Skip to main content

അറിയിപ്പുകള്‍

 

ശാസ്ത്രപഥം

കൊച്ചി: സമഗ്രശിക്ഷ കേരളം, ശാസ്ത്രാഭിരുചിയും ഗവേഷണ പാടവവുമുള്ള ഒരു പുതുതലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ, കേരള ഹയര്‍സെക്കന്ററി വിദ്യാഭ്യാസ വകുപ്പും കോളേജ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് തെരഞ്ഞെടുക്കപ്പെട്ട ഒന്നാംവര്‍ഷ ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ത്രിദിന ശാസ്ത്രപഥം ക്യാമ്പ് സംഘടിപ്പിച്ചു. സയന്‍സ്, ഹ്യുമാനിറ്റീസ്, കോമേഴ്‌സ് ബാച്ചുകളിലായി ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 240 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രശസ്ത കോളേജുകളായ യു.സി കോളേജ് ആലുവ, ശ്രീശങ്കര കോളേജ് കാലടി എന്നിവിടങ്ങളില്‍ റസിഡന്‍ഷ്യല്‍ ക്യാമ്പ് നടത്തിയത്. ജില്ലയിലെ അവസാനക്യാമ്പ്  ആലുവ യു.സി കോളേജില്‍ സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. എ.പി. കുട്ടികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ഡേവിഡ് സാജ് മാത്യു, അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പ്രോജ്ക്ട് കോര്‍ഡിനേറ്റര്‍ ഉഷ മാനാട്ട്, മുഖ്യ പ്രഭാഷണവും, പ്രോഗ്രാം ഓഫീസര്‍ സജോയ് ജോര്‍ജ് പദ്ധതി വിശദീകരണവും നടത്തി. വിവിധ ക്യാമ്പുകളിലായി പ്രശസ്ത നോവലിസ്റ്റ് സി.രാധാകൃഷ്ണന്‍, ശാസ്ത്രപഥം സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. എം.ആര്‍. സുദര്‍ശനകുമാര്‍, കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. എം.ബി. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ വിഷയങ്ങളില്‍ വിദഗ്ദ്ധരുടെ ക്ലാസുകള്‍, ലാബുകളില്‍ നേരിട്ടെത്തിയുള്ള ശാസ്ത്രപരീക്ഷണങ്ങള്‍, പ്രോജക്ട് അവതരണം, സി.എം.എഫ്.ആര്‍.ഐ പോലുള്ള ശാസ്ത്രസാങ്കേതിക സ്ഥാപന സന്ദര്‍ശനം, പ്രകൃതി പഠനയാത്ര എന്നിവ സംഘടിപ്പിച്ചിരുന്നു. കോളേജുകളിലെ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികളും, ഗവേഷണ വിദ്യാര്‍ത്ഥികളും മെന്റേഴ്‌സായി പ്രവര്‍ത്തിച്ചിരുന്നു. നാലു ക്യാമ്പുകള്‍ക്കുമായി സമഗ്രശിക്ഷ 9 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ശില്പശാലയില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി തുടര്‍ ശില്പശാലകളും സന്ദര്‍ശിക്കാനുള്ള അവസരവുമുണ്ടാകുമെന്ന് ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ അറിയിച്ചു. ക്യാമ്പുകളുടെ ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആലുവ യു.സി കോളേജിലെ അധ്യാപിക ഡോ. സിമി പുഷ്പന്‍ ആയിരുന്നു. വിവിധ ബി.ആര്‍.സികളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. മൂവാറ്റുപുഴ ബി.ആര്‍.സിയിലെ ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ വന്ദന, ആലുവ ബി.ആര്‍.സി ട്രെയിനര്‍ ഷമീന ബീഗം എന്നിവര്‍ ക്യാമ്പില്‍ കുട്ടികളോടൊപ്പം പങ്കെടുത്തു.

ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: കൊച്ചി നഗരസഭയുടെ വിവിധ മരാമത്ത് പണികളുടെ നിര്‍വ്വഹണത്തിനായി നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്ത കരാറുകാരില്‍ നിന്നും മത്സര സ്വഭാവമുളള മുദ്രണംചെയ്ത ടെന്‍ഡറുകള്‍ ക്ഷണിച്ചു. സീല്‍ ചെയ്ത ടെന്‍ഡറുകള്‍ ഫെബ്രുവരി 29-ന് ഉച്ചയ്ക്ക് ശേഷം മൂന്നു വരെ കൊച്ചി നഗരസഭാ കാര്യാലയത്തില്‍ സ്വീകരിക്കും.

date