Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

വിവിധ റോഡുകളുടെ ഉദ്ഘാടനം മാര്‍ച്ച് 9ന്
തലശ്ശേരി നിയോജക മണ്ഡലത്തില്‍ അഭിവൃദ്ധി പ്രവൃത്തി നടത്തിയ  പൂക്കോം ചൊക്ലി റോഡ്, പൂക്കോം മാടപ്പീടിക റോഡ്, ഓറിയന്റല്‍ സ്‌കൂള്‍ വയല്‍പ്പീടിക റോഡ് എന്നിവയുടെ ഉദ്ഘാടനം മാര്‍ച്ച് ഒമ്പത് തിങ്കളാഴ്ച 2.30ന്  ചൊക്ലി വി പി ഓറിയന്റല്‍ സ്‌കൂളിന് സമീപം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കും. അഡ്വ. എ എന്‍ ഷംസീര്‍ എംഎല്‍എ അധ്യക്ഷനാകും.
പന്ന്യന്നൂര്‍, ചൊക്ലി ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന പ്രസ്തുത  റോഡുകളുടെ നവീകരണ പ്രവൃത്തി പൂര്‍ത്തിയായതോടെ പ്രദേശത്തെ ഗതാഗത തടസത്തിന് പരിഹാരമാകും. പാനൂര്‍- കൂത്തുപറമ്പ് വഴി കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്കും തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്തിലെ മലയോര മേഖലകള്‍,  മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, വാഴമല ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയ  സ്ഥലങ്ങളിലേക്കുമുള്ള യാത്രാക്ലേശത്തിനും ഇതോടെ പരിഹാരമാകും.  

 

അന്താരാഷ്ട്ര വനിതാദിന വാരാചരണം
ജില്ലാ ഭരണകൂടത്തിന്റെയും വനിതാ ശിശു വികസന ഓഫീസിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര  വനിതാദിന വാരാചരണത്തിന് മാര്‍ച്ച് ഏഴിന് വൈകിട്ട് 4.30ന് കലക്ടറേറ്റ് ആംഫി തീയറ്ററില്‍ തുടക്കമാകും. കോര്‍പ്പറേഷന്‍ മേയര്‍ സുമ ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ജില്ലാ ആന്റ് തലശ്ശേരി സെഷന്‍സ് ജഡ്ജ് ടി ഇന്ദിര ഉദ്ഘാടനം നിര്‍വഹിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി കോളേജ് വിദ്യാര്‍ഥികളുടെ  ഫ്‌ളാഷ്‌മോബും, ശിങ്കാരിമേളത്തോട് കൂടിയ വിളംബര ജാഥയും നടക്കും. പരിപാടിയോടനുബന്ധിച്ച് മറ്റ് വകുപ്പുകളുടെ സഹകരണത്തോടെ വിവിധ കലാപരിപാടികളും കലക്ടറേറ്റ് മുതല്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ വരെ നൈറ്റ് വാക്ക്,  പയ്യാമ്പലം ബീച്ച് നടത്തം എന്നിവയും സംഘടിപ്പിക്കും.

 

എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍; രജിസ്‌ട്രേഷന്‍ ആരംഭിച്ചു
കോഴിക്കോട് നോര്‍ക്ക റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ നടത്തിക്കൊണ്ടിരിക്കുന്ന എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍ പൊതുജന സൗകര്യാര്‍ഥം മാര്‍ച്ച്  24ന് രാവിലെ ഒമ്പത് മുതല്‍ 12.30 വരെ  ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ്  ഹാളില്‍ നടത്തും. അറ്റസ്റ്റേഷന് വരുന്നവര്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പ്രിന്റുമായി എത്തണം.  അപേക്ഷയില്‍ ഓഫീസ് കണ്ണൂര്‍ എന്നും  തീയ്യതി 24/03/2020 എന്നും ആയിരിക്കണം. (സൈറ്റ് അഡ്രസ്സ് :-(202.88.244.146:8084/norka/  അല്ലെങ്കില്‍ norkaroots.org ല്‍ Certificate Attestation)
        ആ ദിവസം കോഴിക്കോട് നോര്‍ക്ക റൂട്ട്‌സിന്റെ  അറ്റസ്റ്റേഷന്‍ സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല.  ഫോണ്‍: 04972765310, 04952304885.

