Skip to main content

കോവിഡ് 19 ആശുപത്രിയിലെത്താന്‍ വാഹനം കിട്ടിയില്ല പ്രസന്നദാസിന് മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്നും സഹായം

ഭര്‍ത്താവ് പ്രസന്നദാസിന് ഡയാലിസിസിന് ആശുപത്രിയില്‍ പോകാന്‍ വാഹനം കിട്ടുന്നില്ല; സഹായിക്കണം. സങ്കടത്തിന്റെ ഈ ഫോണ്‍ സന്ദേശം ലഭിച്ചത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍. കൊല്ലത്ത് നിന്നുള്ള സുലോചനയുടെ ആവശ്യത്തിന് പിന്നാലെ ക്ലിഫ് ഹൗസില്‍ നിന്നും  നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലേക്ക് സഹായം എത്തിക്കാനുള്ള നിര്‍ദേശം എത്തി.  തുടര്‍ന്ന് കോസ്റ്റല്‍ പൊലീസ് സംഘം ആംബുലന്‍സുമായി വീട്ടിലെത്തി പ്രസന്നദാസിനെയും ഭാര്യ സുലോചനയേയും കൂട്ടി ജില്ലാ ആശുപത്രിയിലേക്ക്. ഡയാലിസിസ് പൂര്‍ത്തിയാക്കി തിരികെ വീട്ടിലെത്തിക്കുമ്പോള്‍ പൊലീസിന്റെ വക ഉറപ്പ് കൂടി, അടുത്ത ഡയാലിസിസിനും ആംബുലന്‍സ് എത്തും.  
  കൂലിപ്പണിക്കാരനായ മയ്യനാട് വലിയവിള പി എസ് മന്ദിരത്തില്‍ പ്രസന്നദാസിന് ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസ് ചെയ്യണം. സ്വകാര്യ ബസിലാണ് ഇത്രയും നാള്‍ ആശുപത്രിയില്‍ എത്തിയിരുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ ആയതോടെ എത്തിപ്പെടാന്‍ മാര്‍ഗമില്ലാതായി. സുഹൃത്തിന്റെ ബൈക്കില്‍ കയറി ആശുപത്രിയിലെത്തിയെങ്കിലും ഡയാലിസിസ് കഴിഞ്ഞ് മടങ്ങുംവഴി ദേഹാസ്വാസ്ഥ്യം വന്നതോടെ ആ ശ്രമവും ഉപേക്ഷിച്ചു. ഇതേ തുര്‍ന്നാണ് സുഹൃത്തിന്റെ കയ്യില്‍ നിന്നും ലഭിച്ച നമ്പരില്‍ സുലോചന മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചത്.
പിന്നീട്  വളരെ പെട്ടന്നായിരുന്നു നീണ്ടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍ നിന്നും സഹായമെത്തിയത്. സിറ്റി പോലീസ് കമ്മീഷണര്‍ ടി നാരായണനും ഇതിനായി ബന്ധപ്പെട്ടിരുന്നു. നിര്‍ദേശാനുസരണം കോസ്റ്റല്‍ സി ഐ എസ് ഷെരീഫ്,  എസ് ഐ എം.സി.പ്രശാന്തന്‍ എ എസ് ഐ ഡി  ശ്രീകുമാര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ആര്‍ രാജേഷ് എന്നിവരാണ്  ഈ പ്രവര്‍ത്തനം ഏറ്റെടുത്തത്.

 

date