Skip to main content

അതിഥി തൊഴിലാളികൾക്കുള്ള സൗജന്യ ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിന് ഉത്തരവായി

കാക്കനാട്: കോവിഡ് 19 സാമൂഹ്യ വ്യാപനം തടയുന്നതിനായി ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ വിവിധ ക്യാമ്പുകളിലായി തൊഴിൽ നഷ്ടപ്പെട്ട കഴിയുന്ന അതിഥി തൊഴിലാളികൾക്ക് സൗജന്യ ഭക്ഷണ സാമഗ്രികൾ വിതരണം ചെയ്യുന്നതിന് ഉത്തരവായി. ഒരു തൊഴിലാളിക്ക് ഒരു ദിവസത്തേക്ക് പരമാവധി 60 രൂപയും ആശ്രയത്തിൽ ഉള്ള ഒരു കുട്ടിക്ക് 45 രൂപ വീതം എന്ന ക്രമത്തിലാണ് ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്നത്. അതത് താലൂക്ക് തഹസിൽദാർമാർക്കാണ് വിതരണച്ചുമതല. ഇതിനായുള്ള ഭക്ഷ്യവസ്തുക്കൾ സംഭരിക്കുന്നതിനും അവ വിതരണം ചെയ്യുന്നതിനും താലൂക്ക് സപ്ലൈ ഓഫീസർമാരും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും തഹസിൽദാർക്ക് ആവശ്യമായ സഹായം ചെയ്യേണ്ടതാണ്.

അരി, ആട്ട, പരിപ്പ്, ഉരുളക്കിഴങ്ങ്, സവാള, ഭക്ഷ്യഎണ്ണ തുടങ്ങി ഭക്ഷണത്തിന് ആവശ്യമുള്ള മറ്റു പച്ചക്കറികൾ എന്നിവയാണ് വിതരണം ചെയ്യുന്നത്. ഓരോ ക്യാമ്പിലുമുള്ള തൊഴിലാളികളുടെ ഭക്ഷണശീലം അനുസരിച്ച് ആവശ്യമായ ഭേദഗതി ഇതിൽ വരുത്താവുന്നതാണ്. ഈ ഭക്ഷ്യവസ്തുക്കളിൽ സർക്കാർ പൊതവിതരണ സംവിധാനങ്ങളിലെ ലഭ്യതയനുസരിച്ച് താലൂക്ക് സപ്ലൈ ഓഫീസർ തഹസിൽദാർക്ക് ആവശ്യപ്പെടുന്ന മുറയ്ക്ക് നൽകേണ്ടതാണ്. പൊതുവിതരണ സംവിധാനം വഴി ലഭ്യമല്ലാത്ത ഭക്ഷ്യവസ്തുക്കൾ തഹസിൽദാർക്ക് പൊതുവിപണിയിൽ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്. സർക്കാർ പൊതുവിതരണ കേന്ദ്രങ്ങളിൽ നിന്ന് വിതരണത്തിനായി നൽകിയിട്ടുള്ള ഭക്ഷ്യവസ്തുക്കളുടെ ബില്ല് താലൂക്ക് സപ്ലൈ ഓഫീസർ തഹസിൽദാർക്ക് സമർപ്പിക്കണം. ചിലവാകുന്ന തുക സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും വിനിയോഗിക്കുന്നതിന് തഹസിൽദാർക്ക് അനുമതിയുണ്ട്. ഇതിന് ആവശ്യമായ തുക ദുരന്ത പ്രതികരണ നിധിയിൽ നിന്നും തഹസിൽദാർക്ക് നൽകുന്നതാണ്. 

