Skip to main content
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ.സ്കൂളിന് രണ്ടു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിട ത്തിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി നിർവ്വഹിക്കുന്നു.

പുതുതലമുറയ്ക്ക് മൂല്യമുള്ള വിദ്യാഭ്യാസം നല്കുകയാണ് സർക്കാർ ലക്ഷ്യം: മന്ത്രി എം.എം.മണി

 

 

പുതുതലമുറയ്ക്ക് മൂല്യമുള്ള വിദ്യാഭ്യാസം നല്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അതിനായി പുതിയ വിദ്യാഭ്യാസനയം തന്നെ  രൂപീകരിച്ച്   നടപ്പാക്കുകയാണെന്നും വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി. 

ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്കൂളിന് രണ്ട് കോടിരൂപ ചെലവഴിച്ച് പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്കുന്നതിന്റെ ഉദാഹരണമാണ്  പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ എണ്ണത്തിലെ വർദ്ധനവ് സൂചിപ്പിക്കുന്നത്.  ലോകത്തെവിടെയും പോയി ജോലി ചെയ്യാനുള്ള കഴിവും ആർജവവും വിദ്യാർത്ഥികളിൽ ഉണ്ടാക്കിയെടുക്കണം. സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്നും  മികച്ച വിദ്യാഭ്യാസം ലഭിച്ച് പുതുതലമുറ ഉന്നതതലങ്ങളിൽ എത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാന, ജില്ലാതല കലാമത്സര ജേതാക്കൾക്ക് മന്ത്രി വേദിയിൽ ഉപഹാരം നല്കി.

എസ് പി സി, ജെആർസി, സ്കൗട്ട്  & ഗൈഡ് കേഡറ്റുകൾ സല്യൂട്ട് നല്കിയാണ് മന്ത്രിയെ സ്വീകരിച്ചത്. 

 

 ഉദ്ഘാടന യോഗത്തിന് പിറ്റിഎ പ്രസിഡന്റ് പി.ബി.ഷാജി അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എം.കെ. ഗീത സ്വാഗതമാശംസിച്ചു. എം.സി. ഉഷ  വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്റണി, ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാണി ജോസഫ് , ജില്ലാ പഞ്ചായത്തംഗം നിർമ്മലാ നന്ദകുമാർ, കട്ടപ്പന ഡിഇഒ ഇൻ ചാർജ് കെ.ഡി.വിജയൻ, ബ്ലോക്ക് പഞ്ചായത്തംഗം ജോസ്ന ജോബിൻ, ഇരട്ടയാർ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ലാലച്ചൻ വെള്ളക്കട,  ബി, കെ.എം.ഉഷാനന്ദൻ, ലീലാമ്മ ജോൺ, കുര്യൻ ആന്റണി, മായ വിനോദ് , ഡൊമിനിക് സ്കറിയ, ധനുഷ് കൃഷ്ണ, എൻ. സുനിൽ കുമാർ, ജയ്മോൻ പി.ജോർജ് തുടങ്ങിയവർ  സംസാരിച്ചു.

 

സംസ്ഥാന സർക്കാരിന്റെ പ്രധാന മിഷനുകളിലൊന്നായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായാണ്

ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്കൂളിന് രണ്ട് കോടി രൂപ ചെലവഴിച്ച് പുതുതായി  കെട്ടിടം നിർമ്മിച്ചത്.

മൂന്നുനിലകളിലായി 15 വലിയ ക്ലാസ് റൂമുകളാണ് പുതിയ കെട്ടിടത്തിലുള്ളത്. കൂടാതെ ഓരോ നിലയിലും ടോയ്ലറ്റ് ബ്ലോക്കും ഉണ്ട്. 500 ലധികം പേർക്ക് ഇരിക്കാൻ കഴിയുന്നതാണ് ട്രെസ് വർക്ക് ചെയ്ത നാലാം നിലയിലെ  ആഡിറ്റോറിയം. 

date