Skip to main content

10-ാംക്ലാസ് തുല്യതാ പരീക്ഷ: ജില്ല ഒന്നാംസ്ഥാനത്ത് ജില്ലയില്‍  വിജയിച്ചവരില്‍  നാല് ട്രാന്‍സ്‌ജെന്ററുകളും

സംസ്ഥാന സാക്ഷരതാമിഷനും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന 10-ാംക്ലാസ് തുല്യതാപരീക്ഷയില്‍ 93.73 ശതമാനം വിജയം നേടി പത്തനംതിട്ട ജില്ല സംസ്ഥാനത്ത് ഒന്നാമത് എത്തി.  ജില്ലയില്‍ 367 പേര്‍ രജിസ്റ്റര്‍ ചെയ്തതില്‍ 344 പേര്‍ വിജയിച്ചു. ജില്ലയില്‍ പരീക്ഷ എഴുതിയ നാല് ട്രാന്‍സ്‌ജെന്റര്‍ പഠിതാക്കളും വിജയിച്ചു. മലയാളം, ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, ഗണിതം എന്നിവയില്‍ 60 മാര്‍ക്കിന്റെ എഴുത്ത് പരീക്ഷയും 20സി.ഇമാര്‍ക്കും ആണ്. ഹിന്ദിക്ക് 40 മാര്‍ക്കിന്റെ എഴുത്ത് പരീക്ഷയും 10 മാര്‍ക്ക് സി.ഇയും ഉര്‍ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവയ്ക്ക് 40 മാര്‍ക്കിന്റെ എഴുത്ത് പരീക്ഷയും 10 മാര്‍ക്കിന്റെ സി.ഇയും ഉള്‍പ്പെടുത്തിയാണ് പരീക്ഷാഫലം തയാറാക്കുന്നത്. 2019 നവംബറില്‍ നടന്ന നാലാം ക്ലാസ് തുല്യതാ പരീക്ഷയിലും ഏഴാം ക്ലാസ് തുല്യതാ പരീക്ഷയിലും പത്തനംതിട്ട ജില്ല 100 ശതമാനം വിജയം നേടി സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് എത്തിയിരുന്നതായി ജില്ലാ സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.വി.വി മാത്യു പറഞ്ഞു.

ഏറ്റവും കുറവ് വിജയ ശതമാനം ഇടുക്കി ജില്ലയ്ക്കാണ് (79.47ശതമാനം) 2019 ഡിസംബര്‍ 21മുതല്‍ 31 വരെ നടന്ന പരീക്ഷയില്‍ സംസ്ഥാനത്ത് ആകെ 17082 പേര്‍ പങ്കെടുത്തതില്‍  15345 പേര്‍ വിജയിച്ചു. വിജയശതമാനം 89.83 ആണ്. പൊതുപരീക്ഷയില്‍ തോറ്റവര്‍ക്കായി സേ പരീക്ഷ നടത്തും. കൂടുതല്‍ വിവിരത്തിന്  0468-2220799 എന്ന നമ്പരില്‍ ബന്ധപ്പെടുക.

date