Skip to main content

ജില്ലയില്‍ ജന്‍ വിജ്ഞാന്‍ വികാസ് യാത്ര  9, 10,11 തീയതികളില്‍

 

കൊച്ചി: തദ്ദേശസ്വയംഭരണവകുപ്പിന്റെ നേതൃത്വത്തില്‍ പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ നയിക്കുന്ന എക്കോ ഡിജിറ്റല്‍  ജന്‍ വിജ്ഞാന്‍ വികാസ് യാത്രയ്ക്ക് ഫെബ്രുവരി 9ന് ജില്ലയില്‍ തുടക്കമാകും. ഒമ്പത്, 10,11 തീയതികളില്‍ പത്ത് പഞ്ചായത്തുകളിലായാണ് യാത്ര സംഘടിപ്പിക്കുന്നത്. ഒമ്പതിന് മാറാടി പഞ്ചായത്തില്‍ പ്രവേശിക്കുന്ന ജന്‍ വിജ്ഞാന്‍ യാത്ര പായിപ്ര, നെല്ലിക്കുഴി, ഒക്കല്‍ എന്നിവിടങ്ങളിലും 10ന് വാഴക്കുളം, ചൂര്‍ണിക്കര, ചെങ്ങമനാട്, കുന്നുകര എന്നിവിടങ്ങളിലും 11ന് നെടുമ്പാശ്ശേരിയിലും കറുകുറ്റിയിലും പര്യടനം നടത്തും. ഓരോ പഞ്ചായത്തിലും പരമാവധി രണ്ടു മണിക്കൂര്‍ നീണ്ടു നില്ക്കുന്ന സ്വീകരണയോഗങ്ങളാണുണ്ടാവുക. പഞ്ചായത്തുകളില്‍ ക്വിസ് മത്സരം, കുട്ടികള്‍ക്കുള്ള ചിത്രരചനാമത്സരം, പ്രസംഗമത്സരം, മെഡിക്കല്‍ ക്യാമ്പുകള്‍, നാടന്‍ കലാരൂപങ്ങള്‍ എന്നിവ സംഘടിപ്പിക്കും. പഞ്ചായത്ത് തല സ്വീകരണയോഗങ്ങളില്‍ ഗ്രാമത്തിലെ നല്ല പോസ്റ്റ്മാന്‍, ആരോഗ്യപ്രവര്‍ത്തകന്‍, വിദ്യാഭ്യാസപ്രവര്‍ത്തകന്‍, ഗ്രാമസേവകന്‍ തുടങ്ങിയവരെ ആദരിക്കും. 

 

യാത്രയുമായി ബന്ധപ്പെട്ട് ജില്ലാ തല സംഘാടക സമിതി രൂപീകരിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രക്ഷാധികാരിയായ കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ ജില്ലാ കളക്ടറാണ്. ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടിഡയറക്ടര്‍ ജനറല്‍ കണ്‍വീനറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറും പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി കോ ഓഡിനേറ്ററുമാണ്. 

 

പങ്കാളിത്ത ജനാധിപത്യം ശക്തിപ്പെടുത്തി, വികസനപ്രവര്‍ത്തനങ്ങളില്‍ ജനങ്ങളെ പങ്കാളികളാക്കി, സര്‍വതലസ്പര്‍ശിയായ വികസനം സാധ്യമാക്കുകയാണ് യാത്രയുടെ ലക്ഷ്യം. ഡിജിറ്റല്‍ സാക്ഷരത പൂര്‍ണമാക്കുകയും ഹരിതജോലികളിലൂടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കി  അറിവുളള കേരളം സൃഷ്ടിക്കാനുള്ള കര്‍മപദ്ധതികള്‍ യാത്രയില്‍ പരിചയപ്പെടുത്തുന്നു. അറിവിലൂടെ സമ്പന്നനാകൂ- ശാസ്ത്രത്തിലൂന്നി ശക്തനാകൂ എന്നതാണ് യാത്രയുടെ മുദ്രാവാക്യം. ജനമൈത്രീ പോലീസിന്റെ തെരുവുനാടകം, കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിന്റെ ശാസ്ത്രനേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിസ്മയ വണ്ടി, കുടുംബശ്രീ പദ്ധതിയുടെ വിജയഗാഥകള്‍, പ്രകൃതിയും ആഹാരവും, പാരമ്പര്യേതര ഊര്‍ജം എന്നീ നിശ്ചല ദൃശ്യങ്ങള്‍ യാത്രയിലുള്‍പ്പെടുന്നു. 

date