Skip to main content

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി: ജില്ലയില്‍ ഈ വര്‍ഷം  1,18,885 കുടുംബങ്ങളെ ഉള്‍പ്പെടുത്തും

  കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കി വരുന്ന ആര്‍.എസ്.ബി.വൈ-ചിസ് പദ്ധതിയില്‍ (സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി) ഈ വര്‍ഷം ജില്ലയില്‍  1,18,885 കുടുംബങ്ങള്‍ അംഗമാകും. 37,892 കുടുംബങ്ങളാണ് പുതുതായി പദ്ധതിയിലേക്ക് അംഗമാകുന്നത്. സ്മാര്‍ട് കാര്‍ഡ് പുതുക്കല്‍/എന്റോള്‍മെന്റ് നടപടി ക്രമങ്ങള്‍ ഈ മാസം 17 മുതല്‍ ആരംഭിക്കും.
    ആര്‍.എസ്.ബി.വൈ-ചിസ് പദ്ധതിയുടെ  വിവിധ വകുപ്പു മേധാവികള്‍ ഉള്‍പ്പെട്ട ജില്ലാതല കോര്‍ കമ്മിറ്റി യോഗം പ്രവര്‍ത്തന നടപടികള്‍ അവലോകനം ചെയ്തു. 80,883 കുടുംബങ്ങളുടെ സ്മാര്‍ട് കാര്‍ഡ് വിവിധ പഞ്ചായത്ത് മുനിസിപ്പല്‍ കേന്ദ്രങ്ങളിലൂടെ പുതുക്കി നല്‍കും. അതോടൊപ്പം ഈ വര്‍ഷം പുതുതായി അക്ഷയകേന്ദ്രം വഴി അപേക്ഷിച്ച 14,924 കുടുംബങ്ങള്‍ക്കും, മുന്‍വര്‍ഷങ്ങളില്‍ കാര്‍ഡ് പുതുക്കാന്‍ കഴിയാതിരുന്ന 22,968 കുടുംബങ്ങള്‍ക്കും എന്റോള്‍മെന്റ് കേന്ദ്രങ്ങളിലെത്തി പുതിയ സ്മാര്‍ട് കാര്‍ഡ് എടുക്കാം. 
    ജില്ലയില്‍ 90  എന്റോള്‍മെന്റ്/റിന്യൂവല്‍ യൂണിറ്റുകള്‍ ഏര്‍പ്പെടുത്തും. തൊഴില്‍ വകുപ്പ്, ആരോഗ്യ വകുപ്പ്, ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കുടുംബശ്രീ, ആശാ വര്‍ക്കര്‍മാര്‍, പട്ടികവര്‍ഗവികസനവകുപ്പ് എന്നിവയുമായി സഹകരിച്ചാണ് എന്റോള്‍മെന്റ്/ റിന്യൂവല്‍  നടത്തുന്നത്. ആര്‍.എസ്.ബി.വൈ പദ്ധതി പ്രകാരം 30,000 രൂപയുടെ സൗജന്യ ചികിത്സയും, എസ്ചിസ് പദ്ധതിപ്രകാരം 60 വയസ് പിന്നിട്ട ഓരോരുത്തര്‍ക്കും 30,000 രൂപയുടെ അധിക ചികിത്സയും, മാരകരോഗങ്ങള്‍ക്ക് 70,000 രൂപയുടെ ചിസ്പ്ലസ് അധികചികിത്സാസഹായവും പ്രതിവര്‍ഷം നല്‍കും. പദ്ധതിപ്രകാരം  ജില്ലയിലെ ആശുപത്രികളില്‍ മാത്രം ഈ സാമ്പത്തികവര്‍ഷം ജനുവരി വരെയുള്ള കണക്കനുസരിച്ച്  9167 പേര്‍ 3.78 കോടി രൂപയുടെ ചികിത്സ നേടിയിട്ടുണ്ട്.

    എ.ഡി.എം: എന്‍. ദേവിദാസിന്റെ  അധ്യക്ഷതയില്‍  ചേര്‍ന്ന യോഗത്തില്‍ ചിയാക് ജില്ലാ പ്രൊജക്ട് മാനേജര്‍  എം.സതീശന്‍ ഇരിയ  പ്രവര്‍ത്തനനടപടികള്‍ വിശദീകരിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ എന്‍ഫോഴ്‌സ്‌മെന്റ് എം.കുമാരന്‍ നായര്‍,  ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ.ഇ.മോഹനന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് കെ.ആര്‍.പ്രഭ, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സുരേന്ദ്രന്‍.ടി.ടി, എന്‍,എച്ച്.എം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഗംഗാധരന്‍, അസി.ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.ടി.ജോണ്‍,പട്ടികവര്‍ഗ വികസന വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് കെ.വി.രാഘവന്‍, പ്രമോദ് തുടങ്ങിയവര്‍ പങ്കെടുത്തു. 

 

date