Skip to main content

ജീവിത സായാഹ്നത്തില്‍ കരുതലേകാന്‍  കാഞ്ഞങ്ങാട് ബ്ലോക്കില്‍ പകല്‍ വീട് സജീവം

വാര്‍ദ്ധക്യത്തിന്റെ അവശതകളാല്‍  വീടിന്റെ അകത്തളങ്ങളില്‍ ഒറ്റപ്പെട്ടിരിക്കുന്നവര്‍ക്ക് ഒത്തുകൂടാനും സമയം ചിലവിടാനുമുള്ള പകല്‍വീടുകളൊരുക്കി  കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്.  പെരിയിലും പള്ളിക്കരയിലുമായാണ് പകല്‍വീടുകള്‍ പ്രവര്‍ത്തിക്കുന്നത്.  . കൂട്ടുകൂടി സമയം ചിലവഴിക്കാന്‍ തങ്ങള്‍ക്ക് ഒരു വേദി വേണമെന്ന  വയോജനങ്ങളുടെ ആവശ്യം ബ്ലോക്ക് പഞ്ചായത്ത് അംഗീകരിച്ചതോടെ ബ്ലോക്കിലെ പ്രായമായവവര്‍ക്കൊത്തകൂടാന്‍ ഒരിടം ലഭിക്കുകയായിരുന്നു.കളിചിരിയും തമാശകളും നാട്ടു വര്‍ത്തമാനങ്ങളുമെല്ലാമായി പകല്‍വീട് വയോജനങ്ങള്‍ക്ക് ഏകാന്തത മറക്കാനുള്ള ഒരു ഇടമായി മറിക്കഴിഞ്ഞു. വായിക്കാന്‍ നിറയെ പുസ്തകങ്ങളോട് കൂടിയ വായന ശാല, ഇടക്കൊരു കട്ടനിട്ട് കുടിക്കാനുള്ള സൗകര്യങ്ങള്‍, യോഗ ചെയ്യാനുള്ള പ്രത്യേക സ്ഥലം, ടിവിയും ഇങ്ങനെ ഉച്ചകഴിഞ്ഞ് വിശ്രമത്തിന് പകല്‍വീട്ടിലെത്തുന്നവരുടെ മനസ്് നിറക്കാനുള്ളതെല്ലാം ഇവിടെയുണ്ട്. വൈകീട്ട് നാലുമണിക്ക് തുറക്കുന്ന പകല്‍വീട് രാത്രിഎട്ടോടെ അടക്കും. വൃദ്ധ ദമ്പതിമാര്‍, ഭാര്യയോ, ഭര്‍ത്തവോ മരിച്ച് വീട്ടില്‍ ഒറ്റപ്പെട്ട് പോയവര്‍ പലവിധ മാനസീക പ്രശ്നങ്ങള്‍ നേരിടുന്ന വയോജനങ്ങള്‍  എന്നിവര്‍ക്ക്  ആശ്രയമാണ് ഇന്ന് പകല്‍വീട്. സി.ഡി.പി.ഒയ്ക്കാണ് പകല്‍വീടിന്റെ ഉത്തരവാദിത്തം.

 

   പെരിയയിലും പള്ളിക്കരയിലും പകല്‍വീടുകള്‍ പ്രവര്‍ത്തിക്കുന്നത്  അങ്കണവാടികള്‍ക്ക് സമീപമാണ്. പകല്‍ വീടുകളുടെമേല്‍ നോട്ടം അങ്കണവാടി  അധ്യാപകര്‍ക്കാണ്.  അങ്കണവാടികളില്‍ നിന്ന് കുഞ്ഞുങ്ങള്‍ വീട്ടിലേക്ക് മടങ്ങുന്ന സമയമാണ് പകല്‍വീട് തുറക്കുക.  അപ്പൂപ്പന്‍മാരോടും അമ്മൂമമാരോടും കൊച്ചുവര്‍ത്തമാനമൊക്കെ പറഞ്ഞാണ് കുഞ്ഞുങ്ങള്‍ വീട്ടിലേക്ക ് മടങ്ങുന്നത്.  

 

ഏകാന്തതവെടിഞ്ഞ് കൂട്ടുകൂടാന്‍ ഒരിടം : പ്രസിഡന്റ്

സെക്കണ്ടറി പാലിയേറ്റീവ് വളണ്ടിയേഴ്സായ ഒരു നേഴ്സും ഒരു ജെ.എച്ച്.ഐയും രണ്ട് ആശാവര്‍ക്കര്‍മാരും മാസത്തില്‍ പകല്‍വീട്ടിലെത്തി വയോജനങ്ങളുടെ ആരോഗ്യനില പരിശോധിക്കും.  ആവശ്യ സമയങ്ങളില്‍ ഈ സംഘത്തിനൊപ്പം ഒരു ഡോക്ടറും കൂടെയുണ്ടാകും. വയോജനങ്ങള്‍ക്ക് മാത്രമായി പെരിയ സി.എച്ച്.സിയില്‍ ആഴ്ചയില്‍ ഒരു ദിവസം പ്രത്യേക ഒ.പി സംവിധാനവും ഒരുക്കിയിട്ടുണ്ട്.പകല്‍വീട്ടിലെത്തുമ്പോള്‍  ഞങ്ങള്‍ക്കിപ്പോള്‍ ആരൊക്കെയോ ഉള്ളതുപോലെ ഒരു തോന്നലാണെന്ന് പകല്‍വീട്ടിലെ അതിഥികള്‍ പറയുന്നു. 

പള്ളിക്കരയില്‍ ഒരു പകല്‍വീട് വേണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത് പഞ്ചായത്തിലെ വയോജനങ്ങള്‍ തന്നെയാണ്. അതിനായി ഒരു സ്വകാര്യ വ്യക്തി മൂന്ന് സെന്റ് സ്ഥലം ബ്ലോക്കിന് തന്നു. ഏകാന്തത വെടിഞ്ഞ് സമപ്രായക്കാര്‍ക്ക് ഒത്തുകൂടി സന്തോഷം പങ്കിടാനുള്ള വലിയൊരിടമാണ് ബ്ലോക്കിലെ പകല്‍വീടുകളെന്ന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി പറഞ്ഞു.

date