ലാബില്‍ നിന്ന് സാനിറ്റൈസര്‍, ബ്രേക്ക് ദ ചെയിന്‍ കാമ്പയിനില്‍ പുറപ്പുഴ ഗവ. പോളിടെക്നിക്ക്
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നടത്തുന്ന ബ്രേക്ക് ദ കാമ്പയിന്‍ പരിപാടിയില്‍ പങ്കാളികളായി പുറപ്പുഴ ഗവ. പോളിടെക്നിക് കോളേജും. സ്വന്തം കെമിസ്ട്രി ലാബില്‍ സാനിറ്റൈസര്‍ തയാറാക്കിയാണ് വ്യത്യസ്ത രീതിയില്‍ പങ്കാളികളായത്. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ചടങ്ങില്‍ റോഷി അഗസ്റ്റിന്‍ എം എല്‍ എ നൂറ് ബോട്ടില്‍ സാനിറ്റൈസര്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശനെ ഏല്‍പ്പിച്ചു. പ്രതിസന്ധി ഘട്ടത്തില്‍ മറ്റുള്ളവര്‍ക്ക് മാതൃക പകരുന്ന നടപടിയിലൂടെ പുറപ്പുഴ പോളിടെക്നിക് കോവിഡിനെ അകറ്റുന്നതിനുള്ള യത്നത്തില്‍ പങ്കാളിയായിരിക്കുകയാണെന്ന് റോഷി അഗസ്റ്റിന്‍ എം എല്‍ എ പറഞ്ഞു. ഇതിനു നേതൃത്വം നല്‍കിയ അധ്യാപകരെയും ജീവനക്കാരെയും എം എല്‍ എ അഭിനന്ദിച്ചു. ഡി. എം ഒ ഡോ. എന്‍. പ്രിയ, ഡോ. സുരേഷ് തുടങ്ങിയവരും പോളിടെക്നിക്ക് പ്രതിനിധികളും പങ്കെടുത്തു.
കെമിസ്ട്രി അസി. പ്രൊഫ. എബി കെ. ജോസിന്റെ നേതൃത്വത്തിലാണ് സ്വന്തമായി സാനിറ്റൈസര്‍ നിര്‍മിക്കാനുള്ള യത്നം ആരംഭിച്ചത്. മറ്റ് അധ്യാപകരായ കെ. ഷിജു, എം എസ് അതുല്‍, ജോസ് വി. ഫ്രാന്‍സിസ് എന്നിവരും അമ്പതോളം ജീവനക്കാരും പിന്തുണയുമായി രംഗത്തിറങ്ങി. നിശ്ചിത അനുപാതത്തില്‍ ഐസോപ്രൊപ്പലൈന്‍ ആല്‍ക്കഹോള്‍, ഹൈഡ്രജന്‍ പെറോക്സൈഡ്, ഗ്ളിസറോള്‍ എന്നിവയും വെള്ളവും ചേര്‍ത്താണ് സാനിറ്റൈസര്‍ തയാറാക്കിയത്. സൗജന്യമായി വിതരണത്തിനായാണ് ഇവര്‍ സാനിറ്റൈസര്‍ തയാറാക്കുന്നത്. ആരോഗ്യവകുപ്പുമായി ചേര്‍ന്ന് കൂടുതല്‍ സാനിറ്റൈസര്‍ ഉദ്പാദിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പുറപ്പുഴ പോളിടെക്നി്ക് കോളേജ്.
- Log in to post comments