Skip to main content

സംസ്‌കാരങ്ങളുടെ സംഗമഭൂമിയായ മഞ്ചേശ്വരത്തിന്റെ സമഗ്ര ചരിത്രമൊരുങ്ങുന്നു

ദക്ഷിണേന്ത്യയിലെ വിവിധ ദ്രാവിഡ സംസ്‌കാരങ്ങളുടെ സംഗമഭൂമിയായ മഞ്ചേശ്വരത്തിന്റെ സമ്പന്നമായ ചരിത്രം സമഗ്രമായി രേഖപ്പെടുത്താന്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പദ്ധതി തയ്യാറാവുന്നു. വിവിധ മേഖലകളില്‍ വിദഗ്ധരായ നൂറിലധികം ഗവേഷകരാണ് ചരിത്രരചനയില്‍ പങ്കെടുക്കുന്നത്. മഞ്ചേശ്വരം, കുമ്പള, ബദിയഡുക്ക എന്നീ പ്രദേശങ്ങളുള്‍പ്പെടുന്ന അതിര്‍ത്തി മേഖലയിലെ ആയിരം വര്‍ഷത്തെ സംഭവികാസമുള്‍പ്പെടുന്ന ചരിത്രമാണ് രേഖപ്പെടുത്തുന്നത്. പദ്ധതിയുടെ ചീഫ് എഡിറ്ററായി ചുമതലയേറ്റ കണ്ണൂര്‍ സര്‍വകലാശാല ചാല ഓഫ് കാമ്പസ് ഡയറക്ടര്‍ ഡോ. രാജേഷ് ബെജ്ജംഗളയുടെ നേതൃത്വത്തില്‍ രചനയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

പദ്ധതിക്ക് അഞ്ചുലക്ഷം അനുവദിച്ചു

പദ്ധതിക്ക് വേണ്ടി ആദ്യഘട്ടത്തില്‍ അഞ്ചുലക്ഷം രൂപ അനുവദിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്റഫ് പറഞ്ഞു. വിവിധ സാംസ്‌കാരിക ധാരകളുടെയും സമൂഹങ്ങളുടെയും ചരിത്രം, ചരിത്ര പുരുഷന്‍മാര്‍, ഭാഷാ വൈവിധ്യം വിശകലനം, മതവിഭാഗങ്ങള്‍, കൃഷി, കച്ചവട-വ്യാവസായിക-സാമ്പത്തിക വ്യവഹാരങ്ങള്‍, നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കലാരൂപങ്ങളുടെ ചരിത്രം, ആധുനിക കാലത്തെ മഞ്ചേശ്വരം തുടങ്ങിയവയുടെ സമഗ്രമായ വിവരണം രചനയിലുണ്ടാകും. മഞ്ചേശ്വരത്തെ സാംസ്‌കാരിക വൈവിധ്യത്തെ കുറിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും സാധാരണക്കാര്‍ക്കും റഫറന്‍സ് ഗ്രന്ഥമായി പ്രയോജനപ്പെടുത്താവുന്ന രീതിയിലായിരിക്കും ചരിത്രം തയ്യാറാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..

വിസ്മൃതിക്കെതിരെ അക്കാദമിക് ഇടപെടല്‍

ചരിത്ര ഗവേഷണ മേഖലയില്‍ പ്രചാരം നേടി വരുന്ന പ്രദേശിക ചരിത്ര രചനയെന്ന ആശയത്തില്‍ നിന്നും ഊര്‍ജം സ്വീകരിച്ചാണ് ഉറങ്ങിക്കിടക്കുന്ന മഞ്ചേശ്വരത്തിന്റെ സമ്പന്നമായ ചരിത്രത്തെ വീണ്ടെടുക്കാന്‍ തുനിയുന്നതെന്ന് ഡോ. രാജേഷ് ബെജ്ജംഗള പറഞ്ഞു. മുഖ്യധാരയുടെ പൊതുവായ ചരിത്രം ലഭ്യമാണെങ്കിലും പ്രദേശികമായ അറിവുകളും വിവരങ്ങളും പൊതുസമൂഹത്തില്‍ നിന്നും അക്കാദമിക ചര്‍ച്ചകളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുന്ന സാഹചര്യമുണ്ടെന്നും വിസ്മൃതിക്കെതിരെയുള്ള അക്കാദമിക ഇടപെടലാണ് ചരിത്ര രചനയെന്ന് അദ്ദേഹം പറഞ്ഞു.

ആദ്യഘട്ടത്തില്‍ ഗ്രന്ഥം കന്നഡ ഭാഷയില്‍ 

വിവിധ വിഷയങ്ങളെ കുറിച്ച് മുന്നോറോളം ലേഖനങ്ങളാണ് ഗ്രന്ഥത്തിലുണ്ടാവുക. രചനയിലേര്‍പ്പെടുന്ന വിദഗ്ധര്‍ മെയ് മാസത്തില്‍ ഗവേഷണ ലേഖനങ്ങള്‍ സമര്‍പ്പിക്കും. ലേഖനങ്ങള്‍ വിശകലനം ചെയ്ത് ഉള്‍പ്പെട്ടിട്ടില്ലാത്ത വിഷയങ്ങളെ കുറിച്ച് വീണ്ടും ഗവേഷണ ലേഖനങ്ങള്‍ തയ്യാറാക്കും. ഇതൊക്കെ വീണ്ടും അപഗ്രഥിച്ച് ക്രോഡീകരണം നടത്തി ആഗസ്റ്റോടെ ചരിത്രഗ്രന്ഥമാക്കി പൊതുസമൂഹത്തിന് സമര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഡോ. രാജേഷ് ബെജ്ജംഗള പറഞ്ഞു. ആദ്യഘട്ടത്തില്‍ കന്നഡ ഭാഷയിലായിരിക്കും ഗ്രന്ഥം തയ്യാറാക്കുക. ഇത് മലയാളത്തിലേക്കും പിന്നീട് ഇംഗ്ലീഷിലേക്കും വിവര്‍ത്തനം ചെയ്യും.

 

date