Skip to main content

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണം: ജില്ല പഞ്ചായത്ത് ഗ്രാമസഭ വാര്‍ഷിക പദ്ധതി: പുനര്‍നിര്‍മ്മാണത്തിന് ഊന്നല്‍

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ജില്ലാ പഞ്ചായത്ത് ഗ്രാമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഒറ്റവരി പ്രമേയം കേന്ദ്രത്തിന് അയക്കാനും ജില്ല പഞ്ചായത്ത് ഗ്രാമസഭയില്‍ തീരുമാനമായി.  ജില്ല പഞ്ചായത്ത് വാര്‍ഷിക പദ്ധതി രൂപികരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ഗ്രാമസഭ ട്രാന്‍സ്ജന്‍ഡര്‍ ആക്ടിവിസ്റ്റ് സന്ധ്യ ജിജോ  ഉദ്ഘാടനം ചെയ്തു. ഇനി ഉള്ള വാര്‍ഷിക പദ്ധതിയില്‍ ട്രാന്‍സ്ജന്‍ഡര്‍  ബോധവല്‍ക്കരണത്തിനു കൂടി പ്രാധാന്യം നല്‍കണമെന്ന് സന്ധ്യ ജിജോ അഭിപ്രായപ്പെട്ടു.
2020-21 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ നടപ്പാക്കേണ്ട പദ്ധതിയുടെ കരട് രൂപരേഖയെക്കുറിച്ച് പ്രസിഡണ്ട് കെ വി സുമേഷ് വിശദീകരിച്ചു. പ്രളയാനന്തര പുനര്‍നിര്‍മാണമെന്ന ലക്ഷ്യത്തോടെ പദ്ധതികള്‍ തയ്യാറാക്കണമെന്ന് പ്രസിഡണ്ട് നിര്‍ദേശിച്ചു. ദുരന്ത കാലത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും   ദുരന്ത മേഖലയില്‍ 150 പേരടങ്ങുന്ന ഒരു ദുരന്ത നിവാരണ സേന രൂപീകരിക്കുന്നതിനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. കാര്‍ഷിക മേഖലയില്‍ എല്ലാ പഞ്ചായത്തുകളും സ്വയംപര്യാപ്തത കൈവരിക്കുക,  ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് കാന്‍സര്‍ നിയന്ത്രണ ജില്ല എന്ന ലക്ഷ്യം നടപ്പാക്കുക, ടൂറിസം മേഖല വിപുലീകരണം,  ഗ്രാമീണ റോഡുകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം നടത്തുക തുടങ്ങിയവയ്ക്കാണ് ഈ വാര്‍ഷിക പദ്ധതിയില്‍ ഊന്നല്‍ നല്‍കുന്നത്. 
പരിപാടിയില്‍ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി ചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പി പി ദിവ്യ,   സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ ശോഭ, കെ പി ജയപാലന്‍, ടി ടി റംല തുടങ്ങിയവര്‍ പങ്കെടുത്തു.

date