Skip to main content

പീച്ചിയിൽ പ്രതിദിനം 20 ദശലക്ഷം ലിറ്റർ ശേഷിയുള്ള ജല ശുദ്ധീകരണശാല

പീച്ചിയിൽ പുതിയ 20 എം എൽ ഡി ശേഷിയുള്ള ജല ശുദ്ധീകരണ ശാല നിർമ്മാണം അവസാന ഘട്ടത്തിൽ. 14.5 ദശലക്ഷവും 36 ദശലക്ഷവും ശേഷിയുള്ള രണ്ട് ശുദ്ധീകരണ ശാലകളിൽ ശുദ്ധീകരിച്ചാണ് പീച്ചി ഡാമിലെ വെള്ളം തൃശൂർ നഗരത്തിൽ എത്തുന്നത്. എന്നാൽ വർധിച്ചു വരുന്ന ജല ആവശ്യകത നിറവേറ്റാൻ ഇത് അപര്യാപ്തമാണ്. 2050 വരെയുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പീച്ചിയിൽ പ്രതിദിനം 20 ദശ ലക്ഷം ശുദ്ധീകരണ ശേഷിയുള്ള പുതിയ പ്ലാന്റ് വിഭാവനം ചെയ്തിരിക്കുന്നത്. 17.3 കോടി രൂപയാണ് ഈ പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. 3000 ഏക്കർ വൃഷ്ടി പ്രദേശം ഉൾകൊള്ളുന്ന ഡാം ജലസേചന ആവശ്യത്തിനാണ് നിർമ്മിച്ചത്. ഇതേ ഡാമിൽ നിന്നാണ് തൃശ്ശൂർ കോർപറേഷന് സമീപമുള്ള 9 പഞ്ചായത്തുകളും കേരി, മെഡിക്കൽ കോളേജ്, അഗ്രികൾച്ചർ യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളും കുടിവെളളം ലഭ്യമാക്കുന്നത്. മുകുന്ദപുരം, തൃശൂർ, തലപ്പിള്ളി, ചാവക്കാട്, താലൂക്കുകളിലായി 17555 ഹെക്ടർ കൃഷി ഭൂമിയുടെ ജലസേചന ആവശ്യത്തിനായി നിർമ്മിച്ചിട്ടുള്ള ഇടതു - വലതു കര കനാലുകളുടെ ജല ഉപയോഗത്തിന് ശേഷവും 12 ദശലക്ഷം ഘന അടിവെള്ളം കുടിവെള്ള ആവശ്യത്തിനായി ഉപയോഗിക്കാം എന്ന രീതിയിലാണ് കുടിവെള്ള ജലസേചന പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ പരമാവധി 75 ദശലക്ഷം ലിറ്റർ പ്രതിദിനം കുടിവെള്ള ആവശ്യത്തിന് ഉപയോഗിക്കാനുള്ള സാധ്യതയാണ് ഉള്ളത്.
ഡാമിന്റെ അടിഭാഗത്ത് സമുദ്ര നിരപ്പിൽ നിന്ന് 53.34 മീറ്റർ ഉയരത്തിലാണ് കുടിവെള്ള പ്ലാന്റിലേക്കുള്ള ബഹിർഗമന കുഴൽ സ്ഥാപിച്ചിരിക്കുന്നത്. ഇതിന് മുകളിൽ 76.20 മീറ്റർ വരെ വെള്ളം സംഭരിച്ചാലാണ് 110 ദശലക്ഷം ഘന മീറ്റർ സംഭരണം ഉറപ്പാക്കാൻ കഴിയുക. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ വെള്ളം തൃശൂർ പട്ടണത്തിൽ എത്തിക്കാൻ 68 മീറ്റർ ഉയരത്തിലാണ് പുതിയ സ്റ്റോറേജ് ടാങ്ക് പണി കഴിപ്പിച്ചിരിക്കുന്നത്. ഇതേ ഉയരത്തിൽ തന്നെയാണ് 36 ദശലക്ഷം ശേഷിയുള്ള പുതിയ സംസ്‌കരണ ശാലയുടെയും ടാങ്ക് പണി തീർത്തിരിക്കുന്നത്.
തൃശൂർ മുനിസിപ്പാലിറ്റിക്ക് നിലവിലുള്ള വിഹിതം ഉൾപ്പെടെ 21.30 ദശലക്ഷം ലിറ്റർ വെള്ളം പ്രതിദിനം എത്തുന്ന രീതിയിൽ പദ്ധതി വിപുലീകരിച്ചു. പഴയ പദ്ധതി പ്രദേശത്തോടൊപ്പം മണലൂർ, അടാട്ട്, വെങ്കിടങ്ങ്, കോലഴി, ഒല്ലൂർ, മാടക്കത്തറ പഞ്ചായത്തുകളിലെ ജനങ്ങൾക്കുകൂടെ ഉപയോഗിക്കാവുന്ന വിധമാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

date