സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആധുനിക ടെക്നോളജി പരിശീലനവുമായി സര്‍ക്കാര്‍
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആധുനിക ടെക്നോളജി പരിചയപ്പെടുത്തുന്നതിനും പരിശീലനം നല്‍കുന്നതിനും വേണ്ടി കേരള സ്റ്റാര്‍ട്ട് അപ് മിഷന് നടപ്പിലാക്കുന്ന ഫ്യുച്ചര്‍ സ്പാര്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഈ മാസം എട്ടിന് നടക്കും. സംസ്ഥാനത്തെ സ്കൂളുകളിലെ തിരഞ്ഞെടുക്കപ്പെടുന്ന എട്ട്, ഒന്‍പത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഫ്യുച്ചര്‍ ലാബ് വിദഗ്ധര്‍ സ്കൂളുകളിലെത്തി പരിശീലനം നല്‍കും. ആദ്യ ഘട്ടത്തില്‍ ഒരു സ്കൂളില്‍ നിന്നും പത്തു വിദ്യാര്‍ത്ഥികളെയാണ് തിരഞ്ഞെടുക്കുക. വിദ്യാര്‍ത്ഥികളുടെ ശാസ്ത്ര മേളയിലും മറ്റു അനുബന്ധ മേളകളിലുമുള്ള പങ്കാളിത്തം അടിസ്ഥാനമാക്കി പ്രധാന അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കാം. തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫ്യുച്ചര്‍ സ്പാര്ക് കിറ്റും പരിശീലന സഹായവും ലഭിക്കും.
പരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരളം സ്റ്റാര്‍ട്ടപ് മിഷന്റെ ഫാബ് ലാബുകളില്‍ അത്യാധുനിക മെഷീനുകള്‍ ഉപയോഗിക്കാനുള്ള പരിശീലനവും നല്‍കും. ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ റോബോട്ട് മേക്കറായ സാരംഗ് സുമേഷ് വിദ്യാര്‍ത്ഥികളുമായി സംവദിക്കും.പ്രശസ്ത പരിശീലകനും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ ഇന്നൊവേഷന് ലാബ് ഹെഡുമായ റോബിന് ടോമി ക്ലാസ് കൈകാര്യം ചെയ്യും. അന്നുതന്നെ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ആദ്യ ഘട്ട പ്രായോഗിക പരിശീലനവും ഉണ്ടാകും.
പങ്കെടുക്കാന്‍ താല്പര്യമുള്ള സ്കൂളുകള്‍, വിദ്യാര്‍ത്ഥികള്‍ 9567370286 / 7736495689 എന്ന നമ്പറിലോ ്മൃൗി@േെമൃൗേുാശശൈീി.ശി എന്ന ഇ മെയില്‍ വിലാസത്തിലോ ഈ മാസം ആറിന് മുമ്പായി ബന്ധപെടുക. ശാസ്ത്രമേളയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊജക്റ്റ് പ്രദര്‍ശിപ്പിക്കാനുള്ള അവസരവും ഉണ്ടായിരിക്കും. ംംം.േെമൃൗേുാശശൈീി.സലൃമഹമ.ഴീ്.ശി/ളൗൗേൃലുെമൃസ എന്ന വിലാസത്തില്‍ ഓണ്‍ലൈന്‍ ആയും രജിസ്റ്റര്‍ ചെയ്യാം.
- Log in to post comments