Skip to main content

കുന്നംകുളം നിയോജക മണ്ഡലത്തിൽ 10.60 കോടി രൂപയുടെ നബാർഡ് റോഡ് പദ്ധതിയ്ക്ക് അംഗീകാരം

കുന്നംകുളം നിയോജകമണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണത്തിന് നബാർഡ് ധനസഹായമായി 10.60 കോടി രൂപ അനുവദിച്ച് ഉത്തരവായതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
എരുമപ്പെട്ടി പഞ്ചായത്തിലെ കാഞ്ഞിരക്കോട് - കൊടുമ്പ് - ചാത്തൻചിറ റോഡ് പുനരുദ്ധാരണത്തിന് 5.60 കോടി രൂപയും കടങ്ങോട് ഗ്രാമപഞ്ചായത്തിലെ നീണ്ടൂർ - ആദൂർ - വെള്ളറക്കാട് റോഡ് പുനരുദ്ധാരണത്തിന് 5 കോടി രൂപയുമാണ് ലഭിക്കുക. രണ്ടു റോഡിന്റെയും പുനരുദ്ധാരണത്തിന്റെ ഭാഗമായി റോഡിന്റെ വീതി കൂട്ടൽ, ബി.എം.ബി.സി നിലവാരത്തിലേക്ക് ഉയർത്തൽ, റോഡ് സുരക്ഷാ നടപടികൾക്കാവശ്യമായ പ്രവൃത്തികൾ, ഡ്രെയിനേജ് പ്രവൃത്തികൾ, പാർശ്വഭിത്തി സംരക്ഷണം എന്നീ അഞ്ച് അനുബന്ധങ്ങളിലായി തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമാകും പ്രവൃത്തി നിർവ്വഹിക്കുക.
കഴിഞ്ഞ പ്രളയത്തിൽ തകർന്ന 4.6 കിലോമീറ്റർ ദൂരമുള്ള കാഞ്ഞിരക്കോട്- കൊടുമ്പ് - ചാത്തൻചിറ റോഡ് മൂന്ന് ഭാഗങ്ങളായിട്ടാണ് പുനരുദ്ധാരണം നടത്തുന്നത്. ആദ്യഭാഗം വടക്കാഞ്ചേരി - ചാവക്കാട് സ്റ്റേറ്റ് ഹൈവേയിലാണ് അവസാനിക്കുന്നത്. രണ്ടാംഭാഗം അവസാനിക്കുന്നത് ഇതേ ഹൈവേയിലേക്കുള്ള ലിങ്ക് റോഡിലുമാണ്. കൂടാതെ മെയിൻ റോഡിൽ നിന്നും രണ്ട് ബ്രാഞ്ച് റോഡുകളുമുണ്ടാകും. ഈ പദ്ധതിയിൽ 4 കിലോമീറ്റർ കാനയുടേയും നിലവിലെ മൂന്ന് കൾവർട്ടുകളുടേയും പുനർനിർമ്മാണവും പുതുതായി 9 കൾവർട്ടുകളുടെ നിർമ്മാണവും റോഡിന്റെ വശങ്ങൾ കെട്ടി സംരക്ഷിക്കലും ഉൾപ്പെടുത്തിയിട്ടുണ്ട്.
5 കോടി രൂപ ചെലവിൽ പുനരുദ്ധാരണം നടത്തുന്ന നീണ്ടൂർ - ആദൂർ - വെള്ളറക്കാട് റോഡ്, പൊതുമരാമത്ത് വകുപ്പിന്റെ കേച്ചേരി അക്കിക്കാവ് ബൈപാസ് റോഡ്, വേലൂർ പാഴിയോട്ട് മുറി റോഡ്, കുന്നംകുളം വടക്കാഞ്ചേരി റോഡ് എന്നിവയുമായി ബന്ധിപ്പിക്കുന്നു. ആകെ അഞ്ചര കിലോമീറ്റർ നീളമുള്ള ഈ റോഡിന്റെ ബ്രാഞ്ചുകളിൽ പുതുതായി 20 കൾവർട്ടുകളും മെയിൻ റോഡിൽ 9 കൾവർട്ടുകളും 8 മീറ്റർ വീതിയിൽ ഒരു പാലവും കോൺക്രീറ്റ് കാനയും മെയിൻ റോഡിന്റെയും ബ്രാഞ്ച് റോഡിന്റെയും പാടശേഖരത്തോടു ചേർന്നുള്ള ഭാഗങ്ങളിൽ കോൺക്രീറ്റിങും കരിങ്കല്ല് ഉപയോഗിച്ച് പാർശ്വഭിത്തി കെട്ടലും പാടശേഖരത്തിലേക്കിറങ്ങുന്ന 7 റാമ്പുകളുടെ നിർമ്മാണവും ഉൾപ്പെടുത്തിയിരിക്കുന്നു.
സുരക്ഷാ നടപടികളുടെ ഭാഗമായി ഇരുറോഡുകളിലും സീബ്രാലൈൻ, സ്റ്റോപ്പ് ലൈൻ, നെയിം ബോർഡ്, ഡയറക്ഷൻ ബോർഡ്, ഹസാർഡ് മാർക്കർ സൈൻ, റിഫ്‌ലക്ടിംഗ് ബീഡ്‌സ് തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

date