Skip to main content

കോളേജ് സ്ട്രീറ്റ്-2020 യ്ക്ക് തുടക്കം രാജ്യം നേരിടുന്നത് അസാധാരണ സ്ഥിതിവിശേഷം - യൂസഫ് ജമീല്‍

രാജ്യത്തിന് സ്വാതന്ത്യം നേടിത്തന്ന സമരസേനാനികളും ഭരണഘടനാ വിധാതാക്കളും  ഏതെല്ലാം മൂല്യങ്ങള്‍ക്കു വേണ്ടി നിലകൊണ്ടുവോ അവയെല്ലാം കനത്ത വെല്ലുവിളി നേരിടുന്ന അസാധാരണ സ്ഥിതി വിശേഷത്തിലൂടെയാണ് ഇന്ന് രാജ്യം കടന്നു പോകുന്നതെന്ന് ജമ്മു-കാശ്മീരില്‍ നിന്നുള്ള മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ യൂസഫ് ജമീല്‍ പറഞ്ഞു. കേരള മീഡിയ അക്കാദമി കേരള യൂണിവേഴ്‌സിറ്റി യൂണിയന്റെയും കൊല്ലം പ്രസ് ക്ലബ്ബിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും സഹകരണത്തോടെ കോളേജ് മാഗസിന്‍ എഡിറ്റര്‍മാര്‍ക്കായി കൊല്ലത്ത് സംഘടിപ്പിച്ച ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തേയും സമൂഹത്തെയും പൊതുവേ ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലും കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന  ഭരണഘടനയുടെ 370-ാം  വകുപ്പ് റദ്ദാക്കിയതിനെ തുടര്‍ന്നുള്ള സ്ഥിതിവിശേഷം നേരിടാന്‍  ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവച്ചു. ഇതുമൂലം ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടുന്നത് കാശ്മീരിലെ മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരുമാണ്. ഇന്റര്‍നെറ്റ് ലഭ്യത മൗലിക അവകാശമായി സുപ്രീം കോടതി വിധി പുറപ്പെടുവിച്ചെങ്കിലും കാശ്മീരില്‍ അത് ഇന്നും ഒരു മരീചികയായി തുടരുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭീകരപ്രവര്‍ത്തനങ്ങള്‍ ശക്തിപ്രാപിച്ചു തുടങ്ങിയ 1980 കളുടെ അവസാന കാലം മുതലാണ് കാശ്മീരില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഭീഷണികള്‍ നേരിടാന്‍ തുടങ്ങിയത്. 18 ലധികം മാധ്യമ പ്രവര്‍ത്തകര്‍ ഇതിനകം അവിടെ ജീവന്‍ ബലിയര്‍പ്പിച്ചിട്ടുണ്ട്. കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും വാസ്തവം ജനങ്ങളെ അറിയിക്കുകയെന്ന മഹത്തായ ദൗത്യമാണ് എവിടെയും മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ളതെന്നും യൂസഫ് ജമീല്‍ ചൂണ്ടിക്കാട്ടി.
അശ്രാമം അഡ്വഞ്ചര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ എ ആര്‍ റിയാസ് അധ്യക്ഷനായി. മീഡിയ അക്കാദി ചെയര്‍മാന്‍ ആര്‍ എസ് ബാബു മുഖ്യപ്രഭാഷണം നടത്തി. യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം, പി. ആര്‍ ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ അബ്ദുല്‍ റഷീദ്, പ്രസ് ക്ലബ് പ്രസിഡന്റ് അജിത് ശ്രീനിവാസന്‍, സെക്രട്ടറി ജി ബിജു, യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി അഞ്ജു കൃഷ്ണ, മീഡിയ അക്കാദമി സെക്രട്ടറി ചന്ദ്രഹാസന്‍ വടുതല, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഡോ എം ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യൂസഫ് ജമീലിനെ ചടങ്ങില്‍ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു ആദരിച്ചു.
മാഗസിനുകളുടെ ഭാഷാ, ശൈലി  എന്നിവയെക്കുറിച്ച് ഉച്ചക്ക് ശേഷം നടന്ന ക്ലാസ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും നിരൂപകനുമായ പി കെ രാജശേഖരന്‍ നയിച്ചു. കെ ഹേമലത  പങ്കെടുത്തു. തുടര്‍ന്ന് മുഖപ്രസംഗം, അവതരണം, ഉള്ളടക്കം എന്നിവ സംബന്ധിച്ച് ദൂരദര്‍ശന്‍ തിരുവനന്തപുരം കേന്ദ്രം ഡയറക്ടര്‍ ബൈജു ചന്ദ്രനും കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റര്‍ വി എസ് രാജേഷും സംസാരിച്ചു. മാഗസിന്‍ ഓണ്‍ലൈന്‍ പതിപ്പുകളെക്കുറിച്ച് സെബിന്‍ എബ്രഹാം ജേക്കബ്, വി എസ് ശ്യാംലാല്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. വൈകിട്ട് കലാസന്ധ്യയും നടന്നു.
ഇന്ന് (ഫെബ്രുവരി 15) ജന്‍ഡര്‍ ജസ്റ്റിസ്, ഇംഗ്ലീഷ് ഉള്ളടക്കം, കാലിക സംഭവങ്ങളുടെ അവലോകനം, ദൃശ്യഭാഷ, രൂപകല്പന എന്നിവയെക്കുറിച്ചുള്ള ക്ലാസുകള്‍ നടക്കും. മാഗസിന്‍ ജേണലിസം-പ്രത്യയ ശസ്ത്രം, പ്രതിബദ്ധത, പ്രസാധന പ്രതിസന്ധികള്‍ എന്നിവയെക്കുറിച്ച് മാധ്യമ നിരൂപകന്‍ ഡോ സെബാസ്റ്റ്യന്‍ പോള്‍ സംസാരിക്കും.

date