നിലവിൽ കരാറുകാരൻ തൊഴിലാളികൾക്ക് കൊടുക്കുന്ന ഭക്ഷ്യ സംവിധാനം അതേ രീതിയിൽ തുടരേണ്ടതാണ്. അല്ലാത്ത സാഹചര്യങ്ങളിൽ നിലവിൽ കമ്യൂണിറ്റി കിച്ചണിൽ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടന്നു വരുന്ന ഭക്ഷ്യ വിതരണം വഴി ഭക്ഷണം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതുമാണ്. ഇത്തരത്തിൽ കമ്മ്യൂണിറ്റി കിച്ചണുകൾ വഴി ഭക്ഷണം ലഭ്യമാകേണ്ട അതിഥി തൊഴിലാളികളുടെ പട്ടിക ലേബർ ഓഫീസർ തയ്യാറാക്കി തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികൾക്ക് നൽകണം. ഇപ്രകാരം വിതരണം ചെയ്യുന്ന ഭക്ഷണത്തിന് പ്രായപൂർത്തിയായവർക്ക് ഒരു ദിവസത്തേക്ക് 60 രൂപ നിരക്കിലും പ്രായപൂർത്തിയാകാത്തവർക്ക് 45 രൂപ നിരക്കിലും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും അതത് തദ്ദേശ സ്ഥാപനങ്ങൾക്ക് പിന്നീട് നൽകുന്നതാണ്. ഇതിന് സാധിക്കാത്ത സന്ദർഭങ്ങളിൽ കരാറുകാരൻ അല്ലെങ്കിൽ കെട്ടിട ഉടമയുടെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ച് പാചകത്തിനുള്ള സൗകര്യം നൽകേണ്ടതും ഓരോ സ്ഥലത്തെയും ആവശ്യങ്ങൾക്കനുസരിച്ച് ലേബർ ഓഫീസർ സമർപ്പിക്കുന്ന ലിസ്റ്റിൻ്റെ അടിസ്ഥാനത്തിൽ ആവശ്യമായ ധാന്യങ്ങളും മറ്റു പച്ചക്കറികളും പൊതുവിതരണ സംവിധാനത്തിൽ നിന്നും തഹസിൽദാരുടെ നിർദേശ പ്രകാരം താലൂക്ക് സപ്ലൈ ഓഫീസർ ലഭ്യമാക്കേണ്ടതുമാണ്. ലഭ്യമാകാത്ത ഭക്ഷ്യ വസ്തുക്കൾ മാത്രം പൊതുവിപണിയിൽ നിന്നും വാങ്ങി മുകളിൽ പറഞ്ഞിരിക്കുന്ന നിരക്കിൽ നിജപ്പെടുത്തി കെട്ടിട ഉടമ അല്ലെങ്കിൽ കരാറുകാരന് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.

ഇത് ഒരു കാരണവശാലും സാധിക്കാത്ത സാഹചര്യങ്ങളിൽ മാത്രം തഹസിൽദാർ പ്രത്യേകമായി ലേബർ ഓഫീസർ നൽകുന്ന ലിസ്റ്റിൽ നിന്നും അർഹരായവർക്ക് മുകളിൽ പറഞ്ഞിരിക്കുന്ന രീതിയിൽ പ്രത്യേകമായി ക്യാമ്പ് സംഘടിപ്പിച്ചു ഭക്ഷണവിതരണം നടത്തേണ്ടതാണ്.  ലിസ്റ്റ് തയ്യാറാക്കേണ്ട പൂർണ്ണ ചുമതല ലേബർ ഓഫീസറുടെതാണ്. 

ഇത്തരത്തിൽ ജില്ലയിലെ എല്ലാ അതിഥി തൊഴിലാളികൾക്കും മതിയായ സംരക്ഷണവും ഭക്ഷണവും അതത് താലൂക്കിലെ ചാർജ് ഓഫീസർമാർ ഉറപ്പു വരുത്തേണ്ടതും മേൽനോട്ടം വഹിക്കേണ്ടതും അതാത് ദിവസങ്ങളിൽ ചാർജ് ഓഫീസർമാർ ജില്ലാ കളക്ടർക്ക് വൈകീട്ട് 5 മണിക്ക് മുൻപായി റിപ്പോർട്ട് ചെയ്യേണ്ടതുമാണ്. കൂടാതെ ഇൻസിഡൻ്റ് കമാൻഡർമാരായ സബ്കളക്ടർ ഫോർട്ട് കൊച്ചിയും മൂവാറ്റുപുഴ ആർഡിഒ യും തങ്ങളുടെ അധികാര പരിധിയിൽ വരുന്ന സബ് ഡിവിഷനുകളിൽ പെട്ട അതിഥി തൊഴിലാളികൾക്ക് കൃത്യമായ ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതും ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടെങ്കിൽ അവയ്ക്ക് അപ്പോൾ തന്നെ പരിഹാരം കാണേണ്ടതുമാണ്.

date