കുട്ടികള്‍ക്കൊപ്പം കളക്ടര്‍ വടക്കനാടിന് ഇത് പുതിയപാഠം
സ്കൂള്‍ ക്ലാസ്സ് മുറിയില്‍ അദ്ധ്യാപകരെ മാത്രം കണ്ടുശീലിച്ച ആദിവാസികുട്ടികള്‍ക്ക് ഒരു സംശയം. ഈ കളക്ടര്‍ ആരാ.. കാടിനു നടുവിലെ വടക്കനാട് ഗവ.എല്‍.പി.സ്കൂള്‍ വിദ്യാര്‍ത്ഥികളുടെതായിരുന്നു ചോദ്യം. കുട്ടികള്‍ക്കൊപ്പം ചെലവിടാന്‍ സമയം കണ്ടെത്തിയെത്തിയ ജില്ലാ കളക്ടര്‍ എസ്.സുഹാസിനും ഇതൊരു കൗതുകമായി. ഒട്ടും താമസിച്ചില്ല കളക്ടറുടെ മറുപടി പറഞ്ഞു. കളക്ടറെന്നാല്‍ നിങ്ങളുടെ ക്ലാസ്സ് ടീച്ചറെ പോലെ തന്നെ. ജില്ലയുടെ കാര്യങ്ങള്‍ നോക്കുന്ന ഒരു അദ്ധ്യാപകന്. ഞങ്ങളുടെ സ്കൂള്‍ മുറ്റം നിറയെ പൊടിയാണ്. കളിക്കാന്‍ പറ്റുന്നില്ല. ഇന്റര്‍ലോക്ക് പതിച്ചു തരുമോ എന്നായി ഇതോടെ കുട്ടികളുടെ അടുത്ത ചോദ്യം. ജില്ലാ കളക്ടര്‍ ഏത് സ്കൂളിലാണ് പഠിച്ചത്, ഞങ്ങളുടെ സ്കൂള്‍ കളക്ടര്‍ക്ക് ഇഷ്ടമായോ ചോദ്യങ്ങള്‍ അങ്ങിനെ നീണ്ടു. എല്ലാ സംശയങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ആവേശത്തോടെയും കൃത്യതോടെയും മറുപടി പറഞ്ഞു. കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കുമെല്ലാം ഇതൊരു പുതിയ അനുഭവമായി. വടക്കനാടിനും ഇത് പുതുമയുള്ള അധ്യായം. കുട്ടികള്‍ക്കൊപ്പം സമയം ചെലവിടാന്‍ ഒരു ജില്ലാ കളക്ടര്‍ ഇവിടെ എത്തുന്നതും ആദ്യമായാണ്. തുടിതാളങ്ങളുമായി കുട്ടികള്‍ കളക്ടരെ വിദ്യാലയത്തിലേക്ക് സ്വീകരിച്ചു.
ഒന്നാം ക്ലാസിലെ നിത്യയും നാലാം ക്ലാസിലെ ഗായത്രിദേവിയും ഉള്‍പ്പെടെയുളള കുട്ടികള്‍ അവേശത്തോടെയാണ് കളക്ടറോട് സങ്കോചമില്ലാതെ സംവദിച്ചത്. നിങ്ങളുടെ കൂട്ടുകാരില്‍ മടിപിടിച്ചിട്ട് സ്കൂളില്‍ വരാത്തവരുണ്ടോ എന്ന കളക്ടറുടെ ചോദ്യത്തിനു മുമ്പില്‍ ഉണ്ട് എന്നായിരുന്നു മറുപടി. ഇതെല്ലാം സദസ്സില്‍ ചിരിപടര്‍ത്തി.
നിഷ്കളങ്കമായ കുഞ്ഞുമനസുകളില്‍ നിന്നുളള ചോദ്യങ്ങള്‍ പലതും കാടിന് നടുവിലെ ഗ്രാമത്തിന്റെതുകൂടിയായിരുന്നു.നൂല്‍പ്പുഴ പഞ്ചായത്തില്‍ വനമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന വടക്കനാട് ഗവ.എല്‍.പി. സ്കൂള്‍ ജില്ലയില്‍ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ കൂടുതലായി പഠിക്കുന്ന സ്കൂളാണ്. ആകെയുളള 89 കുട്ടികളില്‍ 73 പേരും ആദിവാസി വിഭാഗത്തില്‍ നിന്നുളളവരാണ്. വന്യജീവികളോടും സാഹചര്യങ്ങളോടും പൊരുതിയാണ് ഇവിടെ പഠിക്കാന്‍ കുട്ടികളെത്തുന്നത്. എട്ടു കിലോമീറ്റോളം യാത്ര ചെയ്തും കുട്ടികളെത്തുന്നു.ആറോളം കോളനികളില്‍ നിന്നും ഗോത്രസാരഥി വഴി കുട്ടികള്‍ വിദ്യാലയത്തിലെത്തുന്നു. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഇവിടെ ഏറ്റവും കുറവെന്നതും ശ്രദ്ധേയം. ഇതെല്ലാമാണ് ജില്ലാ കളക്ടര്‍ എസ്.സുഹാസിനെ വടക്കനാട് എല്‍.പി.വിദ്യാലയത്തിലേക്ക് ആകര്‍ഷിച്ചത്. കുട്ടികളുടെ പഠനത്തിനായി മികച്ച അന്തരീക്ഷം ഒരുക്കുമെന്നും തുടര്‍ പഠനത്തിന് സൗകര്യമൊരുക്കുമെന്നും കളക്ടര്‍ ഉറപ്പു നല്കി. യു.പി തലത്തിലേക്ക് ഉയര്‍ത്താനുളള നടപടികള്‍ സ്വീകരിക്കണമെന്ന് പി.ടി.എ ഭാരവാഹികളും അദ്ധ്യാപകരും കളക്ടറോട് ആവശ്യപ്പെട്ടു. കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് കളക്ടര്‍ എസ്.സുഹാസ് മടങ്ങിയത്. നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ. ശോഭന്‍ കുമാര്‍ , ഡയറ്റ് പ്രിന്‍സിപ്പാള്‍ ഇ.ജെ.ലീന, എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ജി.എന്‍.ബാബുരാജ്, പ്രോഗ്രാം ഓഫീസര്‍ എം.ഒ.സജി, പി.ടി.എ പ്രസിഡന്റ് ടി.കെ. ബിജു, എ.ഇ.ഒ ഇ.സെയ്തലവി, പ്രധാനാദ്ധ്യാപകന് ഇ.രാമകൃഷ്ണന്, അമ്പലക്കുനി കുമാരന് ചെട്ട്യാര് തുടങ്ങിയവരും കളക്ടറുടെ സ്കൂള്‍ സന്ദര്‍ശന പരിപാടിയില്‍ പങ്കെടുത്തു.
- Log in to post comments