Skip to main content

പുറംപോക്കില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക്  മുന്‍ഗണനാ റേഷന്‍ കാര്‍ഡ് വിതരണം നടത്തി

ജില്ലയില്‍ പുറംപോക്കില്‍ താമസിക്കുന്ന രണ്ട് കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡ് വിതരണം നടത്തി. റാന്നി മടന്തമണില്‍ പുറമ്പോക്കില്‍ താമസിക്കുന്ന ബേബി്ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡ് താലൂക്ക് സപ്ലൈ ഓഫീസര്‍ ജി. ഗണേഷ് താമസ സ്ഥലത്തെത്തി കൈമാറി.

പുറമ്പോക്കിലും റെയില്‍വേയുടെ സ്ഥലത്തും താമസിക്കുന്ന ഭവന രഹിത നിര്‍ധന കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിച്ചാണ് റേഷന്‍ കാര്‍ഡ് വിതരണം നടത്തിയത്. ഇതിനായി അപേക്ഷകന് ആധാര്‍ കാര്‍ഡ് ഉണ്ടായിരിക്കണം. റേഷന്‍ കാര്‍ഡിനായി പുറമ്പോക്കില്‍ താമസിക്കുന്ന ബേബിയുടെ അപേക്ഷ ലഭിച്ചതിനെ തുടര്‍ന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ ജി. ഗണേഷും റേഷനിംഗ് ഇന്‍പെക്ടര്‍ ബിജുരാജും പരിശോധന നടത്തി മേല്‍നടപടി സ്വീകരിച്ചതിന്റെ ഭാഗമായാണ് റേഷന്‍ കാര്‍ഡ് നല്‍കിയത്. ഭാര്യ രാധികയും രണ്ട് കുട്ടികളും അടങ്ങുന്നതാണ് ബേബിയുടെ കുടുംബം. ബേബിക്ക് മാത്രമാണ് കുടുംബത്തില്‍ നിലവില്‍ ആധാര്‍ കാര്‍ഡ് ഉള്ളത്. മറ്റ് കുടുംബാംഗങ്ങള്‍ക്കും ആധാര്‍ ലഭിക്കുന്ന മുറയ്ക്ക് റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കാം. റേഷന്‍ കാര്‍ഡ് ഇല്ലാത്തതു മൂലം ഒരു കുടുംബവും സംസ്ഥാനത്ത് പട്ടിണി കിടക്കാന്‍ പാടില്ലെന്ന ലക്ഷ്യത്തോടെ സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് റേഷനിംഗ് ഇന്‍പെക്ടര്‍മാര്‍ പരിശോധന നടത്തി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നത്. തടിയൂര്‍ പുറമ്പോക്കില്‍ താമസിക്കുന്ന മുടവന്‍പൊയ്കയില്‍ ബാലന്(59)  റേഷന്‍ ഇന്‍പെക്ടര്‍ ഗിരീഷ് സ്വയം കണ്ടെത്തി പരിശോധിച്ച്  മുന്‍ഗണന റേഷന്‍ കാര്‍ഡ് അനുവദിക്കുകയുണ്ടായി. ബാലന്റെ തടിയൂരിലെ താമസ സ്ഥലത്തെത്തി താലൂക്ക് സപ്ലൈ ഓഫീസര്‍ ജി. ഗണേഷ് മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈമാറി.

date