Skip to main content

ദേശീയ വിരവിമുക്തദിനം ഫെബ്രുവരി 8ന് : ജില്ലയില്‍ 7,33,579 കുട്ടികള്‍ക്ക് വിരയ്‌ക്കെതിരെ ഗുളിക നല്‍കും

 

ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ  ഭാഗമായി ജില്ലയിലെ ഒരു വയസിനും 19 വയസിനും ഇടയില്‍ പ്രായമുള്ള 7,33,579  കുട്ടികള്‍ക്ക്  ഫെബ്രുവരി 8 ന് വിരയ്‌ക്കെതിരെയുള്ള ഗുളിക നല്കും. അങ്കണവാടികള്‍, പ്ലേസ്‌കൂളുകള്‍, സര്‍ക്കാര്‍ , എയിഡഡ്, അണ്‍ എയിഡഡ്, സി ബി എസ് ഇ,  ഐ സിഎസ്ഇ സ്‌കൂളുകള്‍, കേന്ദ്രീയവിദ്യാലയങ്ങള്‍, കോളേജുകള്‍, എന്നിവിടങ്ങളിലാണ് ഗുളിക വിതരണം ചെയ്യുക.  വിദ്യാഭ്യാസവകുപ്പ്, സാമൂഹ്യനീതിവകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ആരോഗ്യവകുപ്പും ദേശീയ ആരോഗ്യദൗത്യവും ചേര്‍ന്നാനണ് ദേശീയ വിരവിമുക്ത ദിനം സംഘടിപ്പിക്കുന്നത്. 'വിരവിമുക്ത കുട്ടികള്‍, ആരോഗ്യമുള്ള കുട്ടികള്‍, എന്നതാണ് ദിനാചരണസന്ദേശം.

ലോകത്ത് ആറിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള 12.4 കോടി കുട്ടികളില്‍ വിര ബാധയുള്ളതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ എകദേശം 14 ശതമാനവും ഇന്ത്യയിലുള്ള കുട്ടികളാണ്. വിരകള്‍ കുട്ടികളുടെ വന്‍കുടലില്‍ വളരുകയും, കുട്ടികള്‍ക്ക് ആഹാരത്തില്‍ നിന്നും ലഭിക്കേണ്ടതായ പോഷകഘടങ്ങളുടെ നല്ലൊരു പങ്ക് അപഹരിക്കുകയും ചെയ്യുന്നു. അതിനാല്‍, വിരശല്യം ബാധിച്ച കുട്ടികളില്‍ വിളര്‍ച്ച, പോഷകാഹാരക്കുറവ് , പഠനത്തില്‍ ഏകാഗ്രതയില്ലായ്മ  തുടങ്ങി വിവിധ പ്രശ്‌നങ്ങള്‍ കണ്ടുവരുന്നു. കുട്ടികളിലെ മാനസികവും ശാരീരികവുമായ വളര്‍ച്ച  മുരടിക്കുന്നതിനും പഠനകാര്യങ്ങളില്‍ താത്പര്യക്കുറവുണ്ടാകുന്നതിനും ഇത് കാരണമായി തീരാറുണ്ട്. 6 മാസം ഇടവിട്ട് ആല്‍ബെന്‍ഡസോള്‍ ഗുളികകള്‍ കഴിക്കുന്നതിലൂടെ കുട്ടികളിലെ വിരശല്യം പൂര്‍ണ്ണമായി തടയുവാന്‍ സാധിക്കും. 

ഒരു വയസിനും രണ്ട് വയസിനും മധ്യേ പ്രായമുള്ള കുട്ടികള്‍ക്ക്  പകുതി ഗുളിക (200 ാഴ) ഒരു ടേബിള്‍ സ്പൂണ്‍ തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ അലിയിച്ചാണ് നല്‌കേണ്ടത്. 2 വയസ് മുതല്‍ 19 വയസുവരെയുള്ള കുട്ടികള്‍ ഒരു ഗുളിക (400 ാഴ) ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തോടൊപ്പം ചവച്ചരച്ചാണ് കഴിക്കേണ്ടത്. സ്‌കൂളുകളിലും അങ്കണവാടികളിലും പോകാത്ത ഒന്നിനും പത്തൊമ്പതിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക്  ആശ പ്രവര്ത്തപകരുടെ സഹകരണത്തോടെ അടുത്തുള്ള അങ്കണവാടിയില്‍ നിന്നും ഗുളികകള്‍ നല്കും. ഫെബ്രുവരി 8ന് ഗുളിക കഴിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ ഫെബ്രുവരി 15 ന് നടക്കുന്ന സമ്പൂര്‍ണ്ണ വിരവിമുക്തദിനത്തില്‍ ഗുളിക കഴിക്കണം.

date