പക്ഷിപ്പനി പ്രതിരോധം: ഇതു വരെ നശിപ്പിച്ചത് 2425 വളര്‍ത്തു പക്ഷികളെ
പക്ഷിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി പരപ്പനങ്ങാടി പാലത്തിങ്ങലിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മാര്‍ച്ച് 16 വരെ നശിപ്പിച്ചത് കോഴികള്‍ ഉള്‍പ്പെടെ 2425 വളര്‍ത്തു പക്ഷികളെ. 763 മുട്ടകളും 47.5 കിലോ തീറ്റയും നശിപ്പിച്ചു. പ്രവര്‍ത്തനം തുടങ്ങിയ മാര്‍ച്ച് 14 ന് 528 എണ്ണത്തെയാണ് നശിപ്പിച്ചത്. ഇതേ ദിവസം 332 മുട്ടകളും 13.5 കിലോ തീറ്റയുമാണ് അഗ്‌നിക്കിരയാക്കിയത്. രണ്ടാം ദിനമായ മാര്‍ച്ച് 15ന് 899 എണ്ണത്തെയും കൊന്നു. 167 മുട്ടകളും 14 കിലോ തീറ്റയും മാര്‍ച്ച് 16ന് കോഴികളും പക്ഷികളും അടക്കം 998 എണ്ണത്തിനെയും നശിപ്പിച്ചു. ഇതേ ദിവസം 264 മുട്ടകളും 20 കിലോ തീറ്റയുമാണ് തീയിട്ട് നശിപ്പിച്ചത്.
പരപ്പനങ്ങാടി നഗരസഭയിലെ 15, 16, 17, 18, 19, 20 ഡിവിഷനുകളിലും തിരൂരങ്ങാടി നഗരസഭാ പരിധിയില്‍ വരുന്ന മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ ചുഴലി, നന്നമ്പ്രയിലെ കൊടിഞ്ഞി എന്നിവിടങ്ങളില്‍ നിന്നുമാണ് കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഇത്രയും പക്ഷികളെ കൊന്നത്. ഇനിയുള്ള ദിവസങ്ങളില്‍ ബാക്കിയുള്ള കോഴികളെയും വളര്‍ത്തു പക്ഷികളെയും കണ്ടെത്തി നശിപ്പിക്കും. അണുനാശിനി ഉപയോഗിച്ച് ഫാമുകളും കൂടുകളും ശുചീകരിക്കും.
മാര്‍ച്ച് 20ന് കേന്ദ്ര സര്‍ക്കാറിലേക്ക് സാനിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു. തുടര്‍ന്നുള്ള മൂന്ന് മാസക്കാലയളവില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തിന് പത്ത് കിലോമീറ്റര്‍ പരിധിക്കുളളില്‍ 15 ദിവസം കൂടുമ്പോള്‍ റാന്‍ഡം സാബ്ലിങ് നടത്തി ഭോപ്പാലിലെ ലാബില്‍ പരിശോധനയ്ക്ക് അയയ്ക്കും.ഇതിനിടെ ഒരു മാസം കഴിഞ്ഞ് അവലോകന യോഗം ചേരും. അടുത്ത മാസവും നടപടികള്‍ അവലോകനം ചെയ്യും. പരിശോധന ഫലം നെഗറ്റീവായാല്‍ കേന്ദ്ര സര്‍ക്കാര്‍ രോഗവിമുക്ത സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇത്രയും പ്രക്രിയകള്‍ പൂര്‍ത്തിയായാല്‍ മാത്രമേ ദൗത്യം അവസാനിപ്പിക്കാനാകൂ. ഇക്കാലയളവിലെല്ലാം ഉദ്യോഗസ്ഥര്‍ മ്യഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എം കെ പ്രസാദിന് ദൈനംദിന പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
- Log in to post comments