46,701 സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു
ജില്ലയില്‍ അന്ത്യോദയ അന്നയോജന (മഞ്ഞ കാര്‍ഡ്) വിഭാഗത്തില്‍പ്പെട്ട 46,701 റേഷന്‍ കാര്‍ഡുടമകള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തതായി ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസര്‍ കെ.അജിത്കുമാര്‍ അറിയിച്ചു. മൊത്തം 48,382 അന്ത്യോദയ കാര്‍ഡുടമകളാണുള്ളത്.
കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടനുബന്ധിച്ച് ഏപ്രില്‍ 9 മുതലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭക്ഷ്യധാന്യ കിറ്റ് വിതരണം അന്ത്യോദയ അന്നയോജന വിഭാഗക്കാര്‍ക്കായി ആരംഭിച്ചത്.
മണ്ണാര്‍ക്കാട് താലൂക്കിലാണ് ഏറ്റവുമധികം ഭക്ഷ്യധാന്യക്കിറ്റുകള്‍ വിതരണം നടത്തിയത്. ഇവിടെ 15,627 റേഷന്‍ കാര്‍ഡുടമകളാണ് കിറ്റുകള്‍ കൈപ്പറ്റിയത്. ചിറ്റൂരില്‍ 8,762, പാലക്കാട് 6,798, ഒറ്റപ്പാലം 5,489, ആലത്തൂര്‍ 5,019, പട്ടാമ്പി 5,006 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിലെ കണക്കുകള്‍.
വെളിച്ചെണ്ണ, റവ, ചെറുപയര്‍, കടല, ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, സണ്‍ഫ്ലവര്‍ ഓയില്‍, ഉഴുന്ന്, തൂവരപ്പരിപ്പ്, ആട്ട, തേയില, ഉലുവ, പഞ്ചസാര, കടുക്, അലക്കു സോപ്പ് എന്നീ 17 ഇനങ്ങളാണ് കിറ്റിലുള്ളത്. ആദിവാസി മേഖലയിലാണ് കിറ്റുകള്‍ ആദ്യം വിതരണം ചെയ്തത്.
പിങ്ക് കാര്‍ഡുടമകള്‍ക്കുള്ള സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ഏപ്രില്‍ 27 മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസര്‍ അറിയിച്ചു.
ഓരോ താലൂക്കിലും എത്ര റേഷന്‍ കാര്‍ഡുടമകള്‍ ഉണ്ടെന്ന് റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ നല്കിയ റിപ്പോര്‍ട്ടിന് ആനുപാതികമായാണ് കിറ്റുകള്‍ റേഷന്‍ കടകളില്‍ എത്തുന്നത്.
- Log in to post comments