Skip to main content

ജില്ലകളുടെ സമഗ്ര വികസനത്തിനായി ജില്ലാ പദ്ധതികള്‍ യാഥാര്‍ഥ്യത്തിലേക്ക്

 

ജില്ലയുടെ സമഗ്ര വികസനം വിഭാവനം ചെയ്യുന്ന ജില്ലാ പദ്ധതികള്‍ യാഥാര്‍ഥ്യമാകുന്നു. ജില്ലയുടെ മൊത്തത്തിലുള്ള വികസനസാധ്യതകളും പ്രശ്‌നങ്ങളും മനസിലാക്കി അതിനനുസരിച്ച് പദ്ധതി തയാറാക്കി സമഗ്രമായ തുടര്‍പദ്ധതികള്‍ക്ക് ഇതിലൂടെ സാധിക്കും. 

സമന്വയവും ഏകോപനവും ഉറപ്പാക്കി വികസനം നടപ്പാക്കാനും പ്രശ്‌നങ്ങള്‍ സംയുക്തമായി പരിഹരിക്കാനുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്താനും ഇതുവഴി കഴിയും. തദ്ദേശസ്ഥാപനങ്ങള്‍ തയാറാക്കുന്ന പദ്ധതികള്‍ സംയോജിപ്പിച്ച് ജില്ലാ ആസൂത്രണ സമിതി ജില്ലയ്ക്ക് വേണ്ടി തയാറാക്കുന്ന കരട് വികസന പദ്ധതിയാണിത്.  ആദ്യമായാണ് ഇത്തരത്തില്‍ ജില്ലാതല പദ്ധതി തയാറാക്കുന്നത്. 14 ജില്ലകളിലും ഇത്തരത്തില്‍ തയാറാക്കിയ കരട് പദ്ധതിയാണ് സംസ്ഥാനതല അംഗീകാരത്തിനായി ജില്ലാ കളക്ടര്‍മാര്‍ പദ്ധതി വിലയിരുത്തല്‍ ശില്‍പശാലയില്‍ അവതരിപ്പിക്കുന്നത്.

ജില്ലയില്‍ വിവിധ ഏജന്‍സികളും തദ്ദേശസ്ഥാപനങ്ങളും വഴി നടപ്പാക്കുന്ന 18,000 ഓളം പദ്ധതികള്‍ ഏകോപിപ്പിക്കാനും ജില്ലയുടെ പൊതു വികസനത്തിന് സമഗ്ര പരിപ്രേക്ഷ്യം രൂപീകരിക്കാനും ജില്ലാ പദ്ധതികളുടെ കഴിയും.

ആസൂത്രണ സമിതികളുടെ നേതൃത്വത്തില്‍ പരമാവധി പങ്കാളിത്തത്തോടെ ജില്ലാ പദ്ധതി തയാറാക്കിയിരിക്കുന്നത്. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചും വിവിധതലങ്ങളില്‍ ചര്‍ച്ച സംഘടിപ്പിച്ചുമാണ് പദ്ധതി അന്തിമമാക്കുന്നത്. 

രണ്ടുഭാഗങ്ങളാണ് ജില്ലാ പദ്ധതിക്ക് ഉണ്ടാകുക. ജില്ലയുടെ വികസനം സംബന്ധിച്ച വിശാല കാഴ്ചപ്പാട് വ്യക്തമാക്കുന്ന ജില്ലാ വികസന പരിപ്രേക്ഷ്യം ആദ്യഭാഗമായും, കേന്ദ്ര-സംസ്ഥാന വകുപ്പുകള്‍ ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതികളും തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയും വിശകലനം ചെയ്ത് ഭാവിയില്‍ പദ്ധതികള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ രണ്ടാം ഭാഗമായും ഉണ്ടാകും.

ഉപസമിതികള്‍ രൂപീകരിച്ചും, ജില്ലാതല കൂടിയാലോചനാ യോഗം ചേര്‍ന്നുമാണ് കരട് പദ്ധതി തയാറാക്കിയത്.  ജില്ലകളില്‍ ഈ പദ്ധതി സംബന്ധിച്ച് അഭിപ്രായ രൂപീകരണം നടത്തിയിരുന്നു. ഇതിനുശേഷം ജില്ലാ വികസന സെമിനാര്‍ സംഘടിപ്പിച്ച് വിശദ ചര്‍ച്ചയ്ക്ക് വിധേയമാക്കിയാണ് സര്‍ക്കാര്‍ അംഗീകാരത്തിന് സമര്‍പ്പിക്കുന്നത്. സംസ്ഥാന വികസന കൗണ്‍സില്‍ കൂടി ഈ പദ്ധതികള്‍ അംഗീകരിക്കുന്നതോടെ ജില്ലാ പദ്ധതികള്‍ പ്രവൃത്തിപഥത്തിലേക്ക് നീങ്ങും.

ജില്ലാ പദ്ധതിയിലെ ജില്ലാ വികസന പരിപ്രേക്ഷ്യവും മാര്‍ഗനിര്‍ദേശങ്ങളും പരിഗണിച്ചാണ് തദ്ദേശസ്ഥാപനങ്ങള്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പദ്ധതികള്‍ തയാറാക്കി നടപ്പാക്കേണ്ടത്. ജില്ലാ പദ്ധതിയുടെ രണ്ടാംഭാഗം എല്ലാ വര്‍ഷവും പുതുക്കും. പദ്ധതി നിരീക്ഷിച്ച് മെച്ചപ്പെടുത്തുന്നതിനും സംസ്ഥാനതലത്തിലും ജില്ലാതലത്തിലും മോണിറ്ററിംഗ് കമ്മിറ്റികള്‍ ഉണ്ടാകും. ജില്ലാ പദ്ധതികളുടെ ഗുണനിലവാരം വരുംവര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മെച്ചപ്പെടുത്തും.

പി.എന്‍.എക്‌സ്.543/18

 

 

date