Skip to main content

അറിവ് പകര്‍ന്ന്  ജന്‍ വിജ്ഞാന്‍ വികാസ് യാത്രാ പര്യടനം പൂര്‍ത്തിയായി

    തദ്ദേശഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍  ഏജന്‍സികളുടെ പങ്കാളിത്തത്തോടെ പി.എന്‍. പണിക്കര്‍  ഫൗണ്ടേഷന്‍ നയിക്കുന്ന 14-ാമത് എക്കോ ഡിജിറ്റല്‍ ജന്‍ വിജ്ഞാന്‍ വികാസ് യാത്രയുടെ ജില്ലയിലെ രണ്ടു ദിവസത്തെ  പര്യടനം പൂര്‍ത്തിയാക്കി. കോഴഞ്ചേരി, ഇരവിപേരൂര്‍,  പുറമറ്റം, എഴുമറ്റൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി കുന്നന്താനത്ത് ജില്ലയിലെ പര്യടനം സമാപിച്ചു. രണ്ടാം ദിനത്തിലെ പര്യടനം ഇന്നലെ കോഴഞ്ചേരിയില്‍ ജില്ലാ പഞ്ചായത്ത്  വൈസ്  പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍ അധ്യക്ഷത  വഹിച്ചു. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍. ബാലഗോപാല്‍, പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം കുഞ്ഞന്നാമ്മ കുഞ്ഞ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി. സത്യന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജെറി മാത്യൂസ് സാം, ബിജിലി പി. ഈശോ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ക്രിസ്റ്റഫര്‍ ദാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലത ചെറിയാന്‍, മോളി ജോസഫ്, ഹെഡ്മിസ്ട്രസ് ജി. രമണി, പിഎന്‍ പണിക്കര്‍  ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി സി.കെ. നസീര്‍, ജില്ലാ കമ്മിറ്റിയംഗം എസ്. മീരാ സാഹിബ്, ജോണ്‍ മാത്യൂസ് തുടങ്ങിയവര്‍ പങ്കെടുത്തു. 
ജനുവരി 26ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത യാത്ര സംസ്ഥാനത്തെ 14 ജില്ലകളിലെ 140 ഗ്രാമപഞ്ചായത്തുകളില്‍  ബോധവത്കരണ പരിപാടികള്‍  നടത്തി മാര്‍ച്ച് ഒന്നിന് കാസര്‍ഗോഡ് സമാപിക്കും. സമാപന സമ്മേളനം തദ്ദേശ ഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും.  ഗ്രാമസഭയുടെ മഹത്വം ജനങ്ങള്‍ക്കു  പകര്‍ന്നു നല്‍കുക, പങ്കാളിത്ത ജനാധിപത്യം ശക്തിപ്പെടുത്തുക, പുതിയ അറിവുകള്‍ പകരുക, വികസന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളെ പങ്കാളികളാക്കുക, ഗുണമേന്മയുള്ള ജീവിത നിലവാരം സൃഷ്ടിക്കുന്നതിന് വഴിയൊരുക്കുക, പൂര്‍ണവും സര്‍വതല സ്പര്‍ശിയുമായ വികസനം സാക്ഷാത്കരിക്കുക തുടങ്ങിയതാണ് യാത്രയുടെ ലക്ഷ്യം. യാത്രാ സ്വീകരണ യോഗങ്ങളില്‍ നല്ല പോസ്റ്റ്മാന്‍, നല്ല പാല്‍ വിതരണക്കാരന്‍, നല്ല ചുമട്ടു തൊഴിലാളി, നല്ല പോലീസുകാരന്‍, നല്ല ഓട്ടോറിക്ഷാ ഡ്രൈവര്‍, നല്ല ഗ്രാമസേവകന്‍, നല്ല ആരോഗ്യ പ്രവര്‍ത്തകന്‍, നല്ല വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, നല്ല ജൈവ കര്‍ഷകന്‍ തുടങ്ങിയവരെ ആദരിച്ചു.                                         

date