Skip to main content

പ്രാദേശിക തലത്തില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍

മലബാര്‍ മേഖലയില്‍ ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനായി പ്രദേശിക തലങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ. ടി വി മുഹമ്മദ് ഫൈസല്‍. കമ്മീഷന്‍ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു ജില്ലകളെ അപേക്ഷിച്ച് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കമ്മീഷനിലെത്തുന്ന പരാതികള്‍ കുറവാണ്. കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതിനാലാണ് ഈ അവസ്ഥ. ദൈനംദിന ജീവിതത്തിലുണ്ടാകുന്ന വ്യക്തിഹത്യ, അവകാശ ലംഘനം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ക്ക് എളുപ്പത്തില്‍ കമ്മീഷന്‍ സിറ്റിങ്ങിലുടെ പരിഹാരം കാണാന്‍ സാധിക്കും. ഇത്തരം സാധ്യതകളെ കുറിച്ച് കൂടുതല്‍ അവബോധമാണ് പ്രദേശിക സെമിനാറുകള്‍ കൊണ്ട് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ ന്യൂനപക്ഷ സെല്ലില്‍ ക്രിസ്ത്യന്‍ വിഭാഗത്തിലെ പ്രതിനിധിയെ ഉള്‍പ്പെടുത്തിയില്ലെന്ന് കാണിച്ച് നല്‍കിയ പരാതിയില്‍ ന്യൂനപക്ഷ വകുപ്പ് ഡയറക്ടറോട് കമ്മീഷന്‍ വിശദീകരണം തേടി. സ്‌കുളിന്റെ മുന്നില്‍ അമിത ശബ്ദത്തില്‍ സഞ്ചരിച്ച ബൈക്കിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് അപമാനിച്ചു എന്നു കാണിച്ച് വാഹന ഉടമ നല്‍കിയ പരാതി കമ്മീഷന്‍ തള്ളിക്കളഞ്ഞു. സ്‌കൂള്‍ പരിസരത്തുകൂടി അമിതശബ്ദത്തില്‍ വാഹനമോടിച്ചത് ന്യായീകരിക്കാനാവില്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.
കലക്ടറേറ്റ് അക്കാദമിക് ഹാളില്‍ നടന്ന കമ്മീഷന്‍ സിറ്റിങ്ങില്‍ 8 കേസുകള്‍ പരിഗണിച്ചു. രണ്ട് കേസുകള്‍ തീര്‍പ്പാക്കി ഒരു കേസ് തള്ളി. പുതുതായി ലഭിച്ച ഒരു പരാതിയടക്കം ബാക്കി കേസുകള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. അടുത്ത സിറ്റിങ്ങ് മാര്‍ച്ച് 12 ന് നടക്കും.

date