Skip to main content

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിനായി അപേക്ഷ ക്ഷണിക്കുന്നു

കാക്കനാട്: പട്ടികജാതി പട്ടികവര്‍ഗ്ഗ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ വിവിധ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2020-21 അദ്ധ്യയന വര്‍ഷത്തില്‍ അഞ്ച്, ആറ് ക്ലാസ്സുകളില്‍ പ്രവേശനം നേടുന്നതിനുള്ള മത്സരപരീക്ഷകള്‍ക്കായുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു.

    എറണാകുളം ജില്ലയില്‍ സ്ഥിരതാമസക്കാരും പഠനത്തില്‍ സമര്‍ത്ഥരുമായ പട്ടികജാതി/പട്ടികവര്‍ഗ്ഗ/മറ്റു സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷിതാക്കള്‍ മുഖേന അപേക്ഷ നല്‍കാവുന്നതാണ്. ആറാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിന് പട്ടികവര്‍ഗ്ഗക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. 

    അപേക്ഷാ ഫോറം ആലുവ, ഇടമലയാര്‍ ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസ്സുകള്‍, മൂവാറ്റുപുഴ ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസ്സ്, എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് സൗജന്യമായി ലഭിക്കും. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ജനനതീയതി, പഠിക്കുന്ന ക്ലാസ്, സ്‌കൂള്‍ എന്നിവ തെളിയിക്കുന്നതിനുള്ള സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം, ജാതി/വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ ഉള്ളടക്കം ചെയ്യേണ്ടതാണ്.

    പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ 2019-20 വര്‍ഷം നാല്, അഞ്ച് ക്ലാസ്സുകളില്‍ പഠിക്കുന്നവരായിരിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ഈ മാസം 15ന് മുന്‍പായി ജില്ലാ പട്ടിക വര്‍ഗ്ഗ വികസന ഓഫീസ്സര്‍, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍ പി.ഒ, മൂവാറ്റുപുഴ/  ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം/ ട്രൈബല്‍ എക്‌സ്റ്റേഷന്‍ ഓഫീസര്‍, ആലുവ/ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഇടമലയാര്‍ എന്നീ ഓഫീസുകളില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കേണ്ടതാണ്. പൂര്‍ണ്ണതയില്ലാത്തതും ആവശ്യമായ രേഖകള്‍ ഉള്‍ക്കൊള്ളിക്കാത്തതും സമയപരിധി കഴിഞ്ഞ് ലഭിക്കുന്നതുമായ അപേക്ഷകള്‍ നിരസിക്കുന്നതാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

 

date