34 കോടിയുടെ വികസന പദ്ധതിയുമായി ഉള്ളിയേരി ഗ്രാമപഞ്ചായത്ത്
ഉള്ളിയേരി ഗ്രാമപഞ്ചായത്ത് സമഗ്ര വികസനം ലക്ഷ്യമാക്കി 2020- 21 വര്‍ഷത്തില്‍ 34 കോടിയുടെ വികസന പദ്ധതികള്‍ നടപ്പാക്കും. പട്ടികജാതി വികസനം, ഭവന നിര്‍മ്മാണം, കുടിവെള്ളം, ശുചിത്വം, കാര്‍ഷിക വികസന പദ്ധതികള്‍ എന്നിവയ്ക്ക് മുഖ്യ പരിഗണന നല്‍കും. പട്ടികജാതി വിഭാഗത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി കൊണ്ടുള്ള പദ്ധതികള്‍ക്ക് 50 ലക്ഷം രൂപയും വീടില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും ലൈഫ് പദ്ധതിയില്‍ വീട് നിര്‍മ്മിക്കാന്‍ 74.82 ലക്ഷവും കുടിവെള്ള പദ്ധതികള്‍ക്കായി 50 ലക്ഷം രൂപയും വകയിരുത്തി. കാര്‍ഷികമേഖലയുടെ വീണ്ടെടുപ്പിനായി കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ 20.47 ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും. തരിശായി കിടക്കുന്ന 100 ഏക്കറില്‍ ഈ വര്‍ഷം നെല്‍കൃഷിയും പച്ചക്കറി കൃഷിയും ഉല്പാദിപ്പിക്കും. തൊഴിലുറപ്പ് പദ്ധതിയില്‍ 15 കോടി രൂപ വകയിരുത്തി. കുളം നവീകരണം, കിണര്‍ റീചാര്‍ജിങ്, കിണര്‍ നിര്‍മ്മാണം, ഭവനനിര്‍മ്മാണം, കക്കൂസ് നിര്‍മ്മാണം, തൊഴുത്ത്, കോഴിക്കൂട്, ആട്ടിന്‍ കൂട്, കനാല്‍ നവീകരണം, പ്രാദേശിക റോഡുകള്‍ തുടങ്ങിയ പ്രവൃത്തികള്‍ ഏറ്റെടുക്കും.
മൃഗസംരക്ഷണം, ക്ഷീരവികസനം എന്നിവയ്ക്കായി 32.6 ലക്ഷം രൂപ വകയിരുത്തി. വിവിധ ക്ഷേമപെന്‍ഷനുകള്‍ക്കായി 9.55 കോടി രൂപ, വയോജനങ്ങള്‍ക്കായി 11.55 ലക്ഷം, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി 13.4 ലക്ഷം, ഭിന്നശേഷി കുട്ടികളുടെ സ്കോളര്‍ഷിപ്പിനായി 9.4 ലക്ഷം, അങ്കണവാടി കുരുന്നുകളുടെ പോഷകാഹാരത്തിന് 30 ലക്ഷം, ബഡ്സ് സ്കൂള്‍ സ്ഥാപിക്കുന്നതിനായി 15 ലക്ഷം, വിദ്യാഭ്യാസ മേഖലയ്ക്കായി 50 ലക്ഷം, നിര്‍മ്മലം ഉര്‍വരം- എന്റെ ഉള്ളിയേരി പദ്ധതിക്ക് 50 ലക്ഷം രൂപയും വകയിരുത്തി. യു-ക്യാന്‍, ഉര്‍വ്വരം, സോദരി, സ്നേഹനാണയം തുടങ്ങിയ പഞ്ചായത്ത് തനതു പദ്ധതികള്‍ കാര്യക്ഷമമാക്കി നടപ്പിലാക്കും.
ആരോഗ്യമേഖലയുടെ വികസനത്തിനായി 15 ലക്ഷം രൂപയും വകയിരുത്തി. മാതാംതോടിന്റെ നീരൊഴുക്ക് സുഗമമാക്കാന്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. ഉള്ളിയേരി കമ്മ്യൂണിറ്റി ഹാള്‍ പുതുക്കിപ്പണിയുന്നതിന് ഒരു കോടി രൂപയും പശ്ചാത്തല മേഖലയില്‍ 1.80 കോടി രൂപയും വകയിരുത്തി. വിശപ്പുരഹിത കേരളം പദ്ധതിയില്‍ ഭക്ഷണശാലയും പ്രധാന കേന്ദ്രങ്ങളില്‍ ടോയ്ലറ്റുകളും ആരംഭിക്കും.
പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡണ്ട് ചന്ദ്രിക പൂമംത്തില്‍ അവതരിപ്പിച്ചു. പ്രസിഡണ്ട് ഷാജു ചെറുക്കാവില്‍ അധ്യക്ഷനായി. സ്ഥിരം സമിതി അംഗങ്ങളായ പി ഷാജി, ബിന്ദു കളരിയുള്ളതില്‍, സികെ രാമന്‍കുട്ടി, മെമ്പര്‍മാരായ അനീഷ് എം സി, സന്തോഷ് പുതുക്കേമ്പുറം, സെക്രട്ടറി എം സവിത എന്നിവര്‍ സംസാരിച്ചു.
- Log in to post comments