Skip to main content

ഔദ്യോഗിക ഭാഷാവാരാഘോഷം സമാപിച്ചു

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഔദ്യോഗിക ഭാഷാവാരാഘോഷം സമാപിച്ചു. ചാലക്കുടി ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ നടന്ന സമാപന സമ്മേളനം ബി.ഡി.ദേവസ്സി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഭാഷയെ സ്‌നേഹിക്കാനുളള മനസ്സ് മലയാളികള്‍ക്കുണ്ടാകണമെന്ന് ബി.ഡി.ദേവസ്സി എം.എല്‍.എ പറഞ്ഞു. ഭാഷാഭിമാനമാണ് ഒരു നാടിന്റെ കരുത്തെന്നും അത് കൊണ്ടാണ് മലയാളം ഔദ്യോഗിക ഭാഷയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.  നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷാപരമേശ്വരന്‍ അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രിന്‍സിപ്പാള്‍ ലളിതകുമാരി ആമുഖഭാഷണം നടത്തി. തുടര്‍ന്ന് മലയാള ഭാഷ : പുതിയ കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു.  മാതൃഭാഷയിലാണ് മനസ് രൂപീകരിക്കപ്പെടുന്നതെന്നും രാജ്യപുരോഗതിക്ക് മാതൃഭാഷയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രദായം ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും സെമിനാറില്‍ സംസാരിച്ച പ്രമുഖ കഥാകൃത്ത് വല്‍സലന്‍ വാതുശ്ശേരി പറഞ്ഞു. സര്‍ഗ്ഗാത്മകതയും ചിന്തകളും ഒക്കെ രൂപപ്പെടുന്നത് മാതൃഭാഷയിലാണ്. വിദ്യാഭ്യാസം മാതൃഭാഷയിലല്ലാത്തത് കൊണ്ട് പാതിവഴിയില്‍ പഠിപ്പ് അവസാനിപ്പിക്കേണ്ടിവരുന്ന ആയിരകണക്കിന് പ്രതിഭാശാലികളെയാണ് രാജ്യത്തിന് നഷ്ടമാകുന്നത്. ഒരു രാജ്യത്തിന്റെ ആത്യന്തികമായ പുരോഗതിയെന്നത് ആ നാടിന്റെ മാതൃഭാഷയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളാണ.് ഉപരിപഠനം മാതൃഭാഷയില്‍ നടക്കുന്ന നാടുകളിലാണ് പുതിയ കണ്ടുപിടുത്തങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും ഉണ്ടാകുന്നതെന്ന് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്  വല്‍സലന്‍ വാതുശ്ശേരി പറഞ്ഞു.

    മലയാളിയുടെ ജീവിത പ്രതിസന്ധിയാണ് ഭാഷയില്‍ പ്രതിഫലിക്കുന്നതെന്നും ജീവിത പ്രതിസന്ധി പരിഹരിക്കാനുളള സമരത്തോട് ഭാഷാഭിമാനത്തെ കണ്ണിചേര്‍ക്കേണ്ടതുണ്ടെന്നും പ്രമുഖ കവി കെ.ആര്‍.ടോണി പറഞ്ഞു. ഏത് ഒരു മനുഷ്യനേയും സത്യസന്ധമായി ആവിഷ്‌ക്കരിക്കാന്‍ മാതൃഭാഷയിലൂടെ മാത്രമേ സാധ്യമാവുകയുളളൂ. ഉല്‍പാദന വ്യവസായിക മേഖലകളില്‍ ആശ്രിതസംസ്ഥാനമായ കേരളത്തില്‍ തൊഴിലന്വേഷകരാണ് കൂടുതല്‍. തൊഴില്‍ തേടി അന്യദേശങ്ങളിലേക്ക് പോകേണ്ടി വരുന്ന മലയാളികള്‍ അന്യഭാഷകള്‍ പഠിക്കാന്‍ നിര്‍ബന്ധിതരാവുന്നു. ഇതാണ് ഭാഷയില്‍ പ്രതിഫലിക്കുന്നത്.

സ്വാശ്രയ സമ്പദ്ഘടന സൃഷ്ടിക്കാനായാല്‍ നമ്മുടെ ഭാഷ ശക്തിപ്പെടും. യുവതലമുറയിലാണ് ഭാഷയുടെ ഭാവി. കെ.ആര്‍.ടോണി വ്യക്തമാക്കി. ഐ.ടി.ഐ യിലെ വിവിധ മത്സര വിജയികള്‍ക്ക് ബി.ഡി.ദേവസ്സി എം എല്‍എ സമ്മാനം വിതരണം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.ആര്‍.സന്തോഷ്, സ്റ്റാഫ് സെക്രട്ടറി നവീന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആര്‍.ബിജു സ്വാഗതവും എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍ പി.ആര്‍.ഉത്തമന്‍ നന്ദിയും പറഞ്ഞു.
 

date