Skip to main content

ആര്യാട് ബ്ലോക്കിലെ 'മയില്‍പ്പീലിക്കൂട്ടം' ഷോര്‍ട്ട് ഫിലിമൊരുക്കുന്നു

ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ കുട്ടികളുടെ കലാ വൈഭവത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന മയില്‍പ്പീലിക്കൂട്ടം പദ്ധതിയിലെ കുട്ടികള്‍ ചേര്‍ന്ന് ഷോര്‍ട്ട് ഫിലിം ഒരുക്കുന്നു. രചനയും സംവിധാനവും ക്യാമറയും കലാസംവിധാനവും അഭിനയവുമെല്ലാം കുട്ടികള്‍ തന്നെയാണ്. 'തിളക്കം' എന്ന പേരിലാണ് ഷോട്ട് ഫിലിം അണിയിച്ചൊരുക്കുന്നത്.
'റെഡി...സ്റ്റാര്‍ട്ട് ക്യാമറാ... ആക്ഷന്‍....' സംവിധായിക കലവൂര്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ്സുകാരി സുഹാന ഉച്ചത്തില്‍ വിളിച്ചു പറഞ്ഞതോടെ ഷോര്‍ട്ട് ഫിലിമിന്റെ ചിത്രീകരണത്തിന് തുടക്കമായി . ലൂഥറന്‍ ഹൈസ്‌കൂളിലെ ആനന്ദ്മധു ക്യാമറ ചലിപ്പിച്ചു. അഭിഷേക് മധു കലാസംവിധാനം ഒരുക്കി. കലവൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി അനുപമ മോഹന്റെ കഥയിലും തിരക്കഥയിലും രൂപപ്പെട്ട കഥാപാത്രങ്ങളെ അഭിനേതാക്കളായ കുട്ടികള്‍ മികവുറ്റ രീതിയില്‍ അവതരിപ്പിച്ചു.
2016ലാണ് ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കുട്ടികളുടെ സര്‍ഗ്ഗശേഷി ഉയര്‍ത്തുന്നതിനായി മയില്‍പ്പീലിക്കൂട്ടം എന്ന പദ്ധതിക്ക് രൂപം നല്‍കിയത്. ബ്ലോക്ക് പരിധിയിലുള്ള 13 യു.പി. സ്‌കൂളുകളിൽ സ്‌ക്രീനിംഗ് ക്യാമ്പ് നടത്തി അഭിനയം, ചിത്രരചന, സാഹിത്യം എന്നീ മേഖലകളില്‍ മികവ് പുലര്‍ത്തുന്ന കുട്ടികളെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്‍കി.
പൂങ്കാവ് എസ്.സി.എം.വി. യു.പി സ്‌കൂളിലും പൂങ്കാവ് പള്ളിമുറ്റത്തുമായാണ് സിനിമയുടെ ചിത്രീകരണം. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീന സനല്‍ കുമാര്‍ കലാ ദീപം തെളിച്ച് ഷോട്ട് ഫിലിം ചിത്രീകരണത്തിന് തുടക്കം കുറിച്ചു. ആദ്യ ഷോട്ടിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ. കെ.ടി. മാത്യു നിര്‍വ്വഹിച്ചു. എന്‍.പി. സ്‌നേഹജന്‍, ജയന്‍ തോമസ്, ലീലാമ്മ ജേക്കബ്, റ്റി. ശ്രീഹരി, കെ. ശ്രീദേവി എന്നിവര്‍ പങ്കെടുത്തു. ബ്ലോക്ക് പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ അതിഥി താരങ്ങളായി ക്യാമറയ്ക്ക് മുന്നിലെത്തി.
നാടക പ്രവര്‍ത്തകനും സംവിധായകനുമായ മനോജ് ആര്‍. ചന്ദ്രന്‍, തിരക്കഥാകൃത്ത് ആര്‍. ചന്ദ്രലാല്‍, കഥാകൃത്തും ഷോട്ട് ഫിലിം സംവിധായകനുമായ ദീപു കാട്ടൂര്‍, കലാസംവിധായന്‍ ബിബിന്‍ ബേബി, ക്യാമറമാന്‍ മധു, നാടകപ്രവര്‍ത്തകരായ വിനോദ് അചുംബിത, ബൈജു ഹരിതചന്ദന, മേക്കപ്പ് മാന്‍ സുഭാഷ് ചേര്‍ത്തല തുടങ്ങിയവരുൾപ്പെട്ട സംഘം കുട്ടികള്‍ക്കാവശ്യമായ സാങ്കേതിക പിന്തുണയൊരുക്കി ഷൂട്ടിംഗ് ടീമിനോപ്പം ഉണ്ടായിരുന്നു. എസ്.ബാലകൃഷ്ണനാണ് ഷൂട്ടിംഗിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ഫെബ്രുവരി അവസാന വാരം ഷോട്ട് ഫിലിം പ്രദര്‍ശിപ്പിക്കും. അസുലഭ അവസരവും സാദ്ധ്യതയുമാണ് മയില്‍പ്പീലിക്കൂട്ടം പദ്ധതിയിലൂടെ ആര്യാട് ബ്ലോക്കിലെ കുട്ടികള്‍ക്ക് ലഭിക്കുന്നതെന്ന് പദ്ധതിയുടെ മുഖ്യ ആസൂത്രകരില്‍ ഒരാളായ ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജയന്‍ തോമസ് പറഞ്ഞു.

date