Skip to main content

ചാത്തന്നൂരില്‍ 'ആനക്കാര്യമാണ് ചേനക്കാര്യം'

ചാത്തന്നൂരിലെ ചേന വിഭവ പ്രദര്‍ശനം കണ്ടവര്‍ പറയും ആനക്കാര്യമാണ് ചേനക്കാര്യം. ചേന കൊണ്ട് പ്രഥമന്‍, കട്‌ലറ്റ്, ലേഹ്യം, ചമ്മന്തി, കബാബ്, ഇലയട, മോദകം, മെഴുക്ക് പുരട്ടി, പകോട, സാലഡ്,  പുഴുക്ക്, ഉപ്പേരി, പായസം, മസാല ഫ്രൈ തുടങ്ങി മുപ്പതോളം വിഭവങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമാണ് ചാത്തന്നൂര്‍ മിനി  സിവില്‍ സ്റ്റേഷനില്‍  നടന്നത്. ചേനയുടെ ഔഷധ മൂല്യങ്ങളെക്കുറിച്ചും വിവിധ വിത്തിനങ്ങളെക്കുറിച്ചും  പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, ചേനയുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെയും  ശാസ്ത്രീയ കൃഷി രീതികളുടെയും പ്രചരണം നടത്തുക എന്നിവയാണ് പരിപാടിയില്‍ ലക്ഷ്യമിട്ടത്.
 കാര്‍ഷിക മേഖലയുടെ സമഗ്ര  വികസനത്തിന് ഊന്നല്‍ നല്‍കി നടപ്പിലാക്കുന്ന 'പുനര്‍ജ്ജനി ചാത്തന്നൂരി'ന്റെ ഭാഗമായിട്ടാണ് ചേനക്കാര്യം സംഘടിപ്പിച്ചത്.  
നാടിന്റെ ആരോഗ്യം സംരക്ഷിക്കാനുള്ള പൊതു ഇച്ഛാശക്തി കര്‍ഷകര്‍  തന്നെ ഏറ്റെടുക്കണമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച ജി എസ് ജയലാല്‍ എം എല്‍ എ പറഞ്ഞു. നാടന്‍ വിഭവങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ തരത്തിലുള്ള ഒരുലക്ഷം തൈകള്‍ മണ്ഡലത്തിലെ കര്‍ഷകരിലേക്കെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതോടൊപ്പം തെങ്ങ്, മാവ്, പ്ലാവ്, പിണര്‍ പുളി, സപ്പോട്ട എന്നീ ഫലവൃക്ഷങ്ങളുടെയും നാടന്‍ ഇഞ്ചി, ചേമ്പ്, കൂവ, നനക്കിഴങ്ങ്, ചുവന്ന കുള്ളന്‍  അഗസ്തിച്ചീര തൈ എന്നിവയുടെ വിപണനവും മേളയുടെ ഭാഗമായി സംഘടിപ്പിച്ചു.
ചാത്തന്നൂര്‍ കാര്‍ഷിക ബ്ലോക്ക് പഞ്ചായത്തുകളിലെ കര്‍ഷക ഗ്രൂപ്പുകള്‍ പങ്കെടുത്ത മേളയില്‍ മികച്ച ചേന വിഭവങ്ങള്‍ ഒരുക്കി ചാത്തന്നൂര്‍ സൗഹൃദം ആത്മ ഗ്രൂപ്പ് ഒന്നാം സ്ഥാനം നേടി. നാവായിക്കുളം നവജീവന്‍ ആത്മ ഗ്രൂപ്പ് രണ്ടും കല്ലുവാതുക്കല്‍ ഹരിതലക്ഷ്മി വെജിറ്റബിള്‍ ക്ലസ്റ്റര്‍ ഗ്രൂപ്പ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ലൈല  അധ്യക്ഷയായ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഗിരികുമാര്‍, ശ്രീജ ഹരീഷ്, ഗ്രാമപഞ്ചായത്തംഗം ഉഷ, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ വി എന്‍ ഷിബുകുമാര്‍, കൃഷി ഓഫീസര്‍ പ്രമോദ് എന്നിവര്‍ സംസാരിച്ചു.

date