 

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
ജില്ലാ ലേബര്‍ ഓഫീസ് മുഖേന കേരള മരംകയറ്റ തൊഴിലാളി അവശതാ പെന്‍ഷന്‍ കൈപ്പറ്റുന്ന പെന്‍ഷന്‍ ഗുണഭോക്താക്കള്‍ തുടര്‍ന്നുളള പെന്‍ഷന്‍ അനുവദിക്കുന്നതിനായി മാര്‍ച്ച് 31-നകം ജില്ലാ ലേബര്‍ ഓഫീസില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്  ഹാജരാക്കേണ്ടതാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

 

ലോകായുക്ത സിറ്റിംഗ്
കേരള ലോകായുക്ത സിറ്റിംഗ് മാര്‍ച്ച് 23 ന് കണ്ണൂര്‍ ടൗണ്‍ കോ ഓപ്പറേറ്റീവ് കോണ്‍ഫറന്‍സ് ഹാള്‍, 24, 25 തീയതികളില്‍ തലശ്ശേരി പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളില്‍ നടക്കും.

 

താലൂക്ക് വികസന സമിതി യോഗം
കണ്ണൂര്‍ താലൂക്ക് വികസന സമിതി യോഗം മാര്‍ച്ച് ഏഴ് ശനിയാഴ്ച രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.  താലൂക്ക് പരിധിയിലെ മുഴുവന്‍ ഗ്രാമ/ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരും ജില്ലാ പഞ്ചായത്ത് അംഗങ്ങളും വികസന സമിതി അംഗങ്ങളും താലൂക്ക്തല ഓഫീസ് തലവന്‍മാരും പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

 

ഫോറസ്റ്റ് ഡ്രൈവര്‍; കായിക ക്ഷമതാ പരീക്ഷ 12 ന്
വനം വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍(120/2017) തസ്തികയുടെ തെരഞ്ഞെടുപ്പിനായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികളുടെ ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും മാര്‍ച്ച് 12 ന് രാവിലെ ആറ് മണി മുതല്‍ കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടത്തും.  ഉദ്യോഗാര്‍ഥികള്‍ക്ക് ഇതു സംബന്ധിച്ച് എസ് എം എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ അയച്ചിട്ടുണ്ട്.  അഡ്മിഷന്‍ ടിക്കറ്റ് ഉദ്യോഗാര്‍ഥികള്‍ അവരുടെ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കേണ്ടതാണ്. അഡ്മിഷന്‍ ടിക്കറ്റ്, അസ്സല്‍ ഡ്രൈവിംഗ് ലൈസന്‍സ്, കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലുമൊരു തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം അന്നേ ദിവസം രാവിലെ ആറ് മണിക്ക് ഉദ്യോഗാര്‍ഥികള്‍ ഹാജരാകണം.

 

ഫര്‍ണ്ണിച്ചര്‍ ലേലം
ജില്ലാ മെഡിക്കല്‍ ഓഫീസിലെ (ആരോഗ്യം) ഉപയോഗശൂന്യമായ ഫര്‍ണ്ണിച്ചറുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും മാര്‍ച്ച് 13 ന് 2.30 ന് ഓഫീസില്‍ ലേലം ചെയ്യും.
ജില്ലാ എഫ് ഡബ്ല്യു സ്റ്റോര്‍, ജില്ലാ കോള്‍ഡ് ചെയ്ന്‍ വര്‍ക്ക് ഷോപ്പ് എന്നിവിടങ്ങളിലെ ഉപയോഗശൂന്യമായ ഉപകരണങ്ങള്‍ മാര്‍ച്ച് 13 ന് രാവിലെ 11 മണിക്ക് ജില്ലാവാക്‌സിന്‍ സ്റ്റോറില്‍ ലേലം ചെയ്യും.  ഫോണ്‍: 0497 2700194.

 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
പന്ന്യന്നൂര്‍ ഗവ.ഐ ടി ഐ യിലെ എം എം വി ട്രേഡില്‍  ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രകറെ നിയമിക്കുന്നു.    പ്രസ്തുത വിഷയത്തില്‍ എഞ്ചിനീയറിങ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും  അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍ ടി സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.  നിശ്ചിത യോഗ്യതയുള്ളവര്‍ മാര്‍ച്ച് ഒമ്പതിന് രാവിലെ 11 മണിക്ക് ഐ ടി ഐ യില്‍ നടത്തുന്ന കൂടിക്കാഴ്ചക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

 

പരാതി സമര്‍പ്പിക്കാം
തോട്ടട ഇ എസ് ഐ ആശുപത്രിയില്‍ മാര്‍ച്ച് 12 ന് രണ്ട് മണിക്ക് നടക്കുന്ന പരാതി പരിഹാര സെല്‍ യോഗത്തില്‍ ഇ എസ് ഐ ഗുണഭോക്താക്കള്‍ക്ക് നേരിട്ടോ അല്ലാതെയോ യോഗത്തിന് മുമ്പ് ആശുപത്രി സൂപ്രണ്ടിന് പരാതി സമര്‍പ്പിക്കാവുന്നതാണെന്ന് സൂപ്രണ്ട് അറിയിച്ചു.

 

 

date