Skip to main content
നാഷണൽ മിനറൽ ഡെവലപ്പ്മെന്റ് കോർപ്പറേഷനും കൊച്ചിൻ ഷിപ്പയാർഡും മുണ്ടേരി ഹയർ സെക്കന്ററി സ്കൂളിന് അനുവദിച്ച  1.59 കോടിയുടെ ധാരണപത്രം കെ കെ രാഗേഷ് എം പി യുടെ സാന്നിധ്യത്തിൽ ഒപ്പുവെക്കുന്നു

പ്ലാനറ്റോറിയം ജില്ലയില്‍ യാഥാര്‍ഥ്യമാക്കും: കെ കെ രാഗേഷ് എം പി മുണ്ടേരി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 1.59 കോടിയുടെ ധാരണപത്രം ഒപ്പുവച്ചു

കോഴിക്കോട്   പ്ലാനറ്റോറിയത്തിന്റെ മാതൃകയില്‍  എക്‌സിബിഷന്‍ സെന്ററും ത്രീഡി തീയേറ്ററും അടങ്ങുന്ന പ്ലാനറ്റോറിയം മുണ്ടേരി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍  യാഥാര്‍ഥ്യമാക്കുമെന്ന് കെ കെ രാഗേഷ് എം പി. നാഷണല്‍ മിനറല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനും കൊച്ചിന്‍ ഷിപ്പയാര്‍ഡും മുണ്ടേരി ഹയര്‍ സെക്കണ്ടറി സ്‌കൂളിന് അനുവദിച്ച  1.59 കോടിയുടെ ധാരണപത്രം ഒപ്പുവെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത അധ്യയന വര്‍ഷം സ്‌കൂളില്‍  27 സ്മാര്‍ട്ട് ക്ലാസ്സ് മുറികള്‍  ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
    മുണ്ടേരി സ്‌കൂളിന്റെ വികസനത്തിന് വേണ്ടിയുള്ള 22ാമത്തെ  ധാരണാ പത്രമാണ് ഒപ്പ് വെച്ചത്. എം പിയുടെ ഇടപെടലുകളുടെ ഫലമായി  പൊതുമേഖല സ്ഥാപനങ്ങളായ നാഷണല്‍ മിനറല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെയും  കൊച്ചിന്‍ ഷിപ്പയാഡിന്റെയും സി എസ് ആര്‍ ഫണ്ട് വിനിയോഗിച്ചാണ് സ്‌കൂള്‍ ആധുനികവല്‍ക്കരിക്കുന്നത്. ഓഡിറ്റോറിയം ബ്ലോക്കിന് വേണ്ടി എന്‍ ടി പി സി രണ്ടര കോടി രൂപ അനുവദിച്ചതായും എം പി  അറിയിച്ചു. ഇതിനു പുറമെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ലാബുകളും ഡിജിറ്റല്‍ ലൈബ്രറിയും  സ്‌കൂളില്‍ പൂര്‍ത്തിയാവുന്നുണ്ട്. എം പി ഫണ്ടില്‍ നിന്ന് സ്‌കൂള്‍ ബസിനായി 20 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
    കൂടാതെ കാഞ്ഞിരോട് യു പി സ്‌കൂളിന്റെ വികസനത്തിനായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ 60 ലക്ഷം രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. ആറളം ഫാം സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ വികസനത്തിനായി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും കെ കെ രാഗേഷ് എം പി പറഞ്ഞു. 23 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഇതിനായി നല്‍കിയിട്ടുണ്ട്. കായിക മേഖലയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പദ്ധതികളാണ് ഇവിടെ വിഭാവനം ചെയ്യുന്നത്.
    ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ചടങ്ങില്‍ അധ്യക്ഷനായി. എന്‍ എം ഡി സി സീനിയര്‍ മാനേജര്‍ ബി എന്‍ ശാംപ്രസാദ്, കൊച്ചിന്‍ ഷിപ്പയാര്‍ഡ് അസ്സിസ്റ്റന്‍ഡ് എ ജി എം  ശശീന്ദ്ര ദാസ്,  ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ മഹിജ, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ പങ്കജാക്ഷന്‍, മുണ്ടേരി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗം ആര്‍ കെ പത്മനാഭന്‍, മുണ്ടേരി ഹയര്‍ സെക്കന്ററി സ്‌കൂള്‍  പ്രധാനാധ്യാപകന്‍ കെ പി ചന്ദ്രന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date