Skip to main content

വനിതാ കമ്മീഷൻ മാധ്യമ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ:    കേരള വനിതാ കമ്മീഷന്റെ മീഡിയ മോണിറ്ററിഗ് സെൽ പ്രവർത്തനങ്ങളുടെ ഭാഗമായി സ്ത്രീ ശാക്തീകരണം/സ്ത്രീകളുടെ പ്രശ്‌നങ്ങൾ/സ്ത്രീകളുടെ നേട്ടങ്ങൾ എന്നീ മേഖലകളിൽ മികച്ച വാർത്തകൾ റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകർക്ക് അവാർഡുകൾ നൽകും. ഇംഗ്ലീഷ്, മലയാളം അച്ചടി-ദ്യശ്യ വിഭാഗങ്ങളിൽ പ്രസിദ്ധീകരിച്ചതും സംപ്രേഷണം ചെയ്തതുമായ വാർത്തകൾ അവാർഡിനായി അയയ്ക്കാം. അച്ചടി (മലയാളം, ഇംഗ്ലീഷ്), ദ്യശ്യമാധ്യമം (മലയാളം, ഇംഗ്ലീഷ്) എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് അവാർഡുകൾ. 2019 ജനുവരി മുതൽ ഡിസംബർ വരെ പ്രസിദ്ധീകരിച്ചതും സംപ്രേഷണം ചെയ്തതുമായ വാർത്തകളാണ് പരിഗണിക്കുക. പ്രസിദ്ധീകരിച്ച വാർത്തയുടെ ഒരു ഒറിജിനലും, സാക്ഷ്യപ്പെടുത്തിയ മൂന്ന് കോപ്പിയും അയക്കേണ്ടതാണ്.  ദ്യശ്യ മാധ്യമ വിഭാഗത്തിൽ അപേക്ഷിക്കുന്നവർ വാർത്തയുടെ വീഡിയോ/ സിഡി/പെൻഡ്രൈവ് എന്നിവ അയയ്ക്കണം. വാർത്തയുടെ പകർപ്പിനോടൊപ്പം  എഡിറ്റർ/ എക്‌സിക്യൂട്ടിവ് എഡിറ്ററുടെ സാക്ഷ്യപത്രം, പേര്, വിലാസം, തസ്തിക, ഫോൺ നമ്പർ, മെയിൽ ഐഡി എന്നിവ വ്യക്തമാക്കുന്ന വിവരങ്ങൾ അടങ്ങിയ ബയോഡേറ്റയും ഫെബ്രുവരി 25നകം  മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, പട്ടം പി.ഒ, തിരുവനന്തപുരം- 695 004 എന്ന വിലാസത്തിൽ അയയ്ക്കണം. അയക്കുന്ന കവറിനു പുറത്ത് ഏത് വിഭാഗം (അച്ചടി/ദ്യശ്യം, ഇംഗ്ലീഷ്/ മലയാളം) എന്നിവ രേഖപ്പെടുത്തണം. ഓരോ വിഭാഗത്തിലും 25,000 രൂപ വീതവും ഫലകവും സർട്ടിഫിക്കറ്റുമാണ് അവാർഡ്. ഫോൺ: 9582836228

date