരിപാടിയില്‍ പങ്കെടുത്തു. ചടങ്ങില്‍ ഡോ. അനില്‍ കുമാര്‍, എടത്തല ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിനില റഷീദ്, ജില്ലാ ആശുപത്രി ജെ എച്ച് ഐ  എം. ഐ സിറാജ്, പി ആര്‍ ഒ ബിബി തുടങ്ങിയവര്‍ പങ്കെടുത്തു.

 

കോതമംഗലം നിയോജകമണ്ഡലത്തിലെ പല്ലാരിമംഗലം പഞ്ചായത്തിലും  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും പല്ലാരിമംഗലം പഞ്ചായത്ത് അധികൃതരും   ചേര്‍ന്ന് പ്രതിരോധ മരുന്നുകള്‍, പരിസര ശുചീകരണം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. പോത്താനിക്കാട്  പ്രാഥമിക ആരോഗ്യ കേന്ദ്രം ഡോക്ടര്‍ സുജേഷ് മേനോന്‍ ക്‌ളാസുകള്‍ നയിച്ചു. 

 

പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മൊയ്തു പി. കെ അധ്യക്ഷനായ പരിപാടിയില്‍ വൈസ് പ്രസിഡന്റ് നിസാമോള്‍ സിദ്ദിഖ്, ക്ഷേമകാര്യ  സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ആമിന ഹസന്‍കുഞ്ഞ്, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം. സിദ്ദിഖ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷംസുദ്ദീന്‍ മക്കാര്‍, മറ്റു മെമ്പര്‍മാരായ ഷാജിമോള്‍, മുബീന ആലിക്കുട്ടി, പാത്തുമ്മ അബ്ദുള്‍ സലാം, രമണന്‍ എ.എ, അമീന്‍ ടി. എം, മുഹമ്മദ് എ.പി, ഷമീന അലിയാര്‍, നിസാമോള്‍ ഇസ്മായില്‍  എന്നിവര്‍ പങ്കെടുത്തു